Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Thursday, October 21, 2010

മടങ്ങിവരുമോ മാധുര്യമേറും മാമ്പഴക്കാലം


തോമസ് മത്തായി കരിക്കംപള്ളില്‍

കേരളത്തില്‍ അഞ്ചു സെന്റ് ഭൂമിയുള്ളവര്‍ പോലും അതില്‍ ഒരു മാവെങ്കിലും വച്ചുപിടിപ്പിക്കും. കേരം നിറഞ്ഞ കേരള നാട്ടില്‍ വ്യാപകമായി വീട്ടുവളപ്പുകളില്‍ കാണുന്ന ഫലവൃക്ഷം മാവാണ്. വര്‍ഷങ്ങള്‍ പരിപാലിച്ചു നിലനിര്‍ത്തുന്ന മാവുകളില്‍ നിന്നുള്ള വിളവ് അടുത്ത വര്‍ഷങ്ങളായി കുത്തനേ കുറഞ്ഞു വരുകയാണ്. പല കാരണങ്ങളാണ് ഇതിനുള്ളത്. മാവിന്റെ എല്ലാ കാലഘട്ടങ്ങളിലും രോഗങ്ങള്‍, കീടശല്യം, ക്രമഭംഗം തുടങ്ങിയവയുണ്ടാകാം. എന്നാല്‍ ഇവയെ പ്രതിരോധിക്കാന്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായി സാധിച്ചെന്നു വരുകയില്ല. വളര്‍ന്നു വലുതായ വൃക്ഷങ്ങളില്‍ കീടനാശിനി തളിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ വിവിധ ബുദ്ധിമുട്ടുകള്‍ കാരണം സാധാരണ നടക്കാറില്ല. കീടബാധയ്ക്കും പ്രാണികള്‍ക്കും എതിരേ ഒരു പ്രദേശമാകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തിയില്ലെങ്കില്‍ അതു ഫലവത്താകുകയുമില്ല.

അങ്ങനെയിരിക്കെയാണ് കേരളത്തിലെ വീട്ടുമാവുകളെ സംരക്ഷിച്ച് പുഷ്ടിപ്പെടുത്തി സീസണുകളില്‍ മാങ്ങാപ്രളയം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന ആവശ്യത്തിന്റെ പ്രാധാന്യം. അതു വളരെ ചെലവുകുറഞ്ഞ രീതിയില്‍ വ്യാപകമായി നടത്താവുന്നതേയുള്ളു. അതിനുള്ള ഭൗതികസാഹചര്യം ഒരുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കുമാകും. കാര്‍ഷിക സര്‍വകലാശാല ഇക്കാര്യത്തില്‍ പിന്നോട്ടു പോകാതെ നൂതനവിദ്യകള്‍ അവതരിപ്പിക്കുകയും പിന്തുണ നല്കുകയും വേണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ പല വര്‍ഷങ്ങളായി ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. മാങ്ങ പോലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരാന്‍ കാത്തിരിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങളാകട്ടെ മികച്ച മാങ്ങകള്‍ വന്‍തോതില്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വിദേശനാണ്യം സമ്പാദിക്കുന്നു.

ഇക്കാര്യം അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു കൈഒഴിയാനാകില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ലേഖകന്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് കത്തുകള്‍ ആവര്‍ത്തിച്ച് അയച്ചിട്ടുണ്ട്. ഇതുപോലെ പലരും ചെയ്തിട്ടുണ്ടെന്നും അറിയാം. എന്നാല്‍ ആരും എനിക്കൊരു മറുപടി പോലും കിട്ടിയിട്ടില്ല. കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ പോലും നിസംഗതാ മനോഭാവം കാട്ടുന്നതാണ് കൂടുതല്‍ ഖേദകരം. സംസ്ഥാനത്തെ സംബന്ധിച്ച് നിസാരമല്ല ഈ കാര്യം. കേരളത്തിലെ ഫലവൃക്ഷങ്ങളില്‍ നിന്ന് ഏറ്റവും മികച്ചതായ ഉത്പാദനമുണ്ടാക്കാന്‍ പൊതുജനങ്ങളെ സഹായിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്.

