തോമസ് മത്തായി കരിക്കംപള്ളില്‍
ഹൈക്കോടതിയില്‍ കോടതി ഹാളുകള്‍ക്ക് നമ്പര്‍ നല്കുന്നതു സംബന്ധിച്ച് എന്തെങ്കിലും നിയമമോ ചട്ടമോ നിയമാവലിയോ മാനദണ്ഡമോ അഥവാ ഉത്തരവോ നിലവിലുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് രജിസ്ട്രാര്‍ ജനറലിന്റേത്. ഈ ലേഖകന്‍ 2005-ലെ വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മനസിലാകാന്‍ ക്രമനമ്പര്‍ സാധാരണഗതിയില്‍ ഇടേണ്ടത് തുടര്‍ച്ചയായിട്ടാണ് എന്നിരിക്കേ ഇടയ്ക്കുള്ള നമ്പര്‍ ഒഴിവാക്കുന്നതിനു കാരണങ്ങളുണ്ടോ, കേരള ഹൈക്കോടതിയില്‍ അങ്ങനെ ഒഴിവാക്കിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന് ഉത്തരവാദിയാരാണ് എന്നും ചോദിച്ചിരുന്നു.
ഹൈക്കോടതിയിലെ കോടതി ഹാളുകളുടെ എണ്ണമിടല്‍ ക്രമത്തില്‍ നിന്ന് 13-നെ ഒഴിവാക്കിയതിന് പ്രത്യേക കാരണമില്ലെന്നാണ് രജിസ്ട്രാര്‍ ജനറല്‍ സൂചിപ്പിച്ചിട്ടുള്ളതെങ്കിലും പഴയ കെട്ടിടത്തില്‍ ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പതിമൂന്നാം നമ്പര്‍ കോടതി ഹാള്‍ ഇല്ലായിരുന്നുവെന്നും പുതിയ ഹൈക്കോടതി സമുച്ചയത്തിലും ആ രീതി തുടരുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സുപ്രീം കോടതിയും മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും പിന്തുടരുന്ന രീതിയാണോ ക്രമനമ്പര്‍ നല്കുന്നതില്‍ കേരള ഹൈക്കോടതി സ്വീകരിച്ചിട്ടുള്ളതെന്ന ചോദ്യത്തിന് അത് അറിയില്ലെന്നാണ് മറുപടി.
കോടതികളുടെ എല്ലാ നടപടിക്രമങ്ങളും നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ് കര്‍ശനമായി നടപ്പിലാക്കുന്നതെന്നിരിക്കേ ഹൈക്കോടതിയില്‍ തോന്നിയതു പോലെ നടപടി സ്വീകരിക്കുന്നതു കണ്ട് പൊതുജനങ്ങള്‍ക്കിടയില്‍ അത്ഭുതമുളവായിട്ടുണ്ട്. മറ്റു കോടതികളിലെ രീതി എങ്ങനെയാണെന്ന് തിരക്കാത്തത് അതിലേറെ അമ്പരപ്പുണ്ടാക്കുന്നു.
കോടതി ഹാളുകള്‍ക്ക് നമ്പര്‍ രേഖപ്പെടുത്തുന്നത് ഏതു തരം അക്കങ്ങള്‍ (ഉദാഹരണം അറബിക്, റോമന്‍, മലയാളം) ഉപയോഗിച്ചായിരിക്കണമെന്ന് വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിന് പ്രത്യേക സംഖ്യാസൂചക രീതി അനുശാസിക്കപ്പെട്ടില്ലെന്നും മറുപടി നല്കിയിട്ടുണ്ട്. സാധാരണക്കാരായ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത റോമന്‍ അക്കങ്ങളില്‍ കോടതി ഹാളുകളുടെ നമ്പര്‍ രേഖപ്പെടുത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം നിലനില്ക്കുന്ന സാഹചര്യത്തിലായിരുന്നു ചോദ്യം.
ഇതേസമയം, ഹൈക്കോടതി പുതിയ മന്ദിരത്തില്‍ 13-ാം നമ്പര്‍ കോടതി ഹാള്‍ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 2006 ഫെബ്രുവരി 14-നു തള്ളിയിരുന്നു. ഹര്‍ജിക്കാരന് 10,000 രൂപ കോടതിച്ചെലവ് വിധിക്കുകയും ചെയ്തു.
കണ്ണൂര്‍ കീഴൂര്‍ റാം നിവാസ് എന്‍.കെ.ചന്ദ്രമോഹന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എം.കെ.ബാലി, ജസ്റ്റിസ് എസ്.സിരി ജഗന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളിയത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരായിരുന്നു എതിര്‍കക്ഷികള്‍. കോടതിച്ചെലവ് രണ്ടാഴ്ചയ്ക്കകം ലീഗല്‍ സര്‍വീസസ് അഥോറിറ്റിയില്‍ അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചിരുന്നതാണ്.
എന്നാല്‍ തെറ്റു തിരുത്താനാണ് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതി ഒരു സ്ഥാപനമാണെന്നും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ വളര്‍ത്തരുതെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരേയുള്ള അപ്പീല്‍ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് വൈ.കെ.സബര്‍വാള്‍, ജസ്റ്റിസ് സി.കെ.താക്കര്‍, ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചിന്റെ 2006 നവംബര്‍ 20-ലെ ഉത്തരവ്.
നമ്പര്‍ 13 ഒഴിവാക്കിയത് ഹൈക്കോടതി ന്യായമായി കരുതുന്നുണ്ടെങ്കില്‍ ഹിന്ദുക്കളായ വ്യവഹാരികളുടെ കേസുകള്‍ രാഹുകാലത്ത് എടുക്കില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മതേതര രാജ്യമായ ഇന്ത്യയില്‍ മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നടപടികള്‍ പാടില്ലെന്നും അന്ധവിശ്വാസങ്ങള്‍ വളര്‍ത്തരുതെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ക്രിസ്ത്യന്‍ മത വിശ്വാസപ്രകാരമാണ് 13-നെ ഒഴിവാക്കിയതെന്ന വാദം ഡിവിഷന്‍ ബഞ്ച് നിരസിച്ചു. കുരിശുമരണത്തിന് മുന്നോടിയായുള്ള യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ വേളയില്‍ 13 അതിഥികള്‍ ഉണ്ടായിരുന്നതിനാലാണ് 13 അശുഭ സംഖ്യയായി കണക്കാക്കിയിട്ടുള്ളതെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ബൈബിളില്‍ അങ്ങനെ പരാമര്‍ശമില്ലെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. അത് വ്യക്തമാക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായിട്ടില്ലെന്നും എടുത്തുകാട്ടി. ക്രിസ്ത്യന്‍ വിശ്വാസത്തിലോ മറ്റേതെങ്കിലും വിശ്വാസത്തിലോ അല്ല ഹൈക്കോടതി പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഹൈക്കോടതിയുടെ പുതിയ മന്ദിരത്തില്‍ സിറ്റിംഗുകള്‍ ആരംഭിച്ചത് 2006 ഫെബ്രുവരി 13-ന് ആയിരുന്നുവെന്ന കാര്യം ഹര്‍ജിക്കാരന്‍ മനഃപൂര്‍വം വിട്ടുകളഞ്ഞതായി ഡിവിഷന്‍ ബഞ്ച് സൂചിപ്പിച്ചു. (ഹൈക്കോടതിക്ക് 13-നോട് വെറുപ്പ് ഇല്ലായെന്നു ലഘൂകരിച്ചു കാണിക്കാന്‍ അന്നാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നു പറഞ്ഞാലും ഉദ്ഘാടനം 11-നാണ് