Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Saturday, October 30, 2010

മാറാത്ത കുപ്പിക്കഴുത്തുകള്‍


തോമസ് മത്തായി കരിക്കംപള്ളില്‍

നാടിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെയും വിശാലമനസ്സോടെയും പ്രവര്‍ത്തിക്കേണ്ട ഭരണാധികാരികള്‍ അതിനു തയാറായില്ലെങ്കിലോ? അങ്ങനെയാകുമ്പോള്‍ നിസ്സാരമായി ഒഴിവാക്കാവുന്ന റോഡിലെ കുപ്പിക്കഴുത്തുകള്‍ പോലും ഒരിക്കലും മാറില്ല. ഗതാഗതക്കുരുക്ക് അങ്ങനെ എന്നും നാട്ടുകാരെ ബുദ്ധിമുട്ടിച്ച് നിലനില്ക്കും.

ഉദ്ദാഹരണത്തിന് ആലപ്പുഴ ഔട്ട്‌പോസ്റ്റ് ജംഗ്ഷന്‍. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനിലേക്കു ബസുകള്‍ സദാ സമയവും പോയിവരുന്ന ബോട്ടുജെട്ടിയുടെ തൊട്ടടുത്തുള്ള ഈ മുക്കവലയുടെ ഇടുങ്ങിയ സ്ഥിതി കുറച്ചു മാസങ്ങള്‍ മുന്‍പാണ് നിവര്‍ത്തിയത്. റോഡിനു വളവുണ്ടായിരുന്നതിനാല്‍ ഇവിടം അപകടമേഖലയായിരുന്നു. ഇവിടെ റോഡിന്റെ വശത്തു ചേര്‍ത്തു സ്ഥാപിച്ചിരുന്ന ട്രാഫിക് ഐലന്‍ഡ് പോലും പൊളിച്ചു നീക്കിയാണ് റോഡിനു വീതി കൂട്ടി നേരെയാക്കിയത്. ഇതിനിടെ ജംഗ്ഷനോടു ചേര്‍ത്ത് കനാല്‍ അരുകില്‍ ഉണ്ടായിരുന്ന പോലീസ് ഔട്ട്‌പോസ്റ്റ് കെട്ടിടം പൊളിച്ചു നീക്കിയതോടെ ഗതാഗതം ഒരുവിധം സുഗമമാകുകയും ചെയ്തിരുന്നു.

താമസിയാതെ റോഡിനോടു ചേര്‍ന്നു കനാലിന്റെ കരയിടിയത്തക്ക വിധം ചേര്‍ത്ത് പുതിയ ഔട്ട്‌പോസ്റ്റ് കെട്ടിടത്തിനു വാനം മാന്തിയപ്പോള്‍ മുതല്‍ അവിടെ ആ കെട്ടിടം പാടില്ലായെന്നു സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നു ചൂണ്ടിക്കാട്ടിയിരുന്നു.

ബോട്ട് ജെട്ടി - ബസ് സ്റ്റാന്‍ഡ് റോഡിലേക്കുള്ള പഴവങ്ങാടി ചര്‍ച്ച് റോഡിനു നേരേ വാടക്കനാലിനു കുറുകേ വടക്കുവശത്തേക്കുള്ള റോഡിലേക്ക് വാഹനങ്ങള്‍ കടന്നു പോകത്തക്കവിധം അത്യാവശ്യമായി ഒരു പാലം നിര്‍മിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഭാവിയിലെ പാലം പണിക്കു പോലും തടസ്സമാകുന്ന രീതിയില്‍ പോലീസ് കെട്ടിട നിര്‍മാണം. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള ഗോവണിപ്പാലത്തിനു സമാന്തരമായി പാലം വന്നാല്‍ പരിസരത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിനു ഒരു പരിധി വരെ ശമനമായേനെ.

പാലത്തിന്റെ ആവശ്യകതയും പുതുതായി അവിടെ ഔട്ട്‌പോസ്റ്റ് കെട്ടിടം പണിതാലുണ്ടാകുന്ന തടസ്സങ്ങളും ചൂണ്ടിക്കാണിച്ച് അധികൃതര്‍ക്ക് പരാതികള്‍ അയച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടതു പോലുമില്ല. അടിത്തറ കെട്ടാന്‍ കുഴികുഴിച്ചപ്പോള്‍ തുടങ്ങി ഓരോ ഘട്ടങ്ങളുടേയും ഫോട്ടോയും അയച്ചു കൊടുത്തിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ രണ്ടു നില കെട്ടിടം പണിതുയര്‍ത്തിയിട്ടും ഒരു മറുപടിയും കിട്ടിയിട്ടില്ല. പരാതി കിട്ടിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയച്ചുകൊടുത്തിട്ടുണ്ടെന്നും കാണിക്കുന്ന മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പതിവു അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡല്ലാതെ വേറൊന്നുമില്ല.

ഈ പൊതുക്കാര്യം എടുത്തുകാട്ടിയുള്ള പരാതി കാര്യങ്ങള്‍ വ്യക്തമാക്കും. വകുപ്പു മന്ത്രിക്കു പല കത്തുകള്‍ അയച്ചിട്ടുള്ളതില്‍ ഒന്നാണിത്. മന്ത്രി ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് പരാതി ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. കൂടാതെ പകര്‍പ്പ് ചീഫ് എന്‍ജിനിയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് അയച്ചിട്ടുമുണ്ട്. പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ 2009 ഒക്ടോബര്‍ 21-നു അയച്ച കത്തിന്റെ പ്രസക്തഭാഗങ്ങള്‍:

വിഷയം ആലപ്പുഴ നഗരസഭാ അതിര്‍ത്തിയില്‍ ബോട്ട് ജെട്ടിക്കു സമീപം പുതുതായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പാലത്തിന്റെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതു
സംബന്ധിച്ച്.

'ആലപ്പുഴ പട്ടണനടുവില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാന്‍ ഉപയുക്തമായിരിക്കും കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ ബോട്ട് ജെട്ടിക്കു സമീപം വാടക്കനാലിനു കുറുകേയുള്ള ഗോവണിപ്പാലത്തിനു സമീപമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പുതിയ പാലം.

വാടക്കനാല്‍ വടക്ക്, തെക്ക് റോഡുകളേയും വാടക്കനാലിന്റെ തെക്കുവശത്തുള്ള പഴവങ്ങാടി പള്ളി റോഡിനേയും വടക്കു വശത്തുള്ള കിടങ്ങാംപറമ്പ് ഇടറോഡിനേയും ബന്ധിക്കുന്ന പുതിയ പാലത്തിന് 1.60 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നല്കിയിട്ടുണ്ട്.
തുടര്‍നടപടികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. മുന്‍ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫിന്റെ ഭരണകാലഘട്ടത്തിലാണ് അനുമതി നല്കിയത്.

ബോട്ട് ജെട്ടി ജംഗ്ഷനിലെ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കുറേ മാസങ്ങള്‍ക്കു മുന്‍പ് അവിടെയുണ്ടായിരുന്ന പോലീസ് ഔട്ട് പോസ്റ്റ് പൊളിച്ചു നീക്കിയും അവിടെയുണ്ടായിരുന്ന ട്രാഫിക് ഐലന്‍ഡ് ഒഴിവാക്കിയും റോഡിനും ജംഗ്ഷനും വീതി കൂട്ടിയിരുന്നു. ഇപ്പോള്‍ ആ ഭാഗത്ത് ഇരുകരകളേയും ബന്ധിപ്പിക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗോവണിനടപ്പാലമാണ്.

ഇവിടെ വലിയ വാഹനങ്ങള്‍ കടന്നു പോകത്തക്ക വിധമുള്ള പുതിയ പാലത്തിനുള്ള നിര്‍മാണ ഭൗതിക സാഹചര്യമൊരുക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേതുണ്ട്. പൊളിച്ചു നീക്കിയ പോലീസ് ഔട്ട്‌പോസ്റ്റിനു പകരമായി തോട്ടിന്‍കരയില്‍ തന്നെ പുതിയ ഔട്ട്‌പോസ്റ്റ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. പുതിയ പാലത്തിന് ഇതു തടസമാകുമോ എന്നു ഉടനടി പരിശോധന നടത്താന്‍ വേണ്ട ഉത്തരവ് പുറപ്പെടുവിക്കണമെന്നു അഭ്യര്‍ഥിക്കുന്നു. തടസ്സമുണ്ടാക്കുമെങ്കില്‍ നിര്‍മാണം നിര്‍ത്തി വയ്ക്കാനും ഉടനടി ഉത്തരവിടണമെന്ന് അഭ്യര്‍ഥിക്കുന്നു.

തോട്ടിന്‍കരയില്‍ തോടിനു തൊട്ടുചേര്‍ന്ന് കെട്ടിട നിര്‍മാണങ്ങള്‍
പ്രോത്സാഹിപ്പിക്കാതെയിരിക്കുന്നതായിരിക്കും പരിസ്ഥിതിക്ക് ഉചിതം. സമീപത്തു തന്നെ തോട്ടിന്‍കരയിലുള്ള മറ്റു ചില കെട്ടിടങ്ങള്‍ വിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നുവെന്നും സൂചനയുണ്ട്.

നിലവിലുള്ള ജില്ലാകോടതി (കോട്ടവാതുക്കല്‍) പാലത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതസ്തംഭനവേളയില്‍ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ പുതിയ പാലം സഹായകമാകും. വാടക്കനാലിന്റെ വടക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബഹുനില സിവില്‍ സ്‌റ്റേഷന്‍ അനക്‌സിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അധികമായി എന്നും എത്തുന്ന ആള്‍ക്കാര്‍ക്കും വാഹനങ്ങള്‍ക്കും പുതിയപാലം ഉപകാരപ്പെടും. പട്ടണത്തിലെ മുപ്പതിലേറെ സര്‍ക്കാര്‍ ഓഫീസുകളാണ് മുനിസിപ്പല്‍ മൈതാനത്തിനു സമീപമുള്ള അനക്‌സിലേക്കു മാറ്റാന്‍ പോകുന്നത്.

അതുപോലെ തന്നെ തത്തംപള്ളി, കോര്‍ത്തശേരി, കിടങ്ങാംപറമ്പ്, തോണ്ടന്‍കുളങ്ങര, ജില്ലാകോടതി, സനാതനം, മുല്ലയ്ക്കല്‍, പഴവങ്ങാടി, തിരുമല, നെഹ്‌റുട്രോഫി പ്രദേശവാസികള്‍ക്കും അവിടെയുള്ള സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പാലം ഏറെ പ്രയോജനപ്രദമായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇവിടെയുള്ളവര്‍ക്ക് ബസ് സ്‌റ്റേഷനിലേക്കും ബോട്ട് ജെട്ടിയിലിക്കും എളുപ്പത്തില്‍ പോയി വരാന്‍ പുതിയ പാലം സഹായകമാകും. ലോകപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന പുന്നമടയിലേക്കുള്ള വഴിയിലാണ് നിര്‍ദിഷ്ട പാലം.'

മുകളില്‍ സൂചിപ്പിച്ച കത്തിന് മറുപടി ലഭിക്കാത്തതിനാല്‍ തുടര്‍ന്നും കത്തുകകള്‍ അയച്ചിട്ടുണ്ട്. 2010 ജനുവരി ഏഴിന് അയച്ച കത്ത്:

'നടപടി ഉണ്ടാകാത്തതിനാല്‍ നിര്‍ദിഷ്ട പാലത്തിനു സമീപത്ത് കെട്ടിട നിര്‍മാണം ധൃതഗതിയില്‍ നടക്കുകയാണ്. തീരപരിപാലന ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് കെട്ടിട നിര്‍മാണം എന്നു സൂചനയുണ്ട്. പൊതുതാത്പര്യത്തെ കരുതി ഉടനടി നടപടിയുണ്ടായില്ലെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍
നഷ്ടസാധ്യതയുണ്ടെന്നും കൂടെ സൂചിപ്പിക്കട്ടെ.

