Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Monday, January 31, 2011

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ: ഇന്ത്യാ സന്ദര്‍ശനത്തിന്റെ കാല്‍നൂറ്റാണ്ട്‌

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ:
ഇന്ത്യാ സന്ദര്‍ശനത്തിന്റെ കാല്‍നൂറ്റാണ്ട്‌

Tuesday, January 25, 2011

മകരവിളക്ക്: സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം


തോമസ് മത്തായി കരിക്കംപള്ളില്‍

ബരിമല അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട് പൊന്നമ്പലമേട്ടിലെ മകരവിളക്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേയായി. മകരവിളക്ക് മനുഷ്യനിര്‍മിതമോ അല്ലയോ എന്ന വിഷയത്തിലാണ് ചൂടുപിടിച്ച സംവാദങ്ങള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ തുറന്നുപറയേണ്ടവര്‍ അര്‍ഥഗര്‍ഭമായ മൗനമോ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ അങ്കലാപ്പോ ആണോ പ്രകടിപ്പിക്കുന്നത്.

ലക്ഷക്കണക്കിനു പേര്‍ വര്‍ഷംതോറും എത്തുന്ന ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആക്ഷേപങ്ങളെക്കുറിച്ച് മറുപടി പറയാന്‍ കേരള സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും തികഞ്ഞ ഉത്തരവാദിത്തമുണ്ട്. യാഥാര്‍ഥ്യം വെളിപ്പെടുത്തി അവര്‍ വിശദീകരണം നല്കണം. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ ആചാരത്തിന്റേയും വിശ്വാസത്തിന്റേയും പേരു എടുത്തുകാട്ടി ഉരുണ്ടുകളിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കി അര്‍ഥശങ്കയ്ക്കിട നല്കാത്ത വിധം ഒരു ധവളപത്രം പുറപ്പെടുവിക്കുയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. അല്ലാതെ ഇത്തരം വിഷയങ്ങളില്‍ അനാവശ്യ ചര്‍ച്ചകള്‍ക്കിടനല്കും വിധം വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടത്. അസത്യങ്ങളും അര്‍ധസത്യങ്ങളും നാടാകെ പരത്താന്‍ എന്തിന് അവസരം നല്കണം?

ഒരു പ്രശ്‌നം ഉടലെടുത്താല്‍ അത് എത്രയും വേഗം സൗഹാര്‍ദപരമായി പരിഹരിക്കേണ്ട ജനകീയ സര്‍ക്കാര്‍ വിഷയം കോടതിയില്‍ എത്തുംവരെ കാത്തിരിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. ഒരോ വിഷയത്തിലും നാട്ടുകാരെ പരമാവധി ബുദ്ധിമുട്ടിക്കുകയും പണം ചെലവഴിപ്പിക്കാനുള്ള വഴിയുണ്ടാക്കുന്നതും ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഏതായാലും കോടതിയിലുള്ള വിശ്വാസം പൊതുജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല.

മകരവിളക്കിന്റെ നിജസ്ഥിതി ഔദ്യോഗികമായി അറിയാന്‍ ഒരു പതിറ്റാണ്ടിലേറെയായി മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ചീഫ് സെക്രട്ടറി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടങ്ങിയവര്‍ക്ക് ഞാന്‍ അയച്ചിട്ടുള്ള കത്തുകള്‍ക്ക് ഒന്നിനു പോലും ഒരു മറുപടിയും ലഭ്യമായിട്ടില്ല.

പത്രലേഖകനെന്ന നിലയില്‍ വസ്തുതാപരമായ വാര്‍ത്താലേഖനം തയാറാക്കുന്ന ശ്രമത്തിലായതിനാല്‍ അതിനാവശ്യമായ വിശദമായ വിവരങ്ങള്‍ എത്രയും വേഗം നല്കണമെന്ന അഭ്യര്‍ഥനയായിരുന്നു കത്തുകളില്‍. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറ്റവും അവസാനം 2007 ജനുവരി 25-നായിരുന്നു ഇതുസംബന്ധിച്ച കത്ത് അയച്ചിരുന്നത്. അതിന്റെ പകര്‍പ്പ് ഇ-മെയിലിലും അയച്ചിരുന്നു.

