Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Monday, January 30, 2012

ഗാന്ധിജിയുടെ മുമ്പിലെ ഫോട്ടോഗ്രാഫര്‍

തോമസ് മത്തായി കരിക്കംപള്ളില്‍

ന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെക്കുറിച്ച് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും എഴുതേണ്ടി വരും. മഹാത്മാഗാന്ധി ചരമദിനമായ ജനുവരി 30-നോട് അനുബന്ധിച്ചും ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും. ഗാന്ധിജിയെക്കുറിച്ച് വായിച്ചും അറിഞ്ഞും കേട്ട അനേക കാര്യങ്ങള്‍ ഇതിനകം ലേഖനങ്ങള്‍ക്കു വിഷയമായിട്ടുണ്ട്.

അക്കൂട്ടത്തില്‍ ഞാന്‍ എഴുതിയതില്‍ ആദ്യത്തേതാണ് മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ 1984 ജനുവരി 29-ന് മുഖ്യലേഖനമായി പ്രസിദ്ധീകരിച്ച 'കാമറയ്ക്കു മുമ്പിലെ ഗാന്ധി'. ഗാന്ധിജിയുടെ ഒപ്പം സഞ്ചരിച്ച് അനേകം ഫോട്ടോകള്‍ എടുത്തിട്ടുള്ള ഗോവ സ്വദേശിയായ ഡോ.ആര്‍.വി.പണ്ഡിറ്റിനെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ലേഖനവുമായിരുന്നു അത്. അതു പ്രസിദ്ധീകരിച്ചിട്ട് 2012 ആയപ്പോള്‍ 28 വര്‍ഷം.

ഇപ്പോള്‍ ഇതിനെക്കുറിച്ച് ഓര്‍ക്കാന്‍ പല കാര്യങ്ങളാണുള്ളത്. വീണ്ടും ഗാന്ധിജിയുടെ ചരമദിനം ആഗതമായിരിക്കുന്നു. മൂന്നു ദശവര്‍ഷത്തിനിടയില്‍ ഫോട്ടോഗ്രാഫിക് രംഗത്ത് വമ്പിച്ച മാറ്റം വന്നിരിക്കുന്നു. ഒപ്പം ഈ സപ്ലിമെന്റിലെ മറ്റൊരു ലേഖനമായ 'നിഷ്‌ക്രിയതയുടെ നിദ്രവിട്ടുണരൂ' എന്ന ലേഖനം എഴുതിയ ബഹുമുഖപ്രതിഭയും അനീതിക്കെതിരായ പ്രസ്ഥാനവുമായിരുന്ന സുകുമാര്‍ അഴിക്കോട് അടുത്ത ദിവസം വിട്ടുപിരിഞ്ഞിരിക്കുന്നു.

ജനങ്ങളുടെ പല കാര്യങ്ങളിലുമുള്ള നിഷ്‌ക്രിയത ഇപ്പോഴും നിലനില്ക്കുകയാണ് എന്നുള്ളത് പച്ചപരമാര്‍ഥം. മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന അന്തരിച്ച ഡോ.സുകുമാര്‍ അഴീക്കോടിന് (1926 മേയ് 12 > 2012 ജനുവരി 24 രാവിലെ 6.33) പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ഇക്കാര്യവും ഓര്‍ക്കുന്നത്.