നിര്‍ദിഷ്ട പാലത്തിനുള്ള സ്ഥലത്തിനു ചേര്‍ന്നുള്ള പുറമ്പോക്കിലുള്ള കെട്ടിട നിര്‍മാണം കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ മേല്‍ക്കൂര നിരപ്പില്‍ ഉയര്‍ന്നിരിക്കുകയാണ്. പരാതി നല്കിയതിനു ശേഷവും ധൃതഗതിയില്‍ നിര്‍മാണം നടക്കുകയായിരുന്നു.

പഴവങ്ങാടി പള്ളി റോഡും ബോട്ട് ജെട്ടി റോഡും ചേരുന്ന ഇടുങ്ങിയ മുക്കവലയില്‍ അപകടങ്ങള്‍ വര്‍ധിച്ചതു മൂലമാണ് അവിടെ ഒരു വശത്തു ചേര്‍ന്ന് തടസ്സമായി നിന്നിരുന്ന ട്രാഫിക് ഐലന്‍ഡ് ഉള്‍പ്പടെ പൊളിച്ചു നീക്കി റോഡിനു വീതി കൂട്ടിയത്. എന്നാല്‍ ആ ഭാഗത്തു തന്നെയാണ് പൊളിച്ചു നീക്കപ്പെട്ട പോലീസ് ഔട്ട് പോസ്റ്റിനായി സ്ഥിര കെട്ടിടം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

റോഡിനും സമീപത്തുളള വാടക്കനാലിനും ഇടയ്ക്കുള്ള ഇടുങ്ങിയ കരയിലാണ് കെട്ടിട നിര്‍മാണം. പൂര്‍ത്തിയാകുന്ന കെട്ടിടത്തിന്റെ നാലു വശത്തും വാഹന പാര്‍ക്കിംഗിന് ഒട്ടും ഇടമില്ല. കെട്ടിടത്തിന്റെ തെക്കുഭാഗത്തോട് തൊട്ടുചേര്‍ന്ന് റോഡും പടിഞ്ഞാറും വടക്കും തൊട്ടുചേര്‍ന്നു തോടുമാണ്. ഔട്ട് പോസ്റ്റിലെത്തുന്ന വാഹനങ്ങള്‍ ജംഗ്ഷനില്‍ റോഡില്‍ തന്നെ പാര്‍ക്കു ചെയ്യേണ്ടി വരും. അത് അപകടങ്ങള്‍ക്കു കാരണമാകും. പോലീസ് ഔട്ട് പോസ്റ്റില്‍ ഏതായാലും അനേകം പോലീസ് വാഹനങ്ങള്‍ തന്നെ കാണുമെന്ന് ഉറപ്പാണ്. കെട്ടിടത്തിന്റെ മുന്നിലേക്കിറങ്ങേണ്ടത് പൊതുറോഡിലേക്കാണ്. തൊട്ടുപുറകില്‍ കനാല്‍. ഏതായാലും കെട്ടിടത്തിനോടു ചേര്‍ന്ന് പാര്‍ക്കിംഗ് സൗകര്യമില്ല.

മോട്ടോര്‍ നാലു ചക്രവാഹനങ്ങള്‍ കയറിയിറങ്ങേണ്ട നിര്‍ദിഷ്ട പാലം പഴവങ്ങാടി റോഡിനു നേരേ തെക്കോട്ടു വാടക്കനാലിനു കുറുകേ വാടക്കനാല്‍ വടക്കേക്കരയിലേക്കായിരിക്കണം. ആ ഭാഗത്തോടു ചേര്‍ന്ന് തെക്കേക്കരയിലാണ് കെട്ടിടം പൂര്‍ത്തിയായി വരുന്നത്. നാട്ടിലെ റോഡ്, പാലം വികസനത്തിന് ദീര്‍ഘദൃഷ്ടിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ തടസ്സമാകുന്നതിന്റെ ഒരു ഉത്തമോദ്ദാഹരണമാണിത്.'

അധികൃതര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നു മാത്രം പറയരുത്. ഇപ്പോഴത്തെ പൊതുമരാമത്ത്, നിയമ മന്ത്രി എം.വിജയകുമാര്‍ ഇനിയെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുമോ? പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനിയര്‍ (റോഡ്‌സ്) ടി.ബാബുരാജ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (റോഡ്‌സ്) ചാക്കോ എന്‍.ജി, ആലപ്പുഴ ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ എന്നിവര്‍ എന്തു നടപടിയെടുത്തു എന്നും അറിഞ്ഞാല്‍ നന്ന്. ഡോ.ടി.എം.തോമസ് ഐസക്ക് അടക്കം നാലു മന്ത്രിമാരാണ് ഈ വിഷയം അവതരിപ്പിച്ചതിനു ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഭരിച്ചത്. അതിനിടെ കെട്ടിടം പണി പൂര്‍ത്തിയായി, മിനുക്കു പണികള്‍ കൂടി നടത്തി ഉദ്ഘാടനം നടത്തിയാല്‍ മതി എന്നതായി 2010 ഒക്ടോബര്‍ 30-ലെ സ്ഥിതി! റോഡില്‍ കുപ്പിക്കഴുത്തുകള്‍ പെരുകിയാല്‍ ഭരിക്കുന്നവര്‍ക്ക് എന്തു ചേതം?

Thursday, October 28, 2010

ബസിലെ 'ശരണം' എന്തിന്?


തോമസ് മത്തായി കരിക്കംപള്ളില്‍

ബരിമല തീര്‍ഥാടന കാലത്ത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) വക പമ്പ ബസുകളിലെ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളിലും മറ്റും അയ്യപ്പന്റെ പടം സ്റ്റെന്‍സില്‍ ചെയ്യുന്നതും സ്വാമിശരണം എന്നും മറ്റും എഴുതിവയ്ക്കുന്നതും അതു കാണുമ്പോഴൊക്കെ ശരിയല്ലെന്നു പറയുന്നവരും പരാതിപ്പെട്ടിട്ടുള്ളവരും കുറച്ചൊന്നുമല്ലെന്നു സര്‍ക്കാരിനറിയാം. മതേതര രാജ്യത്ത് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആ രീതി പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല എന്നതിനാലാണ് അതെന്നും ബന്ധപ്പെട്ടവര്‍ക്കറിയാം. ഇപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടാണെങ്കില്‍ ക്രിസ്ത്യന്‍ ദേവാലയ, മുസ്ലിം പള്ളി പെരുന്നാളുകള്‍ക്കും ഇതൊക്കെ ചെയ്തുകൊടുക്കണമെന്നു പറഞ്ഞു വരുമ്പോഴാണ് പ്രശ്‌നം വഷളാകുന്നത്. അപ്പോള്‍ എല്ലാത്തിനും മാനദണ്ഡങ്ങള്‍ വേണം. അത് സ്വാഭാവിക നീതി കളങ്കപ്പെടാത്തതുമായിരിക്കണം.

2010 ഒക്ടോബര്‍ 21-ന് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ചീഫ് ട്രാഫിക് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എല്ലാ യൂണിറ്റ് മേധാവികള്‍ക്കും നല്കിയ ടി.ആര്‍.1 /000771 /2010 എന്ന സര്‍ക്കുലര്‍ വിവാദമാക്കാനാണ് അടുത്തയിടെ ചിലര്‍ ശ്രമിച്ചത്.

സര്‍ക്കുലറിലെ നിര്‍ദേശം ഇങ്ങനെയാണ്: കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്ന അവസരങ്ങളില്‍ ബസിലോ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിലോ (ഇ.ടിഎം) മതവചനങ്ങള്‍, അടയാളങ്ങള്‍, കൊടികള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയോ സ്വാമിശരണം, അമ്മേ നാരായണ എന്നിവ രേഖപ്പെടുത്തുകയോ പാടുള്ളതല്ല. യാത്രക്കാര്‍ക്ക് നല്കുന്ന ടിക്കറ്റുകളില്‍ യാതൊരു കാരണവശാലും മുകളില്‍ പറഞ്ഞിരിക്കുന്ന യാതൊരുവിധ ആലേഖനങ്ങളും പാടില്ല എന്നുള്ള വിവരം ഓരോ യൂണിറ്റ് ഓഫീസറും പ്രത്യേകം ശ്രദ്ധിക്കണം.

ഇതിലെന്താണ് തെറ്റ്? ഇത് എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ നിര്‍ദേശമാണ്. സാധാരണ കണ്ടുവരുന്ന രണ്ടു വാചകങ്ങള്‍ സര്‍ക്കുലറില്‍ ഉദാഹരണമായി എടുത്തുകാട്ടിയപ്പോള്‍ അതു ഹിന്ദുമത വിരുദ്ധമാക്കി വിവാദമാക്കാന്‍ ചിലര്‍ പ്രസ്താവനകളുമായി ഇറങ്ങി. മാപ്പുപറയാന്‍ മന്ത്രി തയ്യാറാകണമെന്നുവരെയായി ആവശ്യം!

വിവാദക്കാര്‍പറഞ്ഞു പറഞ്ഞ് സ്വാമി ശരണം സ്റ്റിക്കര്‍ എന്നു കാര്യം ലഘൂകരിച്ചു. ഏത് ഉത്സവക്കാലത്തും പരസ്യം ആവശ്യമുള്ള സ്ഥാപനങ്ങള്‍ പടവും വാചകങ്ങളുമുള്ള സ്റ്റിക്കറുകള്‍ ബസുകളില്‍ ഒട്ടിക്കും. ബസുകള്‍ വൃത്തികേടാകുമെങ്കിലും അതൊന്നും അധികൃതര്‍ സാധാരണ തടയാറില്ല.

സ്റ്റിക്കര്‍ പതിപ്പിച്ചില്ലെങ്കില്‍ മതവികാരം വ്രണപ്പെടും എന്നു വാദിക്കുന്നവരുടേയും ദൂരവ്യാപകമായ ഭവിഷ്യത്ത് ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തുന്നവരുടേയും മനസ്സിലിരുപ്പ് എന്താണ്? അതെങ്ങനെ മതേതര വിരുദ്ധമാകും? ആ പറഞ്ഞയാള്‍ ഒന്നു കൂടി കൂട്ടിച്ചേര്‍ത്തു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാ കേന്ദ്രത്തിലേക്ക് അവയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകള്‍ പതിക്കുന്നതിനെ ആരും ഇവിടെ എതിര്‍ത്തിട്ടില്ലെന്നും.

സ്വാമി ശരണം സ്റ്റിക്കര്‍ നീക്കുന്നത് വര്‍ഗീയത ഒഴിവാക്കാനാണെന്ന മന്ത്രിയുടെ പ്രസ്താവനയെ മതവിശ്വാസികളെ അവഹേളിക്കലാണെന്നാണ് മറ്റൊരു കൂട്ടരുടെ ആരോപണം. ഓളത്തിനു ഒരു കാര്യം കൂടി ചോദിക്കുന്നു. സ്‌പെഷല്‍ ബസുകളില്‍ പതിറ്റാണ്ടുകളായി പതിച്ചുവരുന്നത് എന്തു വര്‍ഗീയതയാണ് ഉണ്ടാക്കിയതെന്ന്? പതിറ്റാണ്ടുകള്‍ എന്നൊക്കെ പറയാന്‍ ഒരു രസമുണ്ടല്ലോ.