2007 ഫെബ്രുവരി 24-നു മുന്‍പ് വിശദവിവരങ്ങള്‍ രേഖാമൂലം ലഭ്യമായില്ലെങ്കില്‍ വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉന്നയിക്കപ്പെട്ടിട്ടുളളതു പോലെ സര്‍ക്കാറിന്റെ അറിവോടെയും മേല്‍നോട്ടത്തിലുമാണ് മനുഷ്യര്‍ മകരവിളക്ക് രഹസ്യസ്വഭാവത്തില്‍ തെളിയിക്കുന്നതെന്ന നിഗമനത്തില്‍ എത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താലേഖനം തയാറാക്കി പ്രസിദ്ധീകരണത്തിനു നല്കുമെന്നും സൂചിപ്പിച്ചിരുന്നു. മറുപടി ഒന്നും തന്നെ ബന്ധപ്പെട്ട അധികൃതര്‍ നല്കാത്തതിനാല്‍ നാലാം വര്‍ഷത്തില്‍ മറ്റ് എന്താണ് കരുതേണ്ടത്? ഏതായാലും ക്ഷേത്രവും ദേവസ്വവുമായി ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ മകരവിളക്ക് ഒരു അത്ഭുതദൃശ്യമാണെന്നു പറയുന്നില്ല.

അപ്പോഴാണ് മകരവിളക്ക് കാഴ്ചയോടനുബന്ധിച്ച് ഈ വര്‍ഷം ജനുവരി 14-ന് പുല്ലുമേട്ടില്‍ തിക്കിത്തിരക്കില്‍ 102 പേര്‍ മരിച്ച വന്‍ദുരന്തമുണ്ടായത്. വീണ്ടും പത്രമാധ്യമങ്ങളില്‍ മകരവിളക്ക് വിവാദം പൊടിപൊടിക്കുന്നു. എന്നിട്ടും ഒന്നിനേയും ഭയമില്ലാത്ത ഇടതുപക്ഷ സര്‍ക്കാര്‍ മണ്ണില്‍ തലപൂഴ്ത്തിയിരിക്കുന്നു. കാര്യങ്ങള്‍ വ്യക്തമാക്കാതെ.