മൂന്നു പതിറ്റാണ്ടു മുന്‍പ് ആലപ്പുഴ മുല്ലയ്ക്കല്‍ നീലിമ ട്യൂട്ടോറിയല്‍ കോളജിന്റെ മുറിയില്‍ ചേര്‍ന്ന ചെറുയോഗത്തില്‍ തന്റെ സ്വപ്‌നമായ 'നവഭാരത വേദി'യെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് അടുത്തിരുന്നു കേട്ടു. ചോദ്യം ചെയ്യാനുള്ള ധീരത ഉണ്ടായാല്‍ തന്നെ, പല അനീതികളും അഴിമതികളും പിന്നോക്കം മാറി പലായനം ചെയ്യുമെന്നു ഡോ.അഴീക്കോട് അന്ന് സൂചിപ്പിച്ചു. രാഷ്ട്രീയ കക്ഷികളുടെ സംഘടിതമായ ഒരു സംയുക്തപക്ഷം ഒരുഭാഗത്തും ജനങ്ങളുടെ അസംഘടിതമായ ഒരു പ്രതിപക്ഷം മറുഭാഗത്തുമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിഡ്ഢികളാക്കി തോല്പ്പിക്കുന്ന കള്ളക്കളിയില്‍ രാഷ്ട്രീയകക്ഷികള്‍ വ്യാപൃതരായിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആ നിലയ്‌ക്കൊരു മാറ്റവുമില്ല! 'പഠിക്കാം, പഠിക്കാന്‍ അനുവദിക്കാം' എന്ന മുദ്രാവാക്യവുമായി ആരംഭിച്ച 'വിദ്യാര്‍ഥി ഐക്യവേദി' എന്ന പ്രസ്ഥാനവുമായി ആലപ്പുഴ എസ്.ഡി.കോളജില്‍ അതിനു മുന്‍പേ നടന്നിരുന്ന ഞാനും മാറ്റങ്ങള്‍ ഒത്തിരി പ്രതീക്ഷിച്ചിരുന്നു.

ഡോ.ആര്‍.വി.പണ്ഡിറ്റിലേക്കു തിരിച്ചു വരാം. ഗോവയിലെ മെല്ലെ ഒഴുകുന്ന ജീവിതത്തിനിടയില്‍ യാദൃശ്ചികമായി പരിചയപ്പെട്ട അദ്ദേഹം മഹാത്മാ ഗാന്ധിയെക്കുറിച്ച് പലപ്പോഴും ദീര്‍ഘമായി സംസാരിച്ചു. ഗാന്ധിജിയുടെ രീതികളേയും പ്രത്യേകതകളേയും തൊട്ടടുത്തു നിന്നു കണ്ടറിഞ്ഞ 'രവി' എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന ഡോ.രഘുനാഥ് വിഷ്ണു പണ്ഡിറ്റ് ഗാന്ധിജിയെ അത്യധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. 'ര'ഘുനാഥ് 'വി'ഷ്ണുവിന്റെ ചുരുക്കമാണ് 'രവി'.

ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ഫോട്ടോകളോ അത്ര ലളിതമായ ഫോട്ടോഗ്രാഫിയോ അക്കാലത്തില്ല. നെഗറ്റീവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റുമായിരുന്നു. യന്ത്രസംവിധാനങ്ങളൊന്നുമില്ലാതെ കൈകൊണ്ടു തന്നെ വേണമായിരുന്നു ഫോട്ടോ എടുപ്പും പ്രിന്റ് എടുപ്പും.

മലയാളത്തില്‍ ഒരു സചിത്ര ലേഖനം എഴുതുന്നതിനെക്കുറിച്ചു രവിയോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഏറെ സന്തോഷമായി. അന്യമായ ഒരു ഭാഷയില്‍ ഗാന്ധിജിയെക്കുറിച്ച് കൂടുതല്‍ ആള്‍ക്കാര്‍ അറിയട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അമ്പതോളം ഗാന്ധിജി ഫോട്ടോകളുടെ നെഗറ്റീവും കൂടാതെ വലിയ വലുപ്പത്തിലുള്ള മൗണ്ടില്‍ ഒട്ടിച്ച പ്രിന്റുകളും എന്നെ സന്തോഷത്തോടെയാണ് ഏല്പിച്ചത്. കണ്ടുപരിചയം മാത്രമുള്ള എന്നെയാണ് അത്ര വിലപിടിപ്പുള്ള ശേഖരം ഏല്പിച്ചതെന്ന് ഓര്‍ക്കണം.