വിവാദം മൂത്തു വരുന്നതു കണ്ടപ്പോള്‍ ഗതാഗതവകുപ്പു മന്ത്രി ജോസ് തെറ്റയില്‍ രംഗത്തിറങ്ങി. അങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാര്‍ (എന്നുവച്ചാല്‍ ഗവണ്മെന്റ്) നല്കിയിട്ടില്ലെന്നു പത്രക്കുറിപ്പില്‍ അറിയിച്ചപ്പോള്‍ മന്ത്രി മലക്കം മറിഞ്ഞുവെന്നായി മാധ്യമങ്ങള്‍. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ സഞ്ജീബ് കുമാര്‍ പട്‌ജോഷി പറഞ്ഞതത്രേ. വിശ്വാസികളുടെ താത്പര്യങ്ങളെ വൃണപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുകയില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

എന്നാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം.എം.തോമസ് കാര്യങ്ങള്‍ വിശദമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കുലര്‍ എന്നുമാണ് വ്യക്തമാക്കിയത്. ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയ മതവചനങ്ങള്‍ ഒഴിവാക്കിക്കൊണ്ടു തന്നെയാകും ഇപ്രാവശ്യവും ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുക. എന്നാല്‍ ബസുകളില്‍ എഴുതിയിട്ടുള്ള വചനങ്ങള്‍ മാറ്റുകയില്ല.

യഥാര്‍ഥത്തില്‍ ശബരിമല തീര്‍ഥാടന കാലത്ത് (വൃശ്ചികം ഒന്നു മുതല്‍ മകരം ഒന്നു വരെ. അതായത് ഏകദേശം നവംബര്‍ പകുതി മുതല്‍ ജനുവരി പകുതി വരെ) കെ.എസ്.ആര്‍.ടി.സി നടത്തുന്ന പമ്പ സ്‌പെഷ്യല്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളേറെയായി ഇത്തരം പരാതികള്‍ സര്‍ക്കാര്‍ മുമ്പിലുണ്ട് എന്നതാണ് വസ്തുത. പരാതിപ്പെട്ടു മടുത്ത ഒരു വ്യക്തി ഒരു വ്യാഴവട്ടക്കാലം മുന്‍പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിക്ക് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ കത്തയച്ചിരുന്ന കാര്യം പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പൊതു സമൂഹത്തിനു നിരക്കാത്ത പല കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പമ്പ വരെയുള്ള ബസില്‍ ശബരിമല എന്നു ബോര്‍ഡ് വയ്ക്കുന്നത് നിരോധിക്കണം എന്നതായിരുന്നു അതിലൊന്ന്. ആയിരക്കണക്കിനു തീര്‍ഥാടകര്‍ തെറ്റിദ്ധരിക്കപ്പെടുന്നതിനാലായിരുന്നു ആ ആവശ്യം. പമ്പ വരെയേ ബസുകള്‍ ഓടുന്നുള്ളു. അവിടെ നിന്നു കുറഞ്ഞതു രണ്ടു കിലോമീറ്റര്‍ മലകയറിയാലേ ശബരിമലയിലെത്തൂ. അതുണ്ടോ അന്യദേശങ്ങളില്‍ നിന്നു വരുന്ന തീര്‍ഥാടകര്‍ മനസിലാക്കുന്നു? ഏതായാലും അധികം വൈകാതെ ശബരിമല ബോര്‍ഡുകള്‍ ഒഴിവാക്കി. ശബരിമലയിലേക്ക് മല കയറാനാണ് ആളുകള്‍ അറിഞ്ഞുകൊണ്ടു പോകുന്നതെന്നും അതിനാല്‍ ശബരിമല എന്നു തന്നെ ബോര്‍ഡു വയ്ക്കണമെന്നും അന്നു ഭക്തജന സ്‌നേഹികള്‍ ആരും ആവശ്യപ്പെട്ടില്ല! കാരണം അതിലൊരു തട്ടിപ്പിന്റെ ലാഞ്ചനയുണ്ടെന്നു കടുത്ത മതതീവ്രവാദികള്‍ക്കു പോലും തോന്നി.

പിന്നെ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളില്‍ മണ്ഡലകാലത്ത് അയ്യപ്പന്റെ പടം വച്ചും പൂജനടത്തിയും ഭസ്മം വിതരണം ചെയ്തും കാണിക്കപ്പെട്ടി വച്ചു പണം പിരിച്ചും താത്കാലിക അമ്പലങ്ങള്‍ സ്ഥാപിക്കുന്നതു തടയണമെന്നായിരുന്നു ആവശ്യം. പരിസരത്ത് വെട്ടമില്ലേലും നാട്ടുകാര്‍ വൈദ്യുതിക്കു ബുദ്ധിമുട്ടുമ്പോഴും ഒരു ലോഭവും കൂടാതെ ഇത്തരം താത്കാലിക അമ്പലങ്ങളില്‍ വന്‍ തോതില്‍ വൈദ്യുത ദീപാലങ്കാരം വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി നടത്തുന്നതിനേയും ചോദ്യം ചെയ്തിരുന്നു. യാത്രക്കാര്‍ക്കു തടസ്സമുണ്ടാകുന്ന രീതിയില്‍ രാത്രികാലങ്ങളില്‍ ബഞ്ചും ഡസ്‌ക്കും പിടിച്ചിട്ട് വിളക്കുകള്‍ നിരത്തിവയ്ക്കുന്നതും ഭജന നടത്തുന്നതും ഭക്തിയല്ല ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്. എല്ലാ പെരുന്നാളിനും പുണ്യവാളന്റെ രൂപവും നേര്‍ച്ചപ്പെട്ടിയും ബസ് സ്റ്റാന്‍ഡുകളില്‍ സ്ഥാപിച്ചാല്‍ എങ്ങനെയിരിക്കും? എല്ലാത്തിനും അതിന്റേതായ ഒരു രീതി വേണം.

അടുത്തതാണ് പടവും വചനവും. ബസുകളുടെ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്വാമി ശരണം എന്നു എഴുതിയും അയ്യപ്പന്റെ രേഖാചിത്രം വരച്ചും വയ്ക്കുന്നത് വിവിധ മതക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. ഡോറുകളുടെ അരികിലും ഇത്തരം ബോര്‍ഡുകള്‍ തൂക്കിയിരുന്നു. വിന്‍ഡ് സ്‌ക്രീനില്‍ കോര്‍പറേഷന്‍ വകയായി പടങ്ങള്‍ സ്റ്റെന്‍സില്‍ ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. പൊതുജനങ്ങള്‍ എല്ലാം സഞ്ചരിക്കുന്ന പൊതുഗതാഗത വാഹനങ്ങളില്‍ ഏതായാലും ഇതിന്റെ ആവശ്യമില്ല.

എന്തുകൊണ്ടോ അതിനു ശേഷം ഇടക്കാലത്ത് ബോര്‍ഡുകളില്‍ നിന്നു സ്വാമി ശരണം ഒഴിവായി. പിന്നെ ഇപ്പോഴാണ് ടിക്കറ്റില്‍ മതമന്ത്രങ്ങള്‍ പാടില്ലായെന്നു കോര്‍പറേഷന്‍ നിര്‍ദേശിക്കുന്നത്. ഇത് മതവിശ്വാസം ഇല്ലാതാക്കി നിരീശ്വര സമൂഹത്തെ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും മറ്റും ചിലര്‍ മനഃപൂര്‍വം കരുതിയാല്‍ എന്തുചെയ്യും?


പിന്‍കുറിപ്പ്: പമ്പയിലേക്കുള്ള ബസുകള്‍ സംബന്ധിച്ച് യാത്രക്കാര്‍ക്ക് ഒന്നേ പറയാനുള്ളു. ഇരുമുടിക്കെട്ടില്ലാത്തവരേയും ബസില്‍ കയറ്റണം. പലപ്പോഴും മറ്റുയാത്രക്കാരെ ഇത്തരം ബസുകളില്‍ നിന്നു ഒഴിവാക്കുന്നതു കാണാം. ഒരു ദിവസം എറണാകുളത്ത് പെട്ടെന്നു ട്രെയിനുകള്‍ നിലച്ചപ്പോള്‍ ബസ് സ്‌റ്റേഷനില്‍ തടിച്ചു കൂടിയ കോട്ടയത്തിനു മറ്റും പോകേണ്ട സാധാരണ യാത്രക്കാര്‍ മറ്റു മാര്‍ഗമില്ലാതെ അതുവഴി പോകുന്ന പമ്പ ബസുകളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടര്‍മാര്‍ തടഞ്ഞത് അടിയില്‍ കലാശിച്ചില്ലെന്നേയുള്ളു.

Wednesday, October 27, 2010

ചെയ്തുകൊടുക്കേണ്ട കാര്യങ്ങള്‍


തോമസ് മത്തായി കരിക്കംപള്ളില്‍

ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് -പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ - തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങള്‍ക്കു അവര്‍ പറയാതെ തന്നെ ചെയ്തുകൊടുക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. ഖേദകരമെന്നു പറയട്ടെ നാട്ടുകാര്‍ അവ ചോദിച്ചു ചോദിച്ചിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി തീരുന്നതല്ലാതെ കാര്യങ്ങള്‍ മിക്കതും നടക്കാറില്ല.

ജനങ്ങള്‍ക്ക് അത്യാവശ്യം എന്താണ് വേണ്ടത്? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക കര്‍ത്തവ്യത്തില്‍പ്പെടും പരിസരശുചീകരണം. അതിന് ഖര-ദ്രവ മാലിന്യങ്ങള്‍ സമയത്തുതന്നെ ശേഖരിച്ച് മാലിന്യസംസ്‌ക്കരണം നടത്തണം. കേരളത്തില്‍ എവിടെ ചെന്നാലും വഴിവക്കുകളില്‍ മാലിന്യക്കൂമ്പാരങ്ങളാണു സദാസമയവും കാണുന്നത്. പിന്നെയുള്ളത് വഴി, വെള്ളം, വെളിച്ചം. ഇതെല്ലാം കൂടി എല്ലാവര്‍ക്കും നല്കാനാകില്ല. എന്നാല്‍ ക്രമബദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷങ്ങള്‍ കൊണ്ടാണെങ്കിലും ഭംഗിയായി എത്തിക്കാവുന്നതേയുള്ളു ജനപ്രതിനിധികള്‍ക്കും ഭരണാധികാരികള്‍ക്കും ഇതൊക്കെ.

മാലിന്യസംസ്‌കരണത്തിനും വഴിവക്കുകള്‍ വൃത്തിയാക്കുന്നതിനും ജനങ്ങളുടെ സഹകരണം ഏറെ ആവശ്യമാണ്. വീട്ടിലേയും സ്ഥാപനങ്ങളിലേയും മാലിന്യം ഒരു നാണവുമില്ലാതെ വഴിയിലേക്കു വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കേണ്ടത് ആദ്യം നാട്ടുകാര്‍. എന്നാല്‍ വഴിവക്കില്‍ കൂടുന്ന മാലിന്യം കുറഞ്ഞപക്ഷം രാവിലേയും വൈകുന്നേരവും ശേഖരിച്ച് മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിലെത്തിച്ച് സംസ്‌ക്കരണം ചെയ്യേണ്ട ചുമതല മുനിസിപ്പാലിറ്റിക്ക്. മലിന ജല, മലിന വസ്തു നിര്‍മ്മാര്‍ജനത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല മിക്കയിടങ്ങളിലും. എല്ലാ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും സബ്‌സിഡി നിരക്കില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ കൊടുത്താല്‍ മാലിന്യത്തിന്റെ അളവ് വളരെ കുറയും. അത് പ്രയോജനമുള്ള പാചകവാതകമായും വളമായും മാറുകയും ചെയ്യും.

