Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

സസ്‌നേഹം

മധുരം മാത്രമുള്ള സ്‌നേഹം

തോമസ് മത്തായി കരിക്കംപള്ളില്‍

സ്‌നേഹിക്കാം. ആരേയും. ജാതിയോ മതമോ വര്‍ണമോ ധനമോ ഒന്നും അതിനു തടസ്സമാകേണ്ടതില്ല. ഒരു ചെലവുമില്ല അതിന്. എന്നാല്‍ അതില്‍ നിന്നു കിട്ടുന്ന സുഖത്തിനും ശാന്തിക്കും വിലയിടാനാകില്ല. എല്ലാ സ്‌നേഹവും മധുരമുള്ളതാണ്, കൊടുത്താലും തിരിച്ചുകിട്ടിയാലും. സ്‌നേഹിച്ചു വിജയിക്കുക എന്നത് ഏറ്റവും ഉത്തമമായ കാര്യം. സ്‌നേഹിച്ചു തോറ്റാലും സാരമില്ല. അത് അതിനടുത്ത ഉത്തമമായ കാര്യം എന്നു ഉറപ്പിക്കുക.

ജീവിതം തികച്ചും സുന്ദരമാക്കാം. പരസ്പരം സ്‌നേഹിക്കുക. അതു മാത്രം ചെയ്താല്‍ മതി. സ്വപ്‌നങ്ങള്‍ ഇല്ലാതായാല്‍ ജീവിതം അവസാനിക്കും. വിശ്വാസം അവസാനിച്ചാല്‍ ആശ നശിക്കും. കരുതല്‍ അവസാനിച്ചാല്‍ സ്‌നേഹമാണ് അപ്രത്യക്ഷമാകുന്നത്. സമയം പറന്നു പോയെന്നിരിക്കും. എന്നാല്‍ സ്‌നേഹം ഒരിക്കലും നശിക്കുന്നില്ല. അതു ഹൃദയത്തില്‍ കിടക്കും. സ്‌നേഹം വഴിഞ്ഞൊഴുകുന്ന സൗഹൃദത്തിനു എന്നും പച്ചപ്പുണ്ട്. അത് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. സ്‌നേഹം ബന്ധങ്ങളെ ബലപ്പെടുത്തും.

സ്‌നേഹം പ്രകടിപ്പിക്കാന്‍ ഭീരു അശക്തനായിരിക്കും; അത് ധീരന്റെ വിശേഷാധികാരമാണെന്ന് മഹാത്മാഗാന്ധി. സ്‌നേഹം മനസില്‍ ഒളിച്ചു വെക്കേണ്ടതല്ല. അതു ലോഭമില്ലാതെ പ്രകടിപ്പിക്കാനുള്ളതാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മനസില്‍ പറഞ്ഞിട്ടുള്ള വാചകം എന്തായിരിക്കാം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നായിരിക്കുമോ? അത് ഉള്ളില്‍ വയ്ക്കാതെയിരിക്കണം. അക്കാര്യം ആത്മാര്‍ഥമായി വെളിപ്പെടുത്തിയാല്‍ അതില്‍പ്പരം നന്മ വേറെയില്ല. ആശ്വാസം മറ്റൊന്നുമില്ല. അതിനുള്ള ധൈര്യം സ്‌നേഹം തന്നെ നല്കുമെന്നുള്ളതാണ് വസ്തുത. പര്‍ദ്ദ കൊണ്ടു മുഖം മൂടപ്പെടാതെ സ്‌നേഹം വെളിപ്പെടട്ടെ.

