
തോമസ് മത്തായി കരിക്കംപള്ളില്‍
കേരളത്തിലെ പോലീസ് സേനാംഗങ്ങളുടെ തലയ്‌ക്ക് യാതൊരു വിലയും കല്‌പ്പിക്കുന്നില്ല എന്നാണ് ഭരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. ഭരണത്തിന്റെ അവസാന വര്‍ഷത്തിലേക്കു പ്രവേശിച്ചപ്പോള്‍ പ്രസിദ്ധീകരിച്ച ഭരണനേട്ട പരസ്യങ്ങളിലൊന്നും പോലീസുകാരുടെ സംരക്ഷണത്തിന് അത്യാവശ്യമായ ഈ സംഗതിയെക്കുറിച്ച് പരാമര്‍ശമില്ല.
ഏതു നിമിഷത്തിലും തലയ്‌ക്ക് മാരകമായ പരിക്കേല്‍ക്കാവുന്ന നിലയിലുള്ള ജോലി ചെയ്യുന്ന പോലീസുകാരുടെ തല സംരക്ഷിക്കാന്‍ സര്‍ക്കാരിന് മാത്രമാണ് ബാധ്യത. അതിനു പണം ചെലവാകുമെന്നു കരുതി അതില്‍ നിന്നു പിന്‍മാറി നില്‌ക്കുന്ന നിലപാട് ജനാധിപത്യ സര്‍ക്കാരെന്നു അവകാശപ്പെടുന്ന ഒരു സര്‍ക്കാരിനും ഒരു തരത്തിലും ഭൂഷണമല്ല.
പോലീസ് കോണ്‍സ്‌റ്റബിള്‍മാരേയും ഉദ്യോഗസ്ഥന്മാരേയും എല്ലാം അവരുടെ ഡ്യൂട്ടിവേളയില്‍ റയട്ട് ഹെല്‍മറ്റ് ധരിപ്പിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അതിന് ഒരു ഒഴികഴിവും പാടില്ല. പൊതുവേ സംഘര്‍ഷ വേളകളില്‍ പോലീസുകാരുടെ തല ഉന്നം വച്ചാണ് ആക്രമികള്‍ അക്രമം തൊടുത്തുവിടുന്നത്.
അത്യാവശ്യ വേളകളില്‍ ഇപ്പോള്‍ ചുരുക്കം പോലീസുകാര്‍ തലയില്‍ വയ്‌ക്കുന്ന ഹെല്‍മറ്റുകള്‍ കണ്ടാല്‍ തലയില്‍ കൈവച്ച് പൊതുജനം ദൈവത്തെ വിളിച്ചുപോകും. മുഖത്തിന് ഒരു തരത്തിലും കവചമില്ലാത്ത നിലവാരം കുറഞ്ഞ തൊട്ടാല്‍ പൊട്ടുന്ന മുട്ടത്തോടു പോലുള്ളവയാണ് അവയെന്നുള്ളതു കൊണ്ടാണത്. പലര്‍ക്കും തൊപ്പി പോലുമുണ്ടാകില്ല!. പിന്നല്ലേ, ഹെല്‍മറ്റ്.
പോലീസിനു ക്യാപിനു പകരം റയട്ട് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പല വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്. ക്രോസ്‌റോഡ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ ഏറ്റവും ഒടുവില്‍ 2010 ജനുവരി ഒന്നിനും അധികൃതര്‍ക്ക് കത്ത് അയച്ചിരുന്നു. കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ക്കെല്ലാം കത്തുകള്‍ അയച്ചിട്ടുണ്ട്. അവരാരും തന്നെ ഇതെഴുതുന്ന 2010 മേയ് 31 വരെ മറുപടി അയച്ചിട്ടില്ല. ഇങ്ങനെയൊരു കാര്യത്തിലെ നിലപാട് അറിയിക്കാന്‍ അഞ്ചു മാസം അധികം തന്നെയാണ്.
അധികൃതര്‍ക്ക് അവസാനം അയച്ച കത്ത് ഇങ്ങനെ. അത് സ്വയം വിശദീകരണം നല്‌കും.
''കേരളത്തിലെ പോലീസ് സേനാംഗങ്ങളെ ആക്രമികളും സാമൂഹ്യവിരുദ്ധരും ആക്രമിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സംസ്ഥാന പോലീസ് സേനാംഗങ്ങളുടെ സുരക്ഷയ്‌ക്ക് ആവശ്യമായതും മികച്ചതുമായ സൂത്രോപകരണങ്ങള്‍ (ഗാജിറ്റ്‌സ്) എത്രയും വേഗം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ക്കു ലഭിക്കുന്ന കത്തുകളുടേയും ചില സര്‍വേകളുടേയും മറ്റും അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.
ഇതിന്റെ ആദ്യ ഭാഗമായി സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോണ്‍സ്‌റ്റബിള്‍മാര്‍ക്കും തൊപ്പി (ക്യാപ്)-ക്കു പകരം റയട്ട് ഹെല്‍മറ്റുകള്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നു അഭ്യര്‍ഥിക്കുന്നു. അക്രമികളെ നേരിടാനുള്ള ലാത്തിച്ചാര്‍ജിനിടയിലും മറ്റും തൊപ്പി പോകാതിരിക്കാന്‍ ഒരു കൈ തലയില്‍ പിടിച്ചുകൊണ്ടോടുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് തങ്ങളുടെ ജോലി വേണ്ടവിധത്തില്‍ ചെയ്യാനാകില്ല. അത് അപഹാസ്യവുമാണ്. എന്നു തന്നെയുമല്ല കല്ലേറിലും അപകടങ്ങളിലും തലയ്‌ക്ക് ഏല്‌ക്കുന്ന പരിക്കുകള്‍ മാരകമാകാറുമുണ്ട്. സാധാരണ തൊപ്പി ഒരിക്കലും തലയ്‌ക്ക് ഒരു സംരക്ഷിത കവചമാകുന്നില്ല.
യൂണിഫോമിന്റെ ഭാഗമായുള്ള അലങ്കാര ക്യാപിനു പകരം തല സംരക്ഷിക്കാന്‍ പ്രയോജനപ്പെടുന്ന ഹെല്‍മറ്റുകളാണ് ക്രമസമാധാനം പാലിപ്പിക്കേണ്ട പോലീസിന് ഡ്യൂട്ടിവേളയില്‍ ഉടനീളം ആവശ്യം. ആക്രമണങ്ങളും അപകടങ്ങളും പ്രക്ഷോഭങ്ങളും ലഹളയും ഏതു സമയത്തും പ്രതീക്ഷിച്ചിരിക്കേണ്ട സന്നദ്ധ സേനയാണ് പോലീസ്. ട്രാഫിക് പോലീസിനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം.
സെറിമോണിയല്‍ പരേഡുകളില്‍ മാത്രമേ അലങ്കാര ക്യാപുകള്‍ ആവശ്യമുള്ളു. അങ്ങനെയുള്ള പരേഡുകളില്‍ മാത്രമേ ഇപ്പോഴും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പോലും ഫുള്‍ യൂണിഫോം അണിയുകയുള്ളു എന്നാണ് മനസിലാക്കുന്നത്. കേരളത്തിലെ അഗ്നിശമന സേനാംഗങ്ങളുടെ യൂണിഫോമിന്റെ ഭാഗമായി ഫയര്‍ ഹെല്‍മറ്റുണ്ട്.
കല്ലേറിലും രാസവസ്‌തു പ്രയോഗത്തിലും സ്‌ഫോടന വേളയിലും കവര്‍ച്ചക്കാരുടെയും തീവ്രവാദികളുടേയും മറ്റും ആക്രമണത്തിലും പോലീസ് സേനയില്‍പ്പെട്ടവരുടെ തലയും മുഖവും കണ്ണും കഴുത്തും സംരക്ഷിക്കേണ്ട ബലമുള്ളതും ഉയര്‍ന്ന നിലവാരത്തിലുളളതുമായ തല മുഴുവന്‍ കവര്‍ ചെയ്യുന്ന ഹെല്‍മറ്റിന് വൈസറും ചിന്‍ സ്‌ട്രാപ്പും ഉണ്ടായിരിക്കണം. സേവനത്തിനിടയില്‍ തലയ്‌ക്ക് ഏല്‌ക്കുന്ന പരിക്കാണ് പ്രധാനമായും പോലീസുകാരുടെ മരണത്തിന് ഇടയാക്കുന്നത്. പിന്നാലെ ബോഡി പ്രൊട്ടക്ടറും സേനയിലെ എല്ലാവര്‍ക്കും ലഭ്യമാക്കണം. പോലീസ് സേനാംഗങ്ങളുടെ ജീവന്‍ അമുല്യമാണ്.''
പോലീസിനു ക്യാപിനു പകരം റയട്ട് ഹെല്‍മറ്റ് എന്ന വിഷയത്തില്‍ നിലപാട് എത്രയും വേഗം അറിയിക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്താലേഖനത്തില്‍ മറുപടി ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. മറുപടി ന്യായമായ സമയത്തിനുള്ളില്‍ ലഭ്യമായിട്ടില്ല. അപ്പോള്‍ ഈ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനു താത്‌പര്യമില്ല എന്നു അനുമാനിക്കുക അല്ലാതെ എന്തു നിവൃത്തി?.