പ്രദേശത്തെ റോഡുകള്‍, കലിങ്കുകള്‍, പൊതുസ്ഥലങ്ങള്‍, മൈതാനം, തെരുവു വിളക്കുകള്‍, കുളങ്ങള്‍, കിണറുകള്‍, തോടുകള്‍ തുടങ്ങിയവയുടെ നിര്‍മാണവും പരിപാലനവും പലയിടങ്ങളിലും ഗൗരവമായി എടുക്കാത്തതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ തുടരുന്നത്.

വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനും അലഞ്ഞുതിരിയുന്ന നാല്ക്കാലി ശല്യത്തിനും ഫലപ്രദമായ നിരോധനമില്ല. പേപ്പട്ടികടിച്ച് ആളുകള്‍ ദുരിതമനുഭവിച്ച് മരിച്ചാലും മൃഗസ്‌നേഹത്തിന്റെ പേരില്‍ നായ്ക്കളെ വഴിനീളെ തുടലഴിച്ചു വിടുന്നതിനു പിന്തുണനല്കുന്നതിന്റെ മനഃശാസ്ത്രം സാധാരണക്കാര്‍ക്ക് മനസിലാകില്ല.

റോഡിലെ വെള്ളക്കെട്ടുകള്‍, കാണകളുടെ അപര്യാപ്ത്തത, കവലകളുടെ വികസനം, റോഡുകളുടെ വീതികൂട്ടല്‍, ശുദ്ധജലവിതരണം, അറവുശാലകളുടെ കുറവ് അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ നടപ്പിലാക്കാനും പരിഹരിക്കാനും കാണും.

ഇതിലേക്കാലുപരി നമ്മുടെ നാട് ശുചീകരിച്ചു നിലനിര്‍ത്താനും ഭംഗിയായി സൂക്ഷിക്കാനും എല്ലാവരും കൂടെ കൈകോര്‍ക്കാതെ സാധ്യമല്ലെന്നും ഓര്‍ക്കുക.

Tuesday, October 26, 2010

സ്‌കൂളില്‍ നിന്നു നേരേ റോഡിലേക്ക്


തോമസ് മത്തായി കരിക്കംപള്ളില്‍

കേരളത്തിലെ വിദ്യാലയങ്ങള്‍ പലതില്‍ നിന്നും വൈകുന്നേരം വിദ്യാര്‍ഥികളെ വിടുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും അതുമൂലമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാന്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

റോഡുകളോടു ചേര്‍ന്നുള്ള സ്‌കൂളുകള്‍ വിടുന്ന സമയത്ത് ഉണ്ടാകുന്ന കുരുക്കുകള്‍ അല്പം മനസുവച്ചാല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഒഴിവാക്കാവുന്നതേയുള്ളു. രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെയല്ല എത്തുന്നതെങ്കിലും ആ സമയത്തും ഗതാഗത തടസ്സം ഏറെയാണ്. അപ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ ഒരുമിച്ച് നൂറുകണക്കിനു കുട്ടികള്‍ ഏതാനും മിനിട്ടുകള്‍ കൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ അതുവഴി പോകുന്നവര്‍ക്കൊക്കെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറയാതിരിക്കുന്നതാണു ഭേദം.

സ്‌കൂള്‍ വിടുമ്പോള്‍ കാല്‍നട വിദ്യാര്‍ഥികള്‍ മാത്രമല്ല വിദ്യാലയവളപ്പുകളില്‍ നിന്നു പുറത്തേക്കൊഴുകുന്നത്. സൈക്കിളുകളും ഓട്ടോറിക്ഷകളും സ്‌കൂള്‍ ബസുകളും വാനുകളുമെല്ലാം ഇടകലര്‍ന്നാണെത്തുക. അതും തിരക്കു കൂടിയ പാതകളിലേക്ക്. അപകടകരമായ അവസ്ഥയാണത്. ഏതാനും മിനിട്ടുകള്‍ കൊണ്ട് ഉണ്ടാകുന്ന ഗതാഗത തടസ്സം മണിക്കൂറുകള്‍ നീളും.

രാവിലേയും വൈകുന്നേരവും ബസുകളിലേയും മറ്റും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ വിവിധ സ്‌കൂളുകളിലെ പഠന സമയം മുന്നോട്ടും പുറകോട്ടും അഥവാ പല സമയത്തും ആക്കണമെന്ന് മുന്‍പ് അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതു കേരളത്തില്‍ നടപ്പാക്കുക അത്ര എളുപ്പമല്ല. പ്രയോജനങ്ങള്‍ ആരും കണക്കിലെടുക്കില്ല. അതുമൂലമുണ്ടാകുന്ന ചില ബുദ്ധിമുട്ടുകള്‍ എടുത്തുകാട്ടി കണ്ണടച്ചു എതിര്‍ക്കും.

അപ്പോള്‍ പിന്നെ ഒരോ സ്‌കൂളുകാരും അവരവരുടെ വിദ്യാര്‍ഥികളുടെ സുരക്ഷാകാര്യം കൈകാര്യം ചെയ്യുകയേ നിവൃത്തിയുള്ളു. പലക്ലാസുകള്‍ക്ക് രാവിലേയും വൈകിട്ടും കാല്‍മണിക്കൂര്‍ വ്യത്യാസമെങ്കിലും വരുത്തണം.

ഏതായാലും സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും കൂടി റോഡിലേക്ക് ഒരുമിച്ച് ഇറങ്ങാന്‍ ഇടയാക്കരുത്. പ്രത്യേകിച്ച് പട്ടണ, നഗരപ്രദേശങ്ങളില്‍. അടുത്തടുത്തു സ്‌കൂളുകള്‍ ഉള്ളയിടങ്ങളാണെങ്കില്‍ ആ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കൂടിയാലോചിച്ചു തീരുമാനത്തിലെത്തണം. എല്ലായിടത്തും ട്രാഫിക്ക് പോലീസിനെ ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്‌കൂളുകളിലെ മുതിര്‍ന്ന കുട്ടികളും അധ്യാപകരും ചേര്‍ന്ന് റോഡു മുറിച്ചു കടക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുകയും താത്കാലികമായി ഗതാഗതം നിയന്ത്രിക്കുകയും വേണം.

ഇതിനേക്കാലുപരി സ്‌കൂളിനു മുന്നില്‍ ബസ് സ്റ്റോപ്പ് ഉണ്ടെങ്കില്‍ അവിടെ എല്ലാ ബസുകളും നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റിയിറക്കണം. അല്ലാതെ അവരെ നെട്ടോട്ടം ഓടിക്കരുത്. ബസുകളില്‍ തിക്കിത്തിരക്കി കയറാതെ ക്യൂ പാലിച്ചു കയറാന്‍ വിദ്യാര്‍ഥികളും പഠിക്കണം.

Thursday, October 21, 2010

മടങ്ങിവരുമോ മാധുര്യമേറും മാമ്പഴക്കാലം


തോമസ് മത്തായി കരിക്കംപള്ളില്‍

കേരളത്തില്‍ അഞ്ചു സെന്റ് ഭൂമിയുള്ളവര്‍ പോലും അതില്‍ ഒരു മാവെങ്കിലും വച്ചുപിടിപ്പിക്കും. കേരം നിറഞ്ഞ കേരള നാട്ടില്‍ വ്യാപകമായി വീട്ടുവളപ്പുകളില്‍ കാണുന്ന ഫലവൃക്ഷം മാവാണ്. വര്‍ഷങ്ങള്‍ പരിപാലിച്ചു നിലനിര്‍ത്തുന്ന മാവുകളില്‍ നിന്നുള്ള വിളവ് അടുത്ത വര്‍ഷങ്ങളായി കുത്തനേ കുറഞ്ഞു വരുകയാണ്. പല കാരണങ്ങളാണ് ഇതിനുള്ളത്. മാവിന്റെ എല്ലാ കാലഘട്ടങ്ങളിലും രോഗങ്ങള്‍, കീടശല്യം, ക്രമഭംഗം തുടങ്ങിയവയുണ്ടാകാം. എന്നാല്‍ ഇവയെ പ്രതിരോധിക്കാന്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായി സാധിച്ചെന്നു വരുകയില്ല. വളര്‍ന്നു വലുതായ വൃക്ഷങ്ങളില്‍ കീടനാശിനി തളിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ വിവിധ ബുദ്ധിമുട്ടുകള്‍ കാരണം സാധാരണ നടക്കാറില്ല. കീടബാധയ്ക്കും പ്രാണികള്‍ക്കും എതിരേ ഒരു പ്രദേശമാകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തിയില്ലെങ്കില്‍ അതു ഫലവത്താകുകയുമില്ല.

അങ്ങനെയിരിക്കെയാണ് കേരളത്തിലെ വീട്ടുമാവുകളെ സംരക്ഷിച്ച് പുഷ്ടിപ്പെടുത്തി സീസണുകളില്‍ മാങ്ങാപ്രളയം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന ആവശ്യത്തിന്റെ പ്രാധാന്യം. അതു വളരെ ചെലവുകുറഞ്ഞ രീതിയില്‍ വ്യാപകമായി നടത്താവുന്നതേയുള്ളു. അതിനുള്ള ഭൗതികസാഹചര്യം ഒരുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കുമാകും. കാര്‍ഷിക സര്‍വകലാശാല ഇക്കാര്യത്തില്‍ പിന്നോട്ടു പോകാതെ നൂതനവിദ്യകള്‍ അവതരിപ്പിക്കുകയും പിന്തുണ നല്കുകയും വേണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ പല വര്‍ഷങ്ങളായി ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. മാങ്ങ പോലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരാന്‍ കാത്തിരിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങളാകട്ടെ മികച്ച മാങ്ങകള്‍ വന്‍തോതില്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വിദേശനാണ്യം സമ്പാദിക്കുന്നു.

ഇക്കാര്യം അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു കൈഒഴിയാനാകില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ലേഖകന്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് കത്തുകള്‍ ആവര്‍ത്തിച്ച് അയച്ചിട്ടുണ്ട്. ഇതുപോലെ പലരും ചെയ്തിട്ടുണ്ടെന്നും അറിയാം. എന്നാല്‍ ആരും എനിക്കൊരു മറുപടി പോലും കിട്ടിയിട്ടില്ല. കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ പോലും നിസംഗതാ മനോഭാവം കാട്ടുന്നതാണ് കൂടുതല്‍ ഖേദകരം. സംസ്ഥാനത്തെ സംബന്ധിച്ച് നിസാരമല്ല ഈ കാര്യം. കേരളത്തിലെ ഫലവൃക്ഷങ്ങളില്‍ നിന്ന് ഏറ്റവും മികച്ചതായ ഉത്പാദനമുണ്ടാക്കാന്‍ പൊതുജനങ്ങളെ സഹായിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്.

ഏറ്റവും ഒടുവിലായി 2009 ജൂണ്‍ 30-ന് കേരള മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കു കൂടാതെ കാര്‍ഷിക സര്‍വകലാശാലയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ക്രോസ്‌റോഡ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ കത്തയച്ചിരുന്നു. പതിവുപോലെ ആരും അത് കൈപ്പറ്റിയതായി പോലും അറിയിച്ചിട്ടില്ല!