നിത്യശാന്തി വാല്യം 1 ലക്കം 2 ഓഗസ്റ്റ് 2011
നിത്യശാന്തി വാല്യം 1 ലക്കം 3 സെപ്റ്റംബര്‍ 2011



എല്ലാം സമ്പൂര്‍ണ്ണമാക്കുന്ന സ്‌നേഹം

തോമസ് മത്തായി കരിക്കംപള്ളില്‍

വികാരങ്ങള്‍ ഏതും വാക്കുകളിലൂടെ ശരിക്കും പ്രകടിപ്പിക്കാം. എന്നാല്‍ സ്‌നേഹത്തിന്റെ കാര്യമാകുമ്പോള്‍ അതില്‍ നിറയെ ആ മനോവികാരം നിറഞ്ഞു നില്ക്കട്ടെ. ഹൃദയത്തിന്റെ അഗാധതയില്‍ നിന്നു വരുന്നതാകണം ആ ചേതോവികാരം. ആര്‍ദ്രമായ ഹൃദയവികാരത്തെ സ്പഷ്ടമാക്കിയാല്‍ സ്‌നേഹം സചേതനമായിരിക്കും. ലോകം കൂടുതല്‍ സുന്ദരമാക്കാനും ഹൃദയം ഏറെ വിശാലമാക്കാനും സ്‌നേഹത്തിനു കഴിവുണ്ട്.

എല്ലാം തികഞ്ഞവരെ മാത്രമല്ല സ്‌നേഹിക്കേണ്ടത്. പൂര്‍ണ്ണമായി ദോഷമറ്റവര്‍ ലോകത്തിലില്ല. സ്‌നേഹത്തിലാകുമ്പോള്‍ അന്യരുടെ എല്ലാ ന്യൂനതകളും ഗൗനിക്കാതെയിരിക്കാനാകും. അത് സ്‌നേഹത്തിന്റെ ജാലവിദ്യ. അപൂര്‍ണരായവരെ ഹൃദയത്തോടടുപ്പിച്ചു കാണാനും സ്‌നേഹത്തിനാകും. സ്‌നേഹം എല്ലാം സമ്പൂര്‍ണ്ണമാക്കും. സ്‌നേഹം ദീപ്തിമത്തായ കാര്യം. അതിന്റെ വെളിച്ചം കണ്ടുനില്ക്കുന്നവര്‍ക്കു പോലും ദൃശ്യമാകും.

അവനോട് അവള്‍ ചോദിച്ചു: എന്നെ ശരിക്കും സ്‌നേഹിക്കുന്നുണ്ടോ? അവന്‍ പറഞ്ഞു: അത് ഉറപ്പല്ലേ.. പിന്നെ എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം... അവള്‍: എനിക്കത് നേരിട്ടു മനസുനിറയെ കേള്‍ക്കണം. ഇങ്ങനെയാണ് എല്ലാവരും. പരസ്പരം സ്‌നേഹമാണെന്ന് അറിയാമായിരിക്കാം. എന്നാലും പറഞ്ഞു കേള്‍ക്കുമ്പോള്‍ സ്‌നേഹത്തിന്റെ വ്യാപ്തി താനെ വര്‍ധിക്കും. അത് അഭിമാനം ഉയര്‍ത്തും. സ്‌നേഹമാണെന്നു പറയാനുള്ള ഒരവസരവും പാഴാക്കരുത്.

ഭക്ഷണത്തിനായുള്ള വിശപ്പ് മാറ്റുന്നതിനേക്കാള്‍ എത്രയോ പ്രയാസമാണ് സ്‌നേഹത്തിനായുള്ള വിശപ്പു മാറ്റല്‍ എന്ന് മദര്‍ തെരേസ. പ്രത്യക്ഷത്തിലുള്ളതിനേക്കാള്‍ എത്രയോ ഗഹനമാണ് സ്‌നേഹത്തിന്റെ മഹത്വം. തികച്ചും സൗജന്യമായി ലഭിക്കുന്ന സ്‌നേഹം കണ്ടെത്താനും സ്വന്തമാക്കാനും അതോടൊപ്പം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനും മടിക്കുന്നതെന്തിന്? അതിനു മനസുണ്ടെങ്കില്‍ അവിടെ സ്‌നേഹവുമുണ്ട്. നിറയെ.