മകരവിളക്കു സംബന്ധിച്ച എല്ലാ വശങ്ങളും വിശദമാക്കുന്ന ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടരുത്. ധവളപത്രത്തില്‍ വ്യക്തമാക്കേണ്ട പ്രധാനകാര്യങ്ങള്‍ ഇവയാണ്:
  • ശബരിമല പൊന്നമ്പലമേട്ടിലെ മകരവിളക്കിനെ സംബന്ധിച്ച് പൊതുജനങ്ങളുടെയിടയില്‍ വിവിധ സംശയങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും അനേക വര്‍ഷങ്ങളായി നിലനില്ക്കുന്നതിനാല്‍ ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാടും നയവും എന്തെന്ന് വ്യക്തമാക്കുക.
  • മകരസംക്രമ ദിവസം ആകാശത്തു തെളിയുന്നതും ശബരിമലയില്‍ നിന്നാല്‍ ദൃശ്യമാകുന്നതുമായ മകരജ്യോതി എന്ന സിറിയസ് നക്ഷത്രവും പൊന്നമ്പല മേട്ടില്‍ മൂന്നു പ്രാവശ്യം തെളിയുന്ന മകരവിളക്ക് എന്ന വെളിച്ചവും അത്ഭുത സംഭവമെന്ന നിലയില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനാല്‍ സര്‍ക്കാര്‍ അക്കാര്യങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍.
  • പൊന്നമ്പലമേട്ടില്‍ സ്വയമാണ് മകരവിളക്ക് തെളിയുന്നതെന്നുള്ള പ്രചാരണം ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്നും സര്‍ക്കാര്‍ വകുപ്പുകളുടെ അറിവോടെയാണ് വര്‍ഷംതോറും ഒരു ദിവസം വിളക്ക് മൂന്നു പ്രാവശ്യം മനുഷ്യ സഹായത്താല്‍ തെളിയിക്കുന്നതെന്നുമുള്ളതാണ് പ്രധാനമായുള്ള ആരോപണം. ഇത് വസ്തുതാപരമായി എത്രമാത്രം ശരിയാണ്.
  • മനുഷ്യനിര്‍മിതമാണെങ്കില്‍ ഏതു വര്‍ഷം മുതലാണ് മകരവിളക്ക് മനുഷ്യനിര്‍മിതമായി തെളിയിച്ചു തുടങ്ങിയത്.
  • വനം, പോലീസ്, വൈദ്യുതി, റവന്യൂ, ദേവസ്വം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ സഹായത്തോടെയാണ് വിളക്കു തെളിയിക്കുന്നതെന്ന ആരോപണത്തില്‍ കഴമ്പുണ്ടോ. ഉണ്ടെങ്കില്‍ ആരെയൊക്കെയാണ് ഇതിനു നിയോഗിക്കുന്നത്. മകരവിളക്കിനായി സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടേയും ദേവസ്വം ബോര്‍ഡിന്റേയും മേല്‍നോട്ടത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്.
  • മകരവിളക്കു തെളിയിക്കുന്നതിന് വര്‍ഷംതോറും ഉണ്ടാകുന്ന ചെലവുകളുടെ തുകവിവരം. അത് ഏത് അക്കൗണ്ടില്‍ നിന്നാണ് എടുക്കുന്നത് എന്നത് അടക്കമുള്ള കാര്യങ്ങള്‍.
  • ആരാണ് മകരവിളക്ക് കൃത്യമായി ഉത്തരവാദിത്തത്തോടെ തെളിയിക്കുന്നത്. അതിനായി സര്‍ക്കാര്‍ പ്രത്യേക നിയമനങ്ങള്‍ നടത്തുകയോ ആള്‍ക്കാരെ നിയമിക്കുകയോ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ചെയ്യാറുണ്ടോ. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം ഇല്ലെങ്കില്‍ പൊന്നമ്പല മേട്ടില്‍ ആരാണ് വിളക്കു തെളിയിക്കുന്നത്.
  • സര്‍ക്കാര്‍ ഉത്തരവു കൂടാതെ അനധികൃതമായി പൊന്നമ്പലമേട്ടില്‍ മകരവിളക്കു തെളിയിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഥവാ ഉദ്യോഗസ്ഥര്‍ക്ക് എതിരേ സര്‍ക്കാര്‍/വകുപ്പുതല അന്വേഷണ-ശിക്ഷണ നടപടികളുണ്ടോ. ഉണ്ടെങ്കില്‍ എടുത്തിട്ടുള്ള നടപടികള്‍.
  • മറ്റ് ഏജന്‍സികളാണ് അത് നടത്തുന്നതെങ്കില്‍ അത് സര്‍ക്കാരിന്റെ അറിവോടെയാണോ. അതിന് സര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ടോ. ഉത്തരവുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായം എത്രമാത്രമാണ്.
  • മകരവിളക്ക് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് വ്യക്തികളോ സംഘടനകളോ സര്‍ക്കാരിന് നിവേദനങ്ങള്‍/പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയുടെ വിശദ വിവരങ്ങളും അതിലെടുത്ത നടപടികളും തീയതി ഉള്‍പ്പടെ. സര്‍ക്കാര്‍ അഥവാ കോടതി സ്വയം നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദവിവരങ്ങളും.
  • ഈ വിഷയത്തില്‍ റിട്ട് ഹര്‍ജികള്‍/അപ്പീലുകള്‍/കേസുകള്‍ കോടതികളില്‍ നിലവിലുണ്ടെങ്കില്‍ അവയുടെ ഇപ്പോഴുള്ള സ്ഥിതി എന്താണ്. തീര്‍പ്പാക്കിയ കേസുകളിലെ ഉത്തരവുകള്‍ എന്തായിരുന്നു. അവ നടപ്പാക്കിയോ.
  • കേരള സര്‍ക്കാര്‍ കലണ്ടറില്‍ ശബരിമല മകരവിളക്ക് എന്നു ചേര്‍ക്കുന്നത് എവിടെ നിന്നു ലഭിക്കുന്ന ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
  • മകരവിളക്ക് പ്രമാണിച്ച് മുന്‍കൂട്ടി തന്നെ പൊന്നമ്പലമേട്ടിലേക്കുള്ള യാത്രാമാര്‍ഗങ്ങളില്‍ പൊതുജനങ്ങളെ തടയുമെന്നുള്ള വാര്‍ത്തകളില്‍ വാസ്തവമുണ്ടോ. അങ്ങനെയാണെങ്കില്‍ എന്തിനാണ് നിരോധനം.
  • മകരവിളക്കിനെക്കുറിച്ച് പഠിക്കാനെത്തിയ ചില സംഘടനകള്‍, വിദേശികള്‍ തുടങ്ങിയവരെ സര്‍ക്കാര്‍ പോലീസ് സംവിധാനമുപയോഗിച്ച് തടഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. അതു സംബന്ധിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ. ഉണ്ടെങ്കില്‍ ഏതു നിയമവകുപ്പുകള്‍ അനുസരിച്ചാണത്.
  • പൊന്നമ്പലമേട്ടിലേക്കുള്ള പാതകളില്‍ നിരീക്ഷണ ഗോപുരങ്ങളോ ചെക്ക്‌പോസ്റ്റുകളോ സ്ഥാപിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ എവിടെയൊക്കെ. അവിടെ ഏതു വകുപ്പില്‍പ്പെട്ടവരെയാണ് അവിടങ്ങളില്‍ നിയമിച്ചിട്ടുള്ളത്.
  • പൊന്നമ്പലമേട്ടില്‍ വലിയ ഉരുളിയില്‍ കര്‍പ്പൂരം കത്തിച്ചു ഉയര്‍ത്തിക്കാട്ടാന്‍ നിശ്ചയിച്ചു നിര്‍മ്മിച്ചിട്ടുള്ളതെന്നു പറയപ്പെടുന്ന കല്‍ക്കെട്ട് ആരാണ് നിര്‍മ്മിച്ച്ത്. അതിനു അധികൃതര്‍ എന്ന്, ആര്‍ക്കാണ് അനുമതി നല്കിയത്. അതിന്റെ ഉടമസ്ഥത ഇപ്പോള്‍ ആര്‍ക്കാണ്.
  • നിശ്ചിത ദിവസം മുന്‍കൂട്ടി അറിയിക്കപ്പെടുന്ന സമയത്ത് മൂന്നു പ്രാവശ്യം തനിയെ അത്ഭുതകരമായാണ് പ്രകാശം ഉണ്ടാകുന്നതെന്നാണു സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അക്കാര്യം വ്യക്തമാക്കുക.
  • അത്ഭുത പ്രതിഭാസത്തെക്കുറിച്ച് സര്‍ക്കാരോ സ്വകാര്യ വ്യക്തികളോ തദേശ, വിദേശ ശാസ്ത്ര ഏജന്‍സികളോ പഠനമോ ഗവേഷണമോ നടത്തുന്നുണ്ടോ. ഈ വിഷയത്തില്‍ എന്തെങ്കിലും ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ടോ. പഠനത്തിന്റേയും പ്രബന്ധങ്ങളുടേയും വിവരങ്ങള്‍ ലഭ്യമാക്കുക.