വലിയ ഒരു കെട്ട് ഫോട്ടോ പ്രിന്റുകള്‍ സുരക്ഷിതമായി ഗോവയില്‍ നിന്ന് ഒപ്പം കൊണ്ടുവന്നു കേരളത്തില്‍ എത്തിക്കാനും കോപ്പികള്‍ എടുത്ത ശേഷം തിരിച്ചു കൊടുക്കാനും അക്കാലത്ത് ശരിക്കും ബുദ്ധിമുട്ടി. പ്രിന്റ് എടുക്കാന്‍ ഗോവയിലെ ഏതെങ്കിലും ഫോട്ടോ സ്റ്റുഡിയോയില്‍ ഏല്്പ്പിച്ചാല്‍ ഫോട്ടോകളുടെ മൂല്യം മറ്റ് ഏതെങ്കിലും പത്രലേഖകരുടെ ശ്രദ്ധയില്‍പ്പെട്ട് സംഗതി ചോരുമോ എന്ന പേടിയുണ്ടായിരുന്നു. പനാജിയില്‍ നിന്നു കാര്‍വാറില്‍ ബസില്‍ എത്തി അവിടെ കാളി നദിയിലെ കടത്തു കടന്നു അടുത്ത ബസില്‍ മംഗലാപുരത്തെത്തി അവിടെ നിന്നു ട്രെയിനില്‍ കയറി വേണമായിരുന്നു എത്താന്‍. കെട്ടു നഷ്ടപ്പെടാതിരിക്കാന്‍ മടിയില്‍ തന്നെ സദാസമയവും സൂക്ഷിച്ചു.

ആലപ്പുഴയില്‍ കൊണ്ടുവന്ന വലിയ പ്രിന്റുകള്‍ റീ-കോപ്പി ചെയ്തു തരാന്‍ പഴവങ്ങാടി ചര്‍ച്ച് റോഡ് പ്രതിച്ഛായ സ്്റ്റുഡിയോ ഉടമ ഫോട്ടോഗ്രാഫര്‍ ജോര്‍ജു കുട്ടി (നമ്പിയത്തുശേരില്‍ കുടുംബാംഗം, സിനിമാ സംവിധായകന്‍ ശശികുമാറിന്റെ സഹോദരന്റെ മകന്‍) ശരിക്കും ഉത്സാഹിച്ചു. പത്രങ്ങള്‍ക്കു വേണ്ടി ഫോട്ടോയെടുത്തിരുന്ന ന്യൂസ് സെന്‍സുള്ള ജോര്‍ജുകുട്ടി ഞാനെടുക്കുന്ന ഫോട്ടോകളുടെ പ്രിന്റ് എടുത്തു തന്നു സഹായിച്ചുകൊണ്ടിരുന്ന കാലമാണത്. ഭിത്തിയില്‍ ഫോട്ടോകള്‍ ഓരോന്നായി തലതിരിച്ചു വച്ച് ബോക്‌സ് ടൈപ്പ് കാമറയില്‍ പകര്‍ത്തി ആ നെഗറ്റീവുകളും ഉപയോഗിച്ചു. അതിനു ഏറെ സമയനഷ്ടം ഉണ്ടായിരുന്നിട്ടും ജോര്‍ജുകുട്ടി വലിയ പ്രിന്റുകളെല്ലാം വീണ്ടും നെഗറ്റീവിലാക്കി.

അങ്ങനെ സ്റ്റുഡിയോയില്‍ റീ-കോപ്പിയിംഗ് പുരോഗമിക്കുമ്പോഴാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍ ഗാന്ധിജിയുടെ ഒറിജിനല്‍ ഫോട്ടോകള്‍ പെടുന്നത്. ഫോട്ടോ പ്രിന്റുകള്‍ അവര്‍ക്കു കൊടുക്കുമോ എന്നു ചോദിച്ചു. ഡോ.ആര്‍.വി.പണ്ഡിറ്റ് എന്നെ വിശ്വസിപ്പിച്ചു ഏല്പിച്ചതും തിരിച്ചുകൊടുക്കേണ്ടതുമായ ഫോട്ടോകളുടെ പ്രിന്റുകള്‍ അവര്‍ക്കു കൈമാറാനാകുമായിരുന്നില്ല.