സ്വയം വിശദീകരിക്കുന്ന ആ കത്ത് ഇങ്ങനയായിരുന്നു. ''വിഷയം: സംസ്ഥാനത്തെ മാവുകളില്‍ ഉണ്ടാകുന്ന മാങ്ങകളില്‍ കീടങ്ങളും പുഴുക്കളും വ്യാപകമാകുന്നത് നിയന്ത്രിക്കുന്നതു സംബന്ധിച്ച്. മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥന.

കേരള സംസ്ഥാനത്ത് ധാരാളം മാവുകള്‍ വീട്ടുവളപ്പുകളിലും തോട്ടങ്ങളിലും ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിളവ് കുത്തനെ കുറഞ്ഞു വരുകയാണെന്നുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. കീടശല്യം മൂലം മാങ്ങ വിളവെത്താതെ നശിക്കുകയും വിളവെത്തുന്നവ പുഴു ശല്യം മൂലം ഉപയോഗശൂന്യമാകുകയുമാണ് ചെയ്യുന്നത്. ഈ സീസണിലും അതു വ്യാപകമായിരുന്നു.

സംസ്ഥാനത്തൊട്ടാകെ വിവിധയിനം മാവുകളില്‍ കാണുന്ന ഈ അവസ്ഥയ്‌ക്കെതിരേ ഫലപ്രദമായ നടപടി സര്‍ക്കാര്‍ തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാകണമെന്ന ക്രോസ്‌റോഡ് വായനക്കാരുടെ അഭിപ്രായം സര്‍ക്കാര്‍ മുമ്പാകെ അവതരിപ്പിക്കുന്നതിനാണ് ഈ കത്ത്.

അടുത്ത വര്‍ഷത്തെ സീസണ്‍ മുതല്‍ പുഴുശല്യം നിയന്ത്രണവിധേയമാക്കുന്നതിന് സംസ്ഥാനവ്യാപകമായി ഉടന്‍ തന്നെ ബോധവത്കരണ നടപടികളും കീടനിയന്ത്രണ നടപടികളും ആരംഭിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ പലരും പുഴുക്കളെ നശിപ്പിക്കുന്നതിന് അനിയന്ത്രിതമായ കീടനാശിനി പ്രയോഗം നടത്തുന്നതായും സൂചനയുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ വിവേചനമില്ലാതെ വിഷവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.

കേരളീയര്‍ക്ക് സീസണില്‍ ആവശ്യാനുസരണം ഭക്ഷിക്കാനും കൂടാതെ ശേഖരിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നല്ല തോതില്‍ കയറ്റി അയക്കുന്നതിനും തക്ക വിളവ് സംസ്ഥാനത്ത് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. മാങ്ങ പുഴു തിന്ന് നശിക്കാതെ വിളവെടുത്ത് പഴുപ്പിക്കുന്നതിനാവശ്യമായ ശാസ്ത്രീയ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വീട്ടുവളപ്പുകളില്‍ വളരുന്ന മാവുകള്‍ക്ക് സംരക്ഷണം നല്കാന്‍ ഉതകുന്ന നടപടികളും ആവശ്യമാണ്.''

ഇതുസംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ദയവായി ഉടനേ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. എല്ലാ ജനനന്മകാര്യങ്ങള്‍ക്കുമെന്ന പോലെ ഇക്കാര്യം ശ്രദ്ധിച്ചു നടപടിയെടുക്കാനും നാട്ടില്‍ ആളില്ല. എല്ലാ വര്‍ഷവും മാവുകള്‍ പതിവുപോലെ പൂക്കും. കൊഴിയും. മാങ്ങയാകുന്നവ പുഴുതിന്നും.

ഇന്ത്യയിലെ മാങ്ങകളെക്കുറിച്ചും കീടനിയന്ത്രണത്തെക്കുറിച്ചും മറ്റും കൂടുതല്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.horticultureworld.net/mango-india.htm

Monday, October 18, 2010

ബഹുമുഖ പ്രതിഭയായ ടാഗോര്‍


തോമസ് മത്തായി കരിക്കംപള്ളില്‍

ഹുമാനപൂര്‍വം ഗുരുദേവ് എന്നു വിളിക്കുന്ന രവീന്ദ്രനാഥ ടാഗോറിന്റ (1861 മേയ് 7-1941 ഓഗസ്റ്റ് 7) ജീവിതത്തേയും കലാസാഹിത്യ സൃഷ്ടികളേയും കുറിച്ചുള്ള സഞ്ചരിക്കുന്ന ട്രെയിന്‍ പ്രദര്‍ശനം റെയില്‍വേയുടെ ജനാഭിമുഖ്യത്തിന് ഒരു തെളിവുകൂടി നല്കുന്നു. അടുത്തകാലത്തായി റെയില്‍വേ അനേകം വിഷയങ്ങളില്‍ ഇങ്ങനെ ട്രെയിനിലുള്ള പ്രദര്‍ശനങ്ങള്‍ കൂടുതലായി നടത്തുന്നുണ്ട്.

ടാഗോറിന്റെ നൂറ്റമ്പതാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായാണ് 'സംസ്‌കൃതി യാത്ര' എന്ന സഞ്ചരിക്കുന്ന മ്യൂസിയം റെയില്‍വേ ഒരുക്കിയത്. ഇന്ത്യന്‍ റെയില്‍വേസിന്റെ ബഹുമാന സൂചകമായ ഒരു അവതരണം. ബഹുമുഖപ്രതിഭയായിരുന്ന ടാഗോറിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനം 2010 മേയ് ഒന്‍പതിനാണ് കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്ത ഹൗറ റെയില്‍ മ്യൂസിയത്തില്‍ നിന്ന് ഫഌഗ് ഓഫ് ചെയ്തത്. രാജ്യം ചുറ്റിയുള്ള പര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18 മുതല്‍ 20 വരെ എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാന്‍ സൗകര്യം ഒരുക്കി. സമൂഹത്തിന്റെ എല്ലാ രംഗങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രചോദനം നല്കുന്ന വിധത്തിലാണ് പ്രദര്‍ശനം രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏകദേശം നൂറു പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലൂടെ പ്രദര്‍ശനം നടത്തി ട്രെയിന്‍ കടന്നുപോകും. 2011 മേയ് എട്ടിന് ഹൗറയില്‍ തിരിച്ചെത്തും. ബംഗ്ലാദേശിലൂടെയും ട്രെയിന്‍ കടന്നുപോകും.

കൊല്‍ക്കൊത്തയിലെ ബാല്യകാലത്തിനിടയ്ക്ക് എട്ടാം വയസില്‍ തന്നെ ടാഗോര്‍ കവിത എഴുതാനാരംഭിച്ചു. പതിനാറു വയസിനുള്ളില്‍ തന്നെ പ്രധാനപ്പെട്ട പല രചനകളും എഴുതിക്കഴിഞ്ഞു.

കവിതയിലെന്ന പോലെ നാടകം, നോവല്‍, ചെറുകഥ ഉപന്യാസം, സാഹിത്യവിമര്‍ശനം, ആത്മകഥ എന്നീ സാഹിത്യവിഭാഗങ്ങളിലും അദ്വിതീയമായ സംഭാവനകള്‍ ടാഗോറിന്റേതായുണ്ട്. സാഹിത്യത്തിനു പുറമേ സംഗീതം, ചിത്രരചന, അഭിനയം, നൃത്തം എന്നീ കലകള്‍ക്കും അദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്കി. ബംഗാളി സാഹിത്യത്തേയും സംഗീതത്തേയും നവീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രമുഖ പങ്കു വഹിച്ചു. ക്ലാസിക് സാഹിത്യത്തിന്റെ സങ്കീര്‍ണതകളെ മറികടന്ന് ലളിതമായ ആഖ്യാനരീതി സാഹിത്യത്തിന് നല്കാന്‍ അദ്ദേഹത്തിനായി.

പ്രാര്‍ഥനാഗീതങ്ങളായ ഗീതാഞ്ജലി കൂടാതെ ഗോര, ഘോര ബൈരേ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികളില്‍ ചിലതാണ്. നൊബേല്‍ സമ്മാനത്തിന്‌ ടാഗോറിനെ അര്‍ഹമാക്കിയ ഗീതാഞ്ജലി 1912-ലാണ് പുറത്തുവന്നത്. പ്രമുഖ പാശ്ചാത്യ കവിയായ ഡബ്ല്യു ബി യേറ്റ്‌സായിരുന്നു ഇംഗ്ലീഷില്‍ പുറത്തുവന്ന കൃതിക്ക് ആമുഖക്കുറിപ്പ് എഴുതിയത്. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയ്ക്ക് പുറമേ ബംഗ്ഌദേശിന്റെ ദേശീയഗാനമായ അമര്‍ സോനാര്‍ ബംഗ്ലായും രചിച്ചത് ടാഗോറാണ്.

ടാഗോറിന്റെ സാഹിത്യപ്രതിഭയ്ക്ക് ലഭിച്ച അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു 1913-ല്‍ അദ്ദേഹത്തിനു ലഭിച്ച നൊബേല്‍ സമ്മാനം. ഇതേത്തുടര്‍ന്ന് 1915-ല്‍ ഉന്നത രാജബഹുമതിയായ നൈറ്റ്ഹുഡ് നല്കി ജോര്‍ജ് അഞ്ചാമന്‍ രാജാവ് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. എന്നാല്‍ 1919-ലെ അമൃത്‌സര്‍ കൂട്ടക്കൊലയെത്തുടര്‍ന്ന് ആ ബഹുമതി ടാഗോര്‍ നിരാകരിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്നു ടാഗോറിന്റെ മറ്റൊരു പ്രവര്‍ത്തന മണ്ഡലം. ആത്മീയതയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ആ മഹത് വ്യക്തിത്വം തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും ലഭിച്ച സമ്പത്തെല്ലാം വിശ്വഭാരതി വിശ്വവിദ്യാലയത്തിന്റെ വികസനത്തിനാണ് ഉപയോഗിച്ചത്.

ആയിരത്തിലധികം കവിതകളും എട്ടു ചെറുകഥാ സമാഹരങ്ങളും ഇരുപത്തിനാല് നാടകങ്ങളും എട്ടു നോവലുകളും ഉള്‍പ്പെട്ടതാണ് ടാഗോറിന്റെ സാഹിത്യസംഭാവനകള്‍. വിദ്യാഭ്യാസം, മതം, തത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സംഗീതലോകത്ത് അദ്ദേഹത്തിന്റെ സംഭാവനയായി രണ്ടായിരത്തിലധികം ഗാനങ്ങളുണ്ട്. ഗാനങ്ങള്‍ക്കെല്ലാം അദ്ദേഹം തന്നെയാണ് സംഗീതം നല്കിയിരിക്കുന്നതും. 1929-ല്‍ ടാഗോര്‍ ചിത്രരചനയും ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പല രചനകളും ഇപ്പോഴും പ്രദര്‍ശനങ്ങളിലുണ്ട്.

ആധുനിക ഭൗതികശാസ്ത്രത്തിലും ആഗാധമായ അറിവ് ടാഗോറിനുണ്ടായിരുന്നു. ക്വാണ്ടം ബലതന്ത്രവും കായോസ് സിദ്ധാന്തവും അദ്ദേഹത്തിനു വഴങ്ങുന്നതായിരുന്നു. ഈ ആധുനിക ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി 1930-ല്‍ അദ്ദേഹം പ്രമുഖ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനുമായി സംവാദത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍, എച്ച്.ജി.വെല്‍സ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളുടെ ശബ്ദശേഖരം ടാഗോറിന്റെ ബഹുമുഖ പ്രതിഭ അനാവരണം ചെയ്യുന്നവയാണ്.