Monday, January 17, 2011

ഹൈക്കോടതിയില്‍ 13 ഒഴിവാക്കിയതിന് ചട്ടമില്ല, പ്രത്യേക കാരണവുമില്ല


തോമസ് മത്തായി കരിക്കംപള്ളില്‍

കേ
രള ഹൈക്കോടതിയില്‍ കോടതി ഹാളുകള്‍ക്ക് നമ്പരിടുന്നതിന് ചട്ടമൊന്നുമില്ലെന്നും പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയതിന് പ്രത്യേക കാരണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചത് 2007 മാര്‍ച്ചിലാണ്.

ഹൈക്കോടതിയില്‍ കോടതി ഹാളുകള്‍ക്ക് നമ്പര്‍ നല്കുന്നതു സംബന്ധിച്ച് എന്തെങ്കിലും നിയമമോ ചട്ടമോ നിയമാവലിയോ മാനദണ്ഡമോ അഥവാ ഉത്തരവോ നിലവിലുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് രജിസ്ട്രാര്‍ ജനറലിന്റേത്. ഈ ലേഖകന്‍ 2005-ലെ വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മനസിലാകാന്‍ ക്രമനമ്പര്‍ സാധാരണഗതിയില്‍ ഇടേണ്ടത് തുടര്‍ച്ചയായിട്ടാണ് എന്നിരിക്കേ ഇടയ്ക്കുള്ള നമ്പര്‍ ഒഴിവാക്കുന്നതിനു കാരണങ്ങളുണ്ടോ, കേരള ഹൈക്കോടതിയില്‍ അങ്ങനെ ഒഴിവാക്കിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന് ഉത്തരവാദിയാരാണ് എന്നും ചോദിച്ചിരുന്നു.