ഏറ്റവും ഒടുവിലായി 2009 ജൂണ്‍ 30-ന് കേരള മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കു കൂടാതെ കാര്‍ഷിക സര്‍വകലാശാലയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ക്രോസ്‌റോഡ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ കത്തയച്ചിരുന്നു. പതിവുപോലെ ആരും അത് കൈപ്പറ്റിയതായി പോലും അറിയിച്ചിട്ടില്ല!

സ്വയം വിശദീകരിക്കുന്ന ആ കത്ത് ഇങ്ങനയായിരുന്നു. ''വിഷയം: സംസ്ഥാനത്തെ മാവുകളില്‍ ഉണ്ടാകുന്ന മാങ്ങകളില്‍ കീടങ്ങളും പുഴുക്കളും വ്യാപകമാകുന്നത് നിയന്ത്രിക്കുന്നതു സംബന്ധിച്ച്. മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥന.

കേരള സംസ്ഥാനത്ത് ധാരാളം മാവുകള്‍ വീട്ടുവളപ്പുകളിലും തോട്ടങ്ങളിലും ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിളവ് കുത്തനെ കുറഞ്ഞു വരുകയാണെന്നുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. കീടശല്യം മൂലം മാങ്ങ വിളവെത്താതെ നശിക്കുകയും വിളവെത്തുന്നവ പുഴു ശല്യം മൂലം ഉപയോഗശൂന്യമാകുകയുമാണ് ചെയ്യുന്നത്. ഈ സീസണിലും അതു വ്യാപകമായിരുന്നു.

സംസ്ഥാനത്തൊട്ടാകെ വിവിധയിനം മാവുകളില്‍ കാണുന്ന ഈ അവസ്ഥയ്‌ക്കെതിരേ ഫലപ്രദമായ നടപടി സര്‍ക്കാര്‍ തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാകണമെന്ന ക്രോസ്‌റോഡ് വായനക്കാരുടെ അഭിപ്രായം സര്‍ക്കാര്‍ മുമ്പാകെ അവതരിപ്പിക്കുന്നതിനാണ് ഈ കത്ത്.

അടുത്ത വര്‍ഷത്തെ സീസണ്‍ മുതല്‍ പുഴുശല്യം നിയന്ത്രണവിധേയമാക്കുന്നതിന് സംസ്ഥാനവ്യാപകമായി ഉടന്‍ തന്നെ ബോധവത്കരണ നടപടികളും കീടനിയന്ത്രണ നടപടികളും ആരംഭിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ പലരും പുഴുക്കളെ നശിപ്പിക്കുന്നതിന് അനിയന്ത്രിതമായ കീടനാശിനി പ്രയോഗം നടത്തുന്നതായും സൂചനയുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ വിവേചനമില്ലാതെ വിഷവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.

കേരളീയര്‍ക്ക് സീസണില്‍ ആവശ്യാനുസരണം ഭക്ഷിക്കാനും കൂടാതെ ശേഖരിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നല്ല തോതില്‍ കയറ്റി അയക്കുന്നതിനും തക്ക വിളവ് സംസ്ഥാനത്ത് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. മാങ്ങ പുഴു തിന്ന് നശിക്കാതെ വിളവെടുത്ത് പഴുപ്പിക്കുന്നതിനാവശ്യമായ ശാസ്ത്രീയ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വീട്ടുവളപ്പുകളില്‍ വളരുന്ന മാവുകള്‍ക്ക് സംരക്ഷണം നല്കാന്‍ ഉതകുന്ന നടപടികളും ആവശ്യമാണ്.''

ഇതുസംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ദയവായി ഉടനേ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. എല്ലാ ജനനന്മകാര്യങ്ങള്‍ക്കുമെന്ന പോലെ ഇക്കാര്യം ശ്രദ്ധിച്ചു നടപടിയെടുക്കാനും നാട്ടില്‍ ആളില്ല. എല്ലാ വര്‍ഷവും മാവുകള്‍ പതിവുപോലെ പൂക്കും. കൊഴിയും. മാങ്ങയാകുന്നവ പുഴുതിന്നും.

ഇന്ത്യയിലെ മാങ്ങകളെക്കുറിച്ചും കീടനിയന്ത്രണത്തെക്കുറിച്ചും മറ്റും കൂടുതല്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.horticultureworld.net/mango-india.htm

No comments:

Post a Comment