നിത്യശാന്തി വാല്യം 1 ലക്കം 4 ഒക്ടോബര്‍ 2011


തന്‍കാര്യത്തെ തൂത്തുമായ്ക്കുന്ന സ്‌നേഹം

തോമസ് മത്തായി കരിക്കംപള്ളില്‍

മൂഹത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇച്ഛിക്കുന്ന വികാരം സ്‌നേഹമാണ്. ശ്രദ്ധിച്ചിട്ടില്ലേ? സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക എന്നതില്‍ കവിഞ്ഞൊരു സന്തോഷം ജീവിതത്തില്‍ കിട്ടാനില്ല. സന്താപകരമായ കെട്ടുപാടുകള്‍ പോലും സ്‌നേഹം കൊണ്ടു പൊതിയാം. അപ്പോള്‍ ദുഃഖം അലിഞ്ഞലിഞ്ഞില്ലാതാകുകയും ആഹഌദം നിറയുകയും ചെയ്യും. എത്രയും മനോഹരമായ സ്വപ്‌നത്തേക്കാളും സമ്പന്നമാണ് ജീവിതത്തിലെ സ്‌നേഹം. അന്തഃകരണം സ്‌നേഹം കൊണ്ടു നിറച്ചാല്‍ ജീവിതം ലാഘവം നിറഞ്ഞതാകും.

എന്റെ കാര്യത്തില്‍ ഏറ്റവും നല്ലത് നീ ആണെന്നു പറയാന്‍ സാധിക്കുമെങ്കില്‍ അവരുടെയിടയില്‍ ആഴത്തിലുള്ള സ്‌നേഹമുണ്ട്. സ്‌നേഹത്തിന്റെ ആനന്ദം ഒന്നു വേറെതന്നെ. ആ സന്തോഷം ചുറ്റുപാടാകെ ആരുമറിയാതെ പരക്കും. സമ്പൂര്‍ണനായ ഒരു വ്യക്തിയെ കണ്ടെത്തിയാല്‍ സ്‌നേഹിക്കാനായേക്കും എന്നു കരുതി മാറി നില്‌ക്കേണ്ടതില്ല. അപൂര്‍ണരായ വ്യക്തികളെ സമ്പൂര്‍ണരായി കണ്ടു സ്‌നേഹിക്കുന്നതാണ് യഥാര്‍ഥ സ്‌നേഹം. ജീവിതം ഒരു പുഷ്പമാണെങ്കില്‍ അതിലെ മധുവാണ് സ്‌നേഹം.

ആരെയെങ്കിലും ആത്മാര്‍ഥമായി സ്‌നേഹിച്ചു നോക്കിയിട്ടുണ്ടോ? ഒരു കാര്യം ഉറപ്പ്. ഉള്ളില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന അഭിലാഷങ്ങള്‍ അതേത്തുടര്‍ന്നു ഒന്നൊന്നായി സാധിതമാകുന്നതു കാണാം. സ്‌നേഹം മനുഷ്യനിലെ തന്‍കാര്യ മനോഭാവത്തെ തുത്തുമായ്ക്കുന്നു. യഥാര്‍ഥ സ്‌നേഹം മനുഷ്യനെ ദൈവത്തിലേക്കുയര്‍ത്തും. ജീവിതത്തില്‍ സ്‌നേഹിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതിരുന്നാല്‍ ജീവിതം വിജയകരവുമാകും.

ലോകത്തിലെ ഏറ്റവും ഉത്തമമായതും അഴകുള്ളതുമായ വസ്തുക്കള്‍ കാണാനോ അഥവാ തൊടാന്‍ പോലുമോ സാധ്യമല്ലെന്നും അവ ഹൃദയം കൊണ്ട് അനുഭവിക്കേണ്ടവയാണെന്നും ഹെലെന്‍ കെല്ലര്‍. സ്‌നേഹം അതില്‍ പ്രധാനപ്പെട്ടതാണ്. ഭൂമിയില്‍ എല്ലാത്തിനും മുകളിലായിട്ടാണ് സ്‌നേഹത്തിന്റെ സ്ഥാനം. സ്‌നേഹത്തിന്റെ പൂര്‍ണ മൂല്യവും ശ്രേഷ്ഠതയും ലഭിക്കണമെങ്കില്‍ അതു മറ്റുള്ളവര്‍ക്കു വീതം വയ്ക്കുക തന്നെ വേണം. അതില്‍ പിശുക്കു കാണിക്കുന്നതെന്തിന്?