ഹൈക്കോടതിയിലെ കോടതി ഹാളുകളുടെ എണ്ണമിടല്‍ ക്രമത്തില്‍ നിന്ന് 13-നെ ഒഴിവാക്കിയതിന് പ്രത്യേക കാരണമില്ലെന്നാണ് രജിസ്ട്രാര്‍ ജനറല്‍ സൂചിപ്പിച്ചിട്ടുള്ളതെങ്കിലും പഴയ കെട്ടിടത്തില്‍ ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പതിമൂന്നാം നമ്പര്‍ കോടതി ഹാള്‍ ഇല്ലായിരുന്നുവെന്നും പുതിയ ഹൈക്കോടതി സമുച്ചയത്തിലും ആ രീതി തുടരുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

സുപ്രീം കോടതിയും മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും പിന്തുടരുന്ന രീതിയാണോ ക്രമനമ്പര്‍ നല്കുന്നതില്‍ കേരള ഹൈക്കോടതി സ്വീകരിച്ചിട്ടുള്ളതെന്ന ചോദ്യത്തിന് അത് അറിയില്ലെന്നാണ് മറുപടി.

കോടതികളുടെ എല്ലാ നടപടിക്രമങ്ങളും നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ് കര്‍ശനമായി നടപ്പിലാക്കുന്നതെന്നിരിക്കേ ഹൈക്കോടതിയില്‍ തോന്നിയതു പോലെ നടപടി സ്വീകരിക്കുന്നതു കണ്ട് പൊതുജനങ്ങള്‍ക്കിടയില്‍ അത്ഭുതമുളവായിട്ടുണ്ട്. മറ്റു കോടതികളിലെ രീതി എങ്ങനെയാണെന്ന് തിരക്കാത്തത് അതിലേറെ അമ്പരപ്പുണ്ടാക്കുന്നു.

കോടതി ഹാളുകള്‍ക്ക് നമ്പര്‍ രേഖപ്പെടുത്തുന്നത് ഏതു തരം അക്കങ്ങള്‍ (ഉദാഹരണം അറബിക്, റോമന്‍, മലയാളം) ഉപയോഗിച്ചായിരിക്കണമെന്ന് വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിന് പ്രത്യേക സംഖ്യാസൂചക രീതി അനുശാസിക്കപ്പെട്ടില്ലെന്നും മറുപടി നല്കിയിട്ടുണ്ട്. സാധാരണക്കാരായ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത റോമന്‍ അക്കങ്ങളില്‍ കോടതി ഹാളുകളുടെ നമ്പര്‍ രേഖപ്പെടുത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം നിലനില്ക്കുന്ന സാഹചര്യത്തിലായിരുന്നു ചോദ്യം.

ഇതേസമയം, ഹൈക്കോടതി പുതിയ മന്ദിരത്തില്‍ 13-ാം നമ്പര്‍ കോടതി ഹാള്‍ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 2006 ഫെബ്രുവരി 14-നു തള്ളിയിരുന്നു. ഹര്‍ജിക്കാരന് 10,000 രൂപ കോടതിച്ചെലവ് വിധിക്കുകയും ചെയ്തു.

കണ്ണൂര്‍ കീഴൂര്‍ റാം നിവാസ് എന്‍.കെ.ചന്ദ്രമോഹന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എം.കെ.ബാലി, ജസ്റ്റിസ് എസ്.സിരി ജഗന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളിയത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരായിരുന്നു എതിര്‍കക്ഷികള്‍. കോടതിച്ചെലവ് രണ്ടാഴ്ചയ്ക്കകം ലീഗല്‍ സര്‍വീസസ് അഥോറിറ്റിയില്‍ അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചിരുന്നതാണ്.

എന്നാല്‍ തെറ്റു തിരുത്താനാണ് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതി ഒരു സ്ഥാപനമാണെന്നും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ വളര്‍ത്തരുതെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരേയുള്ള അപ്പീല്‍ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് വൈ.കെ.സബര്‍വാള്‍, ജസ്റ്റിസ് സി.കെ.താക്കര്‍, ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചിന്റെ 2006 നവംബര്‍ 20-ലെ ഉത്തരവ്.