സംസ്‌കൃതി എക്‌സ്പ്രസിലെ ശീതീകരിച്ച അഞ്ചു കോച്ചുകളിലാണ് ചിത്ര-ഫോട്ടോകളിലൂടെയുള്ള പ്രദര്‍ശനം. കൂടാതെ നാലു കോച്ചുകളും എന്‍ജിനും ഉള്‍പ്പെട്ടതാണ് ട്രെയിന്‍.
  • കോച്ച് ഒന്ന് ജീവന്‍സ്മൃതി. ടാഗോറിന്റെ ജീവിതം, ഓര്‍മ്മകള്‍, ശാന്തിനികേതന്‍, ശ്രീനികേതന്‍.
  • കോച്ച് രണ്ട് ഗീതാഞ്ജലി. ഗീതകങ്ങള്‍, പദ്യങ്ങള്‍, കവിതകള്‍.
  • കോച്ച് മൂന്ന് മുക്തോധാര. ചെറുകഥ, നോവല്‍, നാടകം, ഉപന്യാസം. കൂടാതെ അഭിനേതാവ് എന്ന നിലയിലുള്ള ടാഗോറിന്റെ സംഭാവനകള്‍.
  • കോച്ച് നാല് ചിത്രരേഖ. ടാഗോര്‍ വരച്ച ചിത്രങ്ങള്‍. പോര്‍ട്രേയ്റ്റുകള്‍, ലാന്‍ഡ്‌സ്‌കേപ്പുകള്‍, സ്‌കെച്ചുകള്‍ തുടങ്ങിയവ.
  • കോച്ച് അഞ്ച് ശേഷകഥ, സ്മരണിക. അവസാന നാളുകള്‍, അന്ത്യയാത്ര എന്നിവയുടെ ഫോട്ടോകള്‍. ശാന്തിനികേതനില്‍ നിര്‍മിച്ച കരകൗശലവസ്തുക്കള്‍ കാണാനും വാങ്ങാനും. സിറാമിക് പോട്ടുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, കാര്‍ഡുകള്‍. കൂടാതെ പുസ്തകങ്ങളും.
ടാഗോറിന്റെ നേട്ടങ്ങളും വിചാരങ്ങളും പകര്‍ത്തിയ കോച്ചുകള്‍ ഹൗറ ലിലുവ റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് തയാറാക്കിയത്. കമ്മിറ്റി ഓണ്‍ ഹെരിറ്റേജ് ആന്‍ഡ് കള്‍ച്ചറിന്റെ നിര്‍ദേശപ്രകാരം.

ഇന്ത്യയുടെ നവോത്ഥാനത്തിന്റെ പ്രവാചകനും ഏഷ്യയിലെ ജീവിതത്തിന്റെ നവോദയവുമായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. മനുഷ്യരാശിയ്ക്ക് നിത്യപ്രചോദനമായ ആ മഹാപ്രതിഭയുടെ ജന്മവാര്‍ഷികാഘോഷങ്ങളില്‍ സംസ്‌കൃതി യാത്ര എന്ന പ്രദര്‍ശനത്തിലൂടെ ഭാഗമാകുന്നതില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാനം കൊള്ളുകതന്നെ ചെയ്യാം.

Friday, October 15, 2010

ചുണ്ടന്‍വള്ളങ്ങളെ കാത്തുസൂക്ഷിക്കാം


തോമസ് മത്തായി കരിക്കംപള്ളില്‍

കുട്ടനാടന്‍ ജനതയുടെ കരുത്തിന്റേയും ഒരുമയുടേയും പ്രതാപത്തിന്റേയും പ്രതീകങ്ങളായ ചുണ്ടന്‍ വള്ളങ്ങളെ കാത്തുസൂക്ഷിക്കുകയെന്നത് കുട്ടനാട്ടുകാരുടെയെല്ലാം ആഗ്രഹമാണ്. എന്നാല്‍ പല കാരണങ്ങളാലും ചുണ്ടന്‍വള്ളങ്ങള്‍ക്കു വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കരക്കാര്‍ക്കോ ഉടമകള്‍ക്കോ ആകുന്നില്ല. ആവേശം ഏറെയുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരെ പിന്നോട്ടുവലിക്കും. ഓണക്കാലത്തോടു ചേര്‍ന്നുവരുന്ന ഏതാനും വള്ളംകളികളില്‍ മാത്രമാണ് ചുണ്ടന്‍ വള്ളങ്ങള്‍ക്കു പങ്കെടുക്കാനാകുക. ആറന്മുളയിലെ പള്ളിയോടങ്ങളുടെ അവസ്ഥയും ഏകദേശം ഇതുപോലെയൊക്കെത്തന്നെ.

കേരളത്തില്‍ -അതേ കേരളത്തില്‍ മാത്രം- നടത്തപ്പെടുന്ന വള്ളംകളികളെ ഏതൊക്ക വിധത്തില്‍ പരിപോക്ഷിപ്പിക്കാമെന്നു സര്‍ക്കാരും കായികപ്രേമികളും ചേര്‍ന്നു തീരുമാനിച്ചു അവ നടപ്പിലാക്കേണ്ട കാലം അതിക്രമിക്കുകയാണ്. വള്ളംകളികളില്‍ സമ്മാനത്തുകകള്‍ വര്‍ധിപ്പിക്കുക, ബോണസ് നല്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രം ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളി വേളയില്‍ ഉയര്‍ന്നു വരും. മറ്റു കളികളികളാകട്ടെ നടത്തിപ്പൂകാരുടെ ആവേശം മൂലം അങ്ങനെ നടന്നുപോകുന്നുവന്നേയുള്ളു.

കേരളത്തിലെ വള്ളംകളികള്‍ക്ക് ഏകീകൃത ഏര്‍പ്പാടുകള്‍ വേണമെന്നും കളികള്‍ക്കെല്ലാം കൃത്യദിവസങ്ങള്‍ നിശ്ചയിക്കണമെന്നും ടൈംടേബിള്‍ വളരെ നേരത്തേ തയ്യാറാക്കി ലോകമെമ്പാടും എത്തിക്കണമെന്നും വളരെ വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളാണെങ്കിലും അതിനു നടപടിയെടുക്കേണ്ടവര്‍ അതു ചെയ്യുന്നില്ല. ഇതിനിടെ പല വള്ളംകളി മത്സരങ്ങളും വര്‍ഷംതോറും നടത്താറുമില്ല. ഓരോ വള്ളംകളികള്‍ക്കും അതിന്റേതായ ചരിത്രവും സാംസ്‌ക്കാരികത്തനിമയുമുണ്ട്.

രണ്ടായിരത്തിനു തൊട്ടു മുന്‍പ് പുതിയ തടിയില്‍ നിര്‍മിച്ച ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മാണം മന്ദഗതിയിലായിരുന്നുവെങ്കിലും അതിനു ശേഷം ചില വള്ളങ്ങള്‍ പുതുതായി നീറ്റിലിറക്കിയതും പല വള്ളങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തിയതും ശുഭോദര്‍ക്കമാണ്. വള്ളത്തിന്റെ പരമ്പരാഗത പണിരീതികള്‍ മാറ്റാമോ, തടിയല്ലാത്ത വസ്തുക്കള്‍ നിര്‍മാണ വസ്തുക്കളാക്കാമോ എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ക്ക് എത്രയും വേഗം തീരുമാനമുണ്ടാക്കണം. സ്റ്റീല്‍ ചുണ്ടന്‍ വള്ളവും പരമ്പരാഗത വള്ളങ്ങളിലെ കുഷ്യന്‍ സീറ്റും തുടങ്ങി വള്ളങ്ങളുടെ നീളം ഏകീകരണം വരെ വാദപ്രതിവാദങ്ങള്‍ക്കു കാരണമാകുന്നുണ്ട്.

ഇപ്പോള്‍ വര്‍ഷത്തില്‍ ഏറെക്കാലവും വള്ളപ്പുരകളില്‍ തന്നെയാണ് ചുണ്ടന്‍ വള്ളങ്ങള്‍. ബുദ്ധിമുട്ടിയാണെങ്കിലും ആഢ്യത്തിന്റെ ഭാഗമായും താത്പര്യത്തെപ്രതിയും അവയെ കാത്തുസൂക്ഷിക്കുകയാണ്. എന്നാല്‍ വമ്പന്‍വള്ളങ്ങള്‍ക്കും അതു വെള്ളത്തിലിറക്കണമെങ്കില്‍ അഭിഭാജ്യഘടകമായ നൂറുകണക്കിനു തുഴക്കാര്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം എങ്ങനെയുണ്ടാക്കാമെന്നാണ് ചിന്തിക്കേണ്ടത്. കുട്ടനാട്ടിലെ മാറുന്ന സാഹചര്യത്തില്‍ പരമ്പരാഗത തുഴക്കാരെ കിട്ടാതായിക്കൊണ്ടിരിക്കുകയുമാണ്. അപ്പോള്‍ കായികവിനോദമായി തന്നെ വള്ളംകളിയെ മുന്നോട്ടുകൊണ്ടുപോകണം.

വള്ളംകളികളുടെ എണ്ണം എങ്ങനെ കൂട്ടാമെന്നു ചിന്തിക്കണം. പ്രത്യേക അവസരങ്ങളിലും കൂടാതെ വിദേശ വിനോദ സഞ്ചാരികള്‍ക്കുമായും ഇപ്പോള്‍ വള്ളംകളികള്‍ സംഘടിപ്പിക്കാറുണ്ട്. അതു വ്യാപകമാക്കാന്‍ ശ്രമിക്കാം. വള്ളം കളികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ പല കോര്‍പറേറ്റ് കമ്പനികളും തയാറായേക്കും. അവര്‍ക്കു കിട്ടാവുന്ന വമ്പന്‍ പരസ്യം അക്കാര്യത്തില്‍ ആകര്‍ഷകമാകും. വരുമാനമുണ്ടായാലേ വള്ളങ്ങളും കളിക്കാരും നിലനില്ക്കൂ. ചുണ്ടന്‍വള്ളങ്ങളെ വിദേശരാജ്യങ്ങളിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുവെന്നതും നല്ലകാര്യമായേ കണക്കിലാക്കാനാകൂ.

പരസ്യങ്ങളിലും സിനിമാ ഗാനചിത്രീകരണങ്ങളിലും ചുണ്ടന്‍വള്ളങ്ങള്‍ പശ്ചാത്തലമാകുന്നതു മൂലം അവ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള കാഴ്ചക്കാരുടെ മുന്നിലാണെത്തുന്നത്. റേഡിയോയിലെ ദൃക്‌സാക്ഷി വിവരണം ടെലിവിഷനിലായപ്പോള്‍ വിവിധഭാഷകളിലുള്ള സംപ്രേഷണമായി മാറി. ആവശം കൊള്ളിക്കുന്ന വാക്കുകള്‍ ഇപ്പോള്‍ ദൃശ്യഭംഗിയിലുമെത്തുന്നു.