എന്നാല്‍ ഫോട്ടോകളുടെ പ്രദര്‍ശനം ആലപ്പുഴയില്‍ സംഘടിപ്പിച്ചു ജനങ്ങളെ കാണിക്കാന്‍ അവസരമൊരുക്കാം എന്ന ആശയം ഞാന്‍ മുന്നോട്ടുവച്ചു. എന്നാല്‍ അക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമുണ്ടായില്ല. അപൂര്‍വമായ ഗാന്ധിജി ഫോട്ടോകളുടെ പ്രദര്‍ശനം നടത്തണമെന്നു എനിക്കു ആഗ്രഹം ഉണ്ടായിരുന്നു. അപ്പോള്‍ ഫോട്ടോകള്‍ നഷ്ടപ്പെടില്ലെന്ന ഉറപ്പാണ് എനിക്കു വേണ്ടിയിരുന്നത്. പ്രദര്‍ശനത്തിന് വാടക കൂടാതെ സംഘടിപ്പിക്കാവുന്ന ചില സ്ഥലങ്ങളും ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏതായാലും ഫോട്ടോഗ്രാഫറുമാരുടെ മുന്നിലെ ഗാന്ധിജിയെക്കുറിച്ച് വിശദമായി എഴുതാന്‍ സാധിച്ചു. അങ്ങനെയൊരു ദൃഷ്ടികോണ്‍ മലയാളത്തില്‍ ആദ്യമായിരുന്നു. മറ്റൊരു പത്രത്തിനും കിട്ടാത്ത വാര്‍ത്തകള്‍ക്കായി എന്നും പരിശ്രമിക്കുന്ന മലയാള മനോരമയിലെ തോമസ് ജേക്കബ് (ഇപ്പോള്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍) പതിവുപോലെ ലേഖനം പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിക്കാന്‍ താത്പര്യമെടുത്തു. അക്കാലത്ത്് ഏറ്റവും കൂടുതല്‍ അഭിനന്ദനം കിട്ടിയ ലേഖനങ്ങളില്‍ ഒന്നായിരുന്നു അത്. സ്ഥലക്കുറവു കാരണം ഏതാനും ഫോട്ടോകളെ ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ചുള്ളു. അക്കാലത്ത് മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖന പരമ്പരയിലും ചില ഫോട്ടോകള്‍ ഉള്‍പ്പെടുത്തി.

പില്‍ക്കാലത്തും ഗാന്ധിജിയെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും മലയാള മനോര സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ച 'കാമറയ്ക്കു മുമ്പിലെ ഗാന്ധി'-യെക്കുറിച്ച് ഓര്‍ത്തിരിക്കുന്നത് അതിനു പിന്നിലെ ബുദ്ധിമുട്ടുകള്‍ കാരണമായിരിക്കാം. പ്രസിദ്ധീകരണത്തിനു പിന്നില്‍ ആത്മാര്‍ഥതയോടെ സഹായിച്ചവരെയും മറക്കാനാകില്ല. ഇന്നാണെങ്കില്‍ എത്രയോ വേഗത്തില്‍ അതൊക്കെ നടന്നേനെ.

മലയാള മനോരമയില്‍ ലേഖനം പ്രസിദ്ധീകരിച്ച പേജ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. മനോരമയുടെ ഭാഷാശൈലി 'കാമറ' എന്നായിരുന്നു. ഞാന്‍ എഴുതിയിരുന്നത് 'ക്യാമറ' എന്നും.
അച്ചടിയുടെ അവസാന നിമിഷം ഫിലിമില്‍ നിന്നു 'ക്യാമറ'യുടെ ' ്യ' എല്ലാം ചുരണ്ടി മാറ്റിയത് ശ്രദ്ധിച്ചാല്‍ കാണാം!

1 comment:

  1. This blog is good.... i read it completely and congratulations for bringing out a nice story... thanks for giving the story behind creating this story...
    thanks a lot
    krishna kumar ve

    ReplyDelete