നമ്പര്‍ 13 ഒഴിവാക്കിയത് ഹൈക്കോടതി ന്യായമായി കരുതുന്നുണ്ടെങ്കില്‍ ഹിന്ദുക്കളായ വ്യവഹാരികളുടെ കേസുകള്‍ രാഹുകാലത്ത് എടുക്കില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മതേതര രാജ്യമായ ഇന്ത്യയില്‍ മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നടപടികള്‍ പാടില്ലെന്നും അന്ധവിശ്വാസങ്ങള്‍ വളര്‍ത്തരുതെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ക്രിസ്ത്യന്‍ മത വിശ്വാസപ്രകാരമാണ് 13-നെ ഒഴിവാക്കിയതെന്ന വാദം ഡിവിഷന്‍ ബഞ്ച് നിരസിച്ചു. കുരിശുമരണത്തിന് മുന്നോടിയായുള്ള യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ വേളയില്‍ 13 അതിഥികള്‍ ഉണ്ടായിരുന്നതിനാലാണ് 13 അശുഭ സംഖ്യയായി കണക്കാക്കിയിട്ടുള്ളതെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ബൈബിളില്‍ അങ്ങനെ പരാമര്‍ശമില്ലെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. അത് വ്യക്തമാക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായിട്ടില്ലെന്നും എടുത്തുകാട്ടി. ക്രിസ്ത്യന്‍ വിശ്വാസത്തിലോ മറ്റേതെങ്കിലും വിശ്വാസത്തിലോ അല്ല ഹൈക്കോടതി പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഹൈക്കോടതിയുടെ പുതിയ മന്ദിരത്തില്‍ സിറ്റിംഗുകള്‍ ആരംഭിച്ചത് 2006 ഫെബ്രുവരി 13-ന് ആയിരുന്നുവെന്ന കാര്യം ഹര്‍ജിക്കാരന്‍ മനഃപൂര്‍വം വിട്ടുകളഞ്ഞതായി ഡിവിഷന്‍ ബഞ്ച് സൂചിപ്പിച്ചു. (ഹൈക്കോടതിക്ക് 13-നോട് വെറുപ്പ് ഇല്ലായെന്നു ലഘൂകരിച്ചു കാണിക്കാന്‍ അന്നാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നു പറഞ്ഞാലും ഉദ്ഘാടനം 11-നാണ് നടത്തിയതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 11-ാം തീയതി ശനിയാഴ്ചയായിരുന്നതിനാലാണ് അടുത്ത പ്രവൃത്തി ദിവസമായ 13-ന് തിങ്കളാഴ്ച സിറ്റിംഗ് ആരംഭിച്ചത്. 12 ഞായറാഴ്ച അവധിയായിരുന്നു. ഉദ്ഘാടനത്തിനു ശേഷം മൂന്നാം ദിനമാണ് സിറ്റിംഗ് തുടങ്ങിയത്.)

ഹിന്ദു വിശ്വാസ പ്രകാരം കര്‍മ്മങ്ങള്‍ക്ക് രാഹുകാലം ഒഴിവാക്കാറുണ്ടെന്ന വാദവും ഹൈക്കോടതി തള്ളി. യാത്രയുടെ ആരംഭവുമായി ബന്ധപ്പെട്ടാണ് രാഹുകാലം നോക്കാറുള്ളതെന്നും ശുഭകാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും ഡിവിഷന്‍ ബഞ്ച് സൂചിപ്പിച്ചു. ചിലര്‍ മാത്രം മറ്റു കാര്യങ്ങള്‍ക്കും നോക്കും. എന്നാലത് ഹിന്ദു മതത്തിന്റെ മൊത്തത്തിലുള്ള നിയമമായി കരുതാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നതായി ഹര്‍ജിക്കാരന് പരാതിയില്ലെന്നും ഹര്‍ജിക്കാരന് എന്തെങ്കിലും അവകാശം സ്ഥാപിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള ഹര്‍ജിയല്ല എന്നും സൂചിപ്പിച്ചാണ് ഹര്‍ജി കോടതിച്ചെലവ് സഹിതം തള്ളി വിധിച്ചത്.

പഴയ ഹൈക്കോടതിയില്‍ 12-ാം നമ്പര്‍ കോടതി ഹാള്‍ കഴിഞ്ഞാല്‍ അടുത്ത നമ്പര്‍ 12-എ ആയിരുന്നു. പിന്നെ 14-ഉം. റാം മോഹന്‍ പാലസില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈക്കോടതിയില്‍ 1995 വരെ ഹാള്‍ നമ്പര്‍ 13 ഉണ്ടായിരുന്നു. ദുഷിച്ച അക്കം ആണെന്ന വിശ്വാസത്തിലാണ് 13-നെ ഒഴിവാക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.