പക്ഷേ ഇതെല്ലാം സംഘടിപ്പിച്ചു വിജയിപ്പിക്കണമെങ്കില്‍ സമര്‍ഥവും സജീവവും ആത്മാര്‍ഥതയുമുള്ളതുമായ നേതൃത്വ സമിതിയുണ്ടാകണം. അതിനു ചിട്ടവട്ടങ്ങളുണ്ടാകണം. അതു സര്‍ക്കാരിന്റെ മാത്രം ഏര്‍പ്പാടാക്കുകയോ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേനയുള്ള പണപ്പിരിവിനു കാരണമാക്കുകയോ ചെയ്തുകൂടാ. വള്ളംകളിയെ സ്‌നേഹിക്കുന്നവരെയാണ് ഇക്കാര്യങ്ങളില്‍ ചുമതലപ്പെടുത്തേണ്ടത്.

ചുണ്ടന്‍വള്ളങ്ങളെ വെള്ളത്തില്‍ മാത്രമല്ല, കരയിലും കാഴ്ചവസ്തുവാക്കാനും അതിലൂടെ വരുമാനമുണ്ടാക്കാനും അവസരമുണ്ടാകണം. വന്‍പ്രദര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്ക് അത് ആകാവുന്നതേയുള്ളു. കേരളത്തിന്റെ തനതായ നിര്‍മാണ വൈശിഷ്ട്യമാണ് അതിലൂടെ കാഴ്ചക്കാരെ പരിചയപ്പെടുത്തുവാന്‍ സാധിക്കുന്നത്. കൊച്ചി ബോള്‍ഗാട്ടിയില്‍ 2010 സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ നടത്തിയ ആറാമതു കേരള ട്രാവല്‍ മാര്‍ട്ടില്‍ (കെടിഎം) ഇങ്ങനൊരു മനോഹര ദൃശ്യം കണ്ടു. രണ്ടു ചുണ്ടന്‍വള്ളങ്ങളാണ് ബോള്‍ഗാട്ടി പാലസിന്റെ പശ്ചാത്തലത്തില്‍ പച്ചപ്പുല്‍ മൈതാനത്ത് അനേകം കാഴ്ചക്കാരെ ആകര്‍ഷിച്ചത്. എത്രയോപേര്‍ അവയില്‍ തൊട്ടും തലോടിയും കണ്‍കുളിര്‍ക്കെക്കണ്ടും ആനന്ദനിര്‍വൃതിയടഞ്ഞു!

വായനക്കാരോട്: കേരളത്തിലെ ചുണ്ടന്‍വള്ളങ്ങളെ സ്‌നേഹിക്കുന്നവര്‍ വള്ളംകളികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും നിലനിര്‍ത്താനുമുള്ള മാര്‍ഗങ്ങള്‍ എഴുതിയറിയിക്കണം. അവ ക്രോഡീകരിച്ച് സര്‍ക്കാരിനു സമര്‍പ്പിക്കാം. ഇ-മെയില്‍: karikkampallil@gmail.com കൂടാതെ അഭിപ്രായങ്ങള്‍ ബ്ലോഗിലെ കമന്റ്‌സില്‍ രേഖപ്പെടുത്തുകയുമാകാം.

Sunday, October 10, 2010

സുല്‍ത്താന്‍ ഖാബൂസിന്റെ ജീവചരിത്രം


തോമസ് മത്തായി കരിക്കംപള്ളില്‍

ന്ത്യ-ഒമാന്‍ ഊഷ്മള സൗഹൃദത്തിനു മലയാളത്തില്‍ നിന്നൊരു കെട്ടുറപ്പ്. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ രാജ്യ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ജീവചരിത്ര സ്മരണിക -ഒമാന്റെ സ്വന്തം പൊന്‍താരകം- പ്രസിദ്ധീകരിച്ചതിലൂടെയാണത്. സുല്‍ത്താന്റെ സചിത്ര ജീവചരിത്രം മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിച്ചത് റീ-ഡിസ്‌കവര്‍ കേരളയാണ്. ലോകചരിത്രത്തില്‍ കേരളീയരുടെ മഹത്തായ സംഭാവന എന്നു നിസംശയം പറയാം.

ഒമാന്റെ വളരുന്ന ഗാംഭീര്യത്തിനും പുരോഗതിക്കും പ്രതാപത്തിനും ഖ്യാതിക്കും പിന്നില്‍ സുല്‍ത്താന്‍ ഖാബൂസിന്റെ പരിശ്രമം നാലു പതിറ്റാണ്ടായി ഏറെയുണ്ട്. ഒമാനെ അനുദിനം പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ജീവിതത്തേയും വ്യക്തിത്വത്തേയും കാഴ്ചപ്പാടിനേയും വ്യക്തമാക്കുന്ന സചിത്ര ജീവചരിത്രം സുല്‍ത്താനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കുമായിട്ടാണ് റീ-ഡിസ്‌കവര്‍ കേരള സമര്‍പ്പിച്ചിട്ടുള്ളത്. ഒമാന്റെ അനുദിന വികസനത്തിനായുള്ള മലയാളികളുടെ അധ്വാനവും സഹകരണവും ഏറെ വിലമതിക്കപ്പെടുന്നുണ്ട്. ഒമാന്‍ സുല്‍ത്താന്റേയും പൗരന്മാരുടേയും പിന്തുണ പ്രവാസികള്‍ക്ക്
എപ്പോഴും ആവേശവും അഭിമാനവുമാകുന്നു.

സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ പേരും പെരുമയും ലോകത്താകമാനമെത്തിച്ച ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് തികച്ചും വ്യത്യസ്ഥനാണ്. ഉത്തമനായ ഒരു ഭരണാധികാരിക്കു വേണ്ട ഗുണങ്ങളാണ് സുല്‍ത്താന്‍ ജീവിതത്തിലുടനീളം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളും പ്രവാസികളും അതിനാല്‍ സുല്‍ത്താനെ ഏറെ ബഹുമാനിക്കുന്നു.

ഒമാനിലെ ദോഫാറിലുള്ള സലാലയില്‍ ഒമാന്റെ ഭാവി സമ്പന്നതയുടേയും മഹിമയുടേയും തുടക്കം 1940 നവംബര്‍ 18-നായിരുന്നു. പിന്നീട് ഒമാന്റെ പ്രതാപവും ഖ്യാതിയും ലോകമെമ്പാടും എത്തിച്ച ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദ് അന്നാണ് ജനിച്ചത്. സുല്‍ത്താന്‍ സയിദ് ബിന്‍ തായ്മൂറിന്റെ ഏക പുത്രന്‍. മസ്‌ക്കറ്റിന്റേയും ഒമാന്റേയും സിംഹാസനത്തിന്റെ അനന്തരാവകാശി. മസ്‌വോണ്‍ ബിന്ത് അഹമ്മദാണ് മാതാവ്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് 1970 ജൂലൈ 23-നാണ് സ്ഥാനാരോഹിതനായത്. മസ്‌ക്കറ്റിലായിരുന്നു സ്ഥാനാരോഹണം. മസ്‌ക്കറ്റ് ആന്‍ഡ് ഒമാന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ അദ്ദേഹം സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നു പേരുമാറ്റി. രാജ്യത്തിന്റെ രാഷ്ട്രീയ ഏകത്വം കൂടുതല്‍ വ്യക്തമായി പ്രതിഫലിപ്പിക്കാനായിരുന്നു അത്.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് സ്ഥാനാരോഹണം ചെയ്ത ദിനമായ ജൂലൈ 23 സ്ഥാനാരോഹണ ദിനമായും (അക്‌സഷന്‍ ഡേ) ജന്മദിനമായ നവംബര്‍ 18 ദേശീയ ദിനമായും (നാഷണല്‍ ഡേ) ഒമാനില്‍ ആഘോഷിക്കുന്നു. നാല്പതാമത് ദേശീയ ദിനം ഒമാന്‍ 2010-ല്‍ ആഘോഷിക്കുമ്പോള്‍ സുല്‍ത്താന്‍ ഖാബൂസിന് എഴുപതു വയസിന്റെ മികവ്.

സമകാലിക പ്രമേയങ്ങള്‍ക്കായുള്ള മാസികയായ റീ-ഡിസ്‌കവര്‍ കേരള കഴിഞ്ഞ 17 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്നു. കേരള സംസ്ഥാനത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകത്തിലെ മറ്റു രാജ്യങ്ങളിലുമുള്ള മലയാളികളെ ലക്ഷ്യമാക്കിയാണ് മലയാളം-ഇംഗ്ലീഷ് ദ്വിഭാഷാ മാസികയുടെ പ്രസാധനം. മാസികയിലെ വിഭവങ്ങളെ ഭൂഗോളത്തെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യവുമായി ഇന്റര്‍നെറ്റില്‍ റീഡിസ്‌കവര്‍ കേരള ഡോട്ട്‌കോമും ലഭ്യമാണ്.

അന്യരാജ്യങ്ങളിലെ പ്രവാസികളുടെ കാര്യങ്ങളില്‍ എന്നും പ്രത്യേക താത്പര്യമെടുക്കുന്ന മാനേജിംഗ് എഡിറ്റര്‍ സേവ്യര്‍ കാവാലത്തിന്റെ ആശയം നടപ്പിലാക്കിയതോടെയാണ് മലയാളത്തില്‍ ആദ്യമായി സുല്‍ത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടാന്‍ ഇടയായത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ 2010 ഓഗ്‌സറ്റ് 15-നാണ് 'ഒമാന്റെ സ്വന്തം പൊന്‍താരകം' അച്ചടിച്ചുപുറത്തിറക്കിയത്.


'ഒമാന്റെ സ്വന്തം പൊന്‍താരക'-ത്തിന്റെ പിഡിഎഫ് പതിപ്പ് വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: http://www.rediscoverkerala.com/publicationspages/pdfs/pontharakam.pdf

Saturday, October 9, 2010

ആ നൂറു രൂപ തിരിച്ചുകൊടുക്കുമോ?


തോമസ് മത്തായി കരിക്കംപള്ളില്‍

കേരള പോലീസിന്റെ പണം പിരിക്കലിനെക്കുറിച്ച് എപ്പോഴും പരാതി ഉയരാറുണ്ട്. നിയമപരമായും അല്ലാതെയും സൗകര്യം പോലെ പിരിച്ചുകളയുമെന്നാണ് അനുഭവസ്ഥര്‍ പറയാറുള്ളത്. നിയമം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു വേണ്ടിയാണ് പിരിക്കുന്നതെങ്കില്‍ നിയമക്കുടുക്കുകളില്‍ നിന്ന് ഒഴിവാക്കാമെന്നു പറഞ്ഞായിരിക്കും പോലീസുകാരുടെ സ്വകാര്യ പിരിവ്. എന്തായാലും നാട്ടുകാര്‍ നരകിച്ചതു തന്നെ.

സര്‍ക്കാരിന്റെ വരുമാന മാര്‍ഗം നാട്ടുകാരെ ചുരണ്ടി എങ്ങനെ കൂട്ടാമെന്നാണ് പലപ്പോഴും പോലീസ് ഗവേഷണം. വരവ് നല്ലൊരു പങ്കു കൂടുമെന്നുള്ളതു കൊണ്ട് ഇടതോ വലതോ ആരോ ആകട്ടെ, സംസ്ഥാന ഭരണം കിട്ടിയാല്‍ പെറ്റി കേസുകളാണ് പോലീസിലൂടെയുള്ള നല്ലൊരു വരുമാന ശ്രോതസ്. കവര്‍ച്ചക്കാരേയും പിടിച്ചുപറിക്കാരേയും സാമൂഹ്യവിരുദ്ധരേയും പിടികൂടിയില്ലെങ്കിലും റോഡിലിറങ്ങി പതുങ്ങി നിന്ന് വാഹനപരിശോധനയെന്ന പേരില്‍ പെറ്റി കേസ് അടിച്ച് അവര്‍ ജോലിചെയ്യും!

