ചില ജാതിപ്പേരുകള്‍ മാത്രം വിളിച്ചാല്‍ ആക്ഷേപകരമാകുന്നതെങ്ങനെ? അങ്ങനെയെങ്കില്‍ മോശമെന്നു തോന്നുന്ന പേരുകള്‍ക്ക് പകരം 'അന്തസുള്ള' പേരുകള്‍ കണ്ടെത്തട്ടെ.
ഗതാഗതം തടസ്സപ്പെടുത്തി, സംഘടിതരല്ലാത്ത പൊതുജനങ്ങളെ കഷ്ടപ്പെടുത്തി മാത്രമേ സമരം ചെയ്യൂ എന്നു രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എന്താണിത്ര നിര്‍ബന്ധം.. ആ വാശിയാണ് മനസ്സിലാകാത്തത്.. സമരങ്ങള്‍ എന്നു പറഞ്ഞാല്‍ പൊതുമുതല്‍ നശിപ്പിക്കലും പാവപ്പെട്ടവന്റെ തൊഴില്‍ നിര്‍ബന്ധപൂര്‍വം തടയലുമാണോ?
പേടിയില്ലാതെ വിളങ്ങുന്നവര്‍: ആരേയും പേടിയില്ലെന്നാണ് സാധാരണ രാഷ്ട്രീയക്കാര്‍ പറയാറുള്ളത്. അപ്പോള്‍ അന്തസുള്ള രാഷ്ട്രീയക്കാര്‍ ഒരു കാര്യം ചെയ്യണം. ഒരിക്കല്‍ ഉറപ്പിച്ചു പറഞ്ഞതു ഒരിക്കലും പിന്നെ 'വളവളാന്നു' മാറ്റിപ്പറയരുത്. ഇല്ലാത്ത അര്‍ഥവും ഉണ്ടാക്കിപ്പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കരുത്. വാക്കുകള്‍ നിന്നനില്പ്പില്‍ മാറ്റുന്നത് ദൃശ്യമാധ്യമങ്ങളില്‍ ആവര്‍ത്തിക്കുന്നതു കണ്ടിട്ടും പലര്‍ക്കും അല്പം ചമ്മല്‍ പോലുമില്ല. അതു പോലെ തന്നെ ഉന്നം വയ്ക്കുന്നവരെ തിരിച്ചറിയാന്‍ സൂചനകള്‍ മാത്രം നല്കി അവതരിപ്പിച്ച് കോടതിയലക്ഷ്യത്തില്‍ നിന്നോ മാനനഷ്ടത്തില്‍ നിന്നോ തെന്നിമാറാനും മിടുക്കുകാട്ടരുത്. ചില ധൈര്യവാന്മാര്‍ പറയുന്നത് എങ്ങനെയെന്നു കേട്ടിട്ടില്ലേ? 'ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല' എന്ന്. തനിക്കു സംശയമുണ്ടെന്നു പോലും പറയാന്‍ ധൈര്യമില്ല! എല്ലാം പൊതുജനത്തിന്റെ നെഞ്ചത്തേക്ക്!!
പ്രതിരോധ വകുപ്പിനെക്കൊണ്ട് പൊതുജനോപകാരപ്രദങ്ങളായ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു നടത്താനാകും. ശബരിമലയിലെ റോഡും പാലവും ചേര്‍ത്തലയില്‍ വരാന്‍ പോകുന്ന മാലിന്യസംസ്‌ക്കരണ പ്ലാന്റും അതിന് ഉദാഹരണങ്ങളാണ്. എന്നോ വരാന്‍ പോകുന്ന യുദ്ധത്തിനു വേണ്ടി മാത്രം പതിനായിരങ്ങളെ തടുത്തുകൂട്ടി സൂക്ഷിച്ചുവച്ച് കോടിക്കണക്കിനു രൂപ ചെലവാക്കി തീറ്റിപ്പോറ്റേണ്ട കാര്യമില്ല. പ്രത്യേകിച്ചു ട്രെയിനുകളില്‍ കാണുന്ന ചില പട്ടാളക്കാരുടെ 'തരിപ്പു' കാണുമ്പോള്‍.
പത്ര സ്ഥാപനങ്ങളും പത്ര ഏജന്റുമാരും തമ്മില്‍ തൊഴിലുടമ - തൊഴിലാളി ബന്ധമല്ല ഉള്ളതെന്ന് മാതൃഭൂമി എഡിറ്റോറിയല്‍. കമ്മീഷന്‍ വ്യവസ്ഥയില്‍ ഒരു ബിസിനസ് എന്ന നിലയ്ക്കാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതത്രേ. അങ്ങനെയാകുമ്പോള്‍ ഉത്പന്നത്തില്‍ മാക്‌സിമം റീട്ടെയില്‍ പ്രൈസ് രേഖപ്പെടുത്തണം. ഇപ്പോള്‍ പത്രവരിസംഖ്യയുടെ പത്തു ശതമാനത്തോളം അധിക കമ്മീഷനായി സ്ഥാപനങ്ങളുടെ അറിവോടെ ഉപയോക്താക്കളില്‍ നിന്നു ഏജന്റുമാര്‍ ഈടാക്കുന്നതു ന്യായമോ?