നിത്യശാന്തി വാല്യം 1 ലക്കം 5 നവംബര്‍ 2011


സ്‌നേഹമെന്നു പറഞ്ഞാല്‍ ജീവിതം 


തോമസ് മത്തായി കരിക്കംപള്ളില്‍

രുട്ടിലാണ്ടു കിടക്കുന്ന ജീവിതത്തെ വെളിച്ചത്തിലേക്കു കൊണ്ടുവരാന്‍ സ്‌നേഹത്തിനു കഴിയും. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളെ നേരാംവണ്ണം നോക്കിക്കാണാനും സ്‌നേഹം സഹായിക്കും. ചുരുക്കി പറഞ്ഞാല്‍ സ്‌നേഹമെന്നു പറഞ്ഞാല്‍ ജീവിതമാണ്. സ്‌നേഹം നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെയാണ് നഷ്ടപ്പെടുക.

ജീവിതത്തിലെ ബുദ്ധിമുട്ടുകളേയും പ്രശ്‌നങ്ങളേയും സ്‌നേഹാര്‍ദ്രമാര്‍ന്ന കണ്ണിലുടെ നോക്കിക്കാണുക. അപ്പോള്‍ അവയെ ഭാരമില്ലാതെ അനുഭവിക്കാനാകും. മറ്റുള്ളവര്‍ക്കു പ്രതിബന്ധങ്ങളുണ്ടാകുമ്പോള്‍ സ്‌നേഹത്തോടെ അവരെ സമീപിക്കുക. അവര്‍ക്കു അതു നല്കുന്ന ആശ്വാസത്തിനു അതിരുകാണില്ല. പരസ്പരം പ്രതിഫലേച്ഛ കൂടാതെ സഹായഹസ്തങ്ങള്‍ നീട്ടുമ്പോള്‍ സ്‌നേഹം തന്നെയാണ് അവിടെ അവതരിക്കുക.

മനസില്‍ നിറയെ സ്‌നേഹമുണ്ടെങ്കില്‍ വെറുതെ സ്വപ്‌നം കാണാന്‍ കൊതിക്കേണ്ടതില്ല. സ്വപ്‌നത്തേക്കാള്‍ ഏറെ മെച്ചപ്പെട്ട യാഥാര്‍ഥ്യമാണ് സ്‌നേഹം സമ്മാനിക്കുക. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കണമെന്നു മര്‍ക്കോസ്. ഇതില്‍ വലുതായിട്ടു മറ്റൊരു കല്പനയുമില്ലെന്നു ഒപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. അതുതന്നെ അതിന്റെ പ്രാധാന്യം.

സ്‌നേഹിക്കപ്പെടുന്നു എന്ന് പൂര്‍ണ ബോധ്യം വരുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിക്ടര്‍ യൂഗോ. ജീവിതത്തില്‍ ഒറ്റ ആഹഌദമേയുള്ളു, അത് സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക എന്നതാണെന്നു ജോര്‍ജ് സാന്‍ഡ്. സ്‌നേഹിക്കണമെങ്കില്‍ വിശാലമായ മനസു വേണം. ഒത്തിരിക്കാര്യങ്ങള്‍ നഷ്ടപ്പെടുത്തേണ്ടതായും വരാം. ഇക്കാര്യം മനസ്സിലാക്കിയില്ലെങ്കില്‍ ജീവിതത്തില്‍ നിന്നു ഒന്നും പഠിച്ചില്ലെന്നു കരുതണം. സ്‌നേഹമില്ലാതെ ജീവിച്ചിട്ട് എന്തുകാര്യം?

നിത്യശാന്തി വാല്യം 1 ലക്കം 6 ഡിസംബര്‍ 2011