ഹെഡ്‌ലൈറ്റിലെ കറുത്ത പൊട്ട് മാഞ്ഞുപോയി, ഫോഗ് ലൈറ്റില്ല എന്നൊക്കെ പറഞ്ഞാണ് പണ്ടു കാലത്ത് പോലീസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നത്. സംഗതി ആധുനികമായതോടെ അതൊന്നും നിയമത്തിലില്ലാതായി. ഇപ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല, സീറ്റ് ബെല്‍റ്റ് ഇട്ടില്ല എന്നൊക്കെ തുടങ്ങി പിഴ ഈടാക്കാന്‍ വകുപ്പുകള്‍ ഏറെയാണ്. ആര്‍ക്കും തിരിയാത്ത വിധത്തില്‍ വകുപ്പും ചേര്‍ത്ത് രസീത് തന്ന് പിഴപ്പണം പോലീസ് വാങ്ങും. അല്ലെങ്കില്‍ കോടതിയില്‍ കൊണ്ട് അടയ്ക്ക് എന്ന് പറഞ്ഞുവിടും.

രസം അവിടെയൊന്നുമല്ല. മര്യാദയ്ക്ക് വണ്ടിയോടിച്ചു പോകുന്നവരെ തടഞ്ഞു നിര്‍ത്തി എന്തെങ്കിലും കുറ്റം കണ്ടെത്താന്‍ ഒരു പാടുമില്ല. ധൃതിപിടിച്ച് പോകുന്നവര്‍ പ്രാകി പിഴയും കൊടുത്ത് പോകും. എന്നാല്‍ ശ്രദ്ധിക്കുക. ലക്കും ലഗാനുമില്ലാതെ വാഹനമോടിക്കുന്നവരെ എപ്പോഴെങ്കിലും പിടിച്ചു നിര്‍ത്താറുണ്ടോ? സിഗ്നല്‍ ലൈറ്റ് വകവയ്ക്കാതെ മുന്നോട്ടു വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ പിടിച്ചിറക്കി നിര്‍ത്താറുണ്ടോ? രാത്രിയില്‍ ഒറ്റക്കണ്ണുമായി പോകുന്ന വണ്ടികളെ എന്താണ് ചെയ്യുക? ഈ സൂചിപ്പിച്ച എല്ലാ കുറ്റങ്ങളും പോലീസും സ്ഥിരമായി ചെയ്യാറുണ്ടെന്നുള്ളതാണ് വസ്തുത. പോലീസാണെങ്കിലും മറ്റു വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടമുണ്ടാക്കരുത്.

പെറ്റി കേസുകളെക്കുറിച്ചാണ് പറഞ്ഞുവന്നത്. നിയമവും വകുപ്പുമൊന്നും പിടിയില്ലാത്തവരുടെ കൈയിലേക്ക് എന്ത് എഴുതിക്കൊടുത്താലും അതുശരിയാണെന്നു കരുതി വാങ്ങിക്കൊണ്ടുപോകും. അതും കേരളത്തില്‍ വ്യാപകമായി നടക്കുന്നു.

ഒരു പൗരന്റെ പരാതി കേള്‍ക്കുക. കൊച്ചി കലൂര്‍ ആസാദ് റോഡ്, വാധ്യാര്‍ ലേയ്ന്‍, ഫ്ഌറ്റ് നമ്പര്‍ 37/2444 ബി, സണ്ണി ജോര്‍ജ് നേരിട്ടു പറഞ്ഞതാണിത്.

"2010 ജൂലൈ 22-ന് മോട്ടോര്‍ സൈക്കിളില്‍ എറണാകുളം കലൂര്‍-കടവന്ത്ര റോഡിലൂടെ വൈകുന്നേരം 5.30-ന് സഞ്ചരിക്കുമ്പോള്‍ കട്ടാക്കര ക്രോസ് റോഡിനു സമീപം വാഹനം പോലീസ് തടഞ്ഞ് പരിശോധന നടത്തുകയുണ്ടായി. വാഹനം ഓടിച്ചിരുന്നപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ വാഹനത്തിനു കൈകാണിച്ചപ്പോഴാണ് മോട്ടോര്‍ സൈക്കിള്‍ റോഡിന്റെ വശത്തേക്കു ഒതുക്കി നിര്‍ത്തിയത്.

രജിസ്‌ട്രേഷന്‍ രേഖകളുടേയൂം മറ്റും ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. അവയാണ് പരിശോധനയ്ക്കായി സമര്‍പ്പിച്ചതും. മഴക്കാലമായതിനാലും വാഹനമോഷണം വളരെ വ്യാപകമായതിനാലൂമാണ് അപ്പ് ടു ഡേറ്റ്് ആയ ഒറിജിനല്‍ രേഖകള്‍ വാഹനത്തില്‍ വയ്ക്കാതിരിക്കുന്നത്.

ഒറിജിനല്‍ ഇല്ലാത്തതിനാല്‍ സബ് ഇന്‍സ്‌പെക്ടര്‍ 100 രൂപ ഉടനേ പിഴ ഈടാക്കി. എറണാകുളം ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ 377-ാം നമ്പരിലുള്ള രസീത് നല്കുകയും ചെയ്തു.

വീട് വളരെ അടുത്താണെന്നും അഞ്ചു മിനിട്ടിനുള്ളില്‍ ഒറിജില്‍ രേഖകള്‍ എടുത്തുകൊണ്ടു വരാമെന്നു പറഞ്ഞിട്ടും അത് അംഗീകരിക്കാതെയായിരുന്നു ശിക്ഷാ നടപടി. ഭാര്യയ്ക്ക് അത്യാവശ്യം വേണ്ടുന്ന ചില മരുന്നുകള്‍ വാങ്ങിവരുകയാണെന്നും ബോധിപ്പിച്ചിരുന്നു. അതിന്റെ രസീതും കാണിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാനുഷിക പരിഗണനയോ സ്വാഭാവിക നീതിയോ ലഭിച്ചില്ല.

വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ 10 ദിവസത്തെ സാവകാശമുണ്ടെന്നാണ് നേരത്തേ പത്രമാധ്യമങ്ങളില്‍ നിന്നു മനസിലാക്കിയിട്ടുള്ളത്. എന്നുതന്നെയുമല്ല, പെറ്റി കേസ് ക്വോട്ട തികയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കേരള ഹൈക്കോടതി ജൂലൈ 20-ന് വിധിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അതിനു വിരുദ്ധമായ നടപടിയുണ്ടായത്. മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട് ഗൗരവമേറിയ കുറ്റം ചെയ്തവര്‍ പരിശോധനയില്ലാതെ രക്ഷപ്പെടുമ്പോള്‍ ചെറിയ ഇരകളെ ലക്ഷ്യമിടുന്ന പോലീസ് നടപടി വിരോധാഭാസമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

അതിനേക്കാള്‍ ഗുരുതരമായ കുറ്റം മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 122, 177 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തി പോലീസ് പിഴ ഈടാക്കിയിട്ടുള്ളത് എന്നാണ്. ഓടിച്ചു വന്നിരുന്ന മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയ ശേഷം അപകടരമായ നിലയില്‍ വാഹനം ഉപേക്ഷിച്ചു പോകുന്നതിനു പ്രസക്തമായ കുറ്റം ചുമത്തിയതും അതിനുള്ള പിഴ ഈടാക്കിയതും ഗുരുതരമായ നിയമലംഘനമാണ്. ഏതുവിധേനയും പണം പിരിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് മനസിലാക്കുന്നത്. ആ വകുപ്പുകള്‍ ഇപ്രകാരമാണ്:

122. Leaving vehicle in dangerous position. No person in charge of a motor vehicle shall cause or allow the vehicle or any trailer to be abandoned or to remain at rest on any public place in such a position or in such a condition or in such circumstances as to cause or likely to cause danger, obstruction or undue inconvenience to other users of the public place or to the passengers.

177. General provision for punishment of offences. Whoever contravenes any provision of this Act or of any rule, regulation or notification made thereunder shall, if no penalty is provided for the offence be punishable for the first offence with fine which may extend to one hundred rupees, and for any second or subsequent offence with fine which may extend to three hundred rupees."

നിയമവിരുദ്ധമായ രീതിയില്‍ പിഴയായി ഈടാക്കിയ 100 രൂപ പോലീസ് തിരിച്ചുകൊടുക്കേണ്ടതല്ലേ? അതിനുള്ള ആര്‍ജവം പോലീസ് കാണിക്കുമോ?

പിന്‍കുറിപ്പ്: പകല്‍വെളിച്ചം പൂത്തു നില്ക്കുന്ന നട്ടുച്ചയ്ക്കു നിന്നു പോലും പോലീസ് പരസ്യമായി കൈക്കൂലി വാങ്ങുന്ന സ്ഥലങ്ങള്‍ ഭരണാധികാരികള്‍ക്കും മേധാവികള്‍ക്കും അറിയാന്‍ മേലാഞ്ഞിട്ടല്ല. അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യും. കൊച്ചിയിലെ തോപ്പുംപടി പുതിയ പാലം വരും മുന്‍പേയുണ്ടായിരുന്ന പഴയ പാലത്തില്‍ ഭാരവണ്ടി ഗതാഗതം പകല്‍ സമയം നിരോധിച്ചിരിക്കുകയാണെന്നായിരുന്നു വയ്പ്പ്. എഴുതപ്പെടാത്തതു കൊണ്ടാണ് വയ്‌പ്പെന്നു പറഞ്ഞത്. പാലത്തിന്റെ ഇരു കരകളിലും നിരോധന സമയം എടുത്തുകാട്ടിയിരുന്ന സൂചനാബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. നാട്ടുനടപ്പും ഊഹവും അതുവഴി കടന്നു പോകുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും അറിയണമെന്നില്ലല്ലോ. തുറമുഖ മേഖലയായതിനാല്‍ കണ്ടെയ്‌നറുകള്‍ കയറ്റിയ വന്‍ ലോറികള്‍ ഉള്‍പ്പടെയുള്ള ഭാരവണ്ടികള്‍ നിരയായി പൊയ്‌ക്കൊണ്ടിരിക്കും. ഏറെയും അന്യപ്രദേശങ്ങളില്‍ നിന്നു വരുന്നവ. നീണ്ടപാലത്തിന്റെ നടുക്കുള്ള ഇടുങ്ങിയ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരന്‍ പരസ്യമായി കൈനീട്ടും. ഡ്രൈവര്‍മാര്‍ പരസ്യമായി തന്നെ കൈമടക്കും കൊടുക്കും. ഇല്ലാത്ത നിരോധനത്തിന്റെ പേരില്‍! നിന്ന നില്പ്പില്‍ അതെല്ലാം പോക്കറ്റിലേക്ക്. വഴിയേ പോകുന്ന യാത്രക്കാര്‍ എല്ലാം ഇതു കാണുകയും ചെയ്യും. പരാതി പറഞ്ഞവര്‍ ഇളിഭ്യരായി. പോലീസുകാര്‍ കൈനീട്ടിക്കൊണ്ടേയിരുന്നു, ഏറെ വര്‍ഷങ്ങള്‍.

സാധാരണ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് കേരള പോലീസ് ഈടാക്കുന്ന ഫൈന്‍ നിരക്കുകള്‍ക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
http://www.fileden.com/files/2010/10/13/2992419/traffic%20offence%20fines%20kerala%2010021601.pdf കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രസിദ്ധീകരിച്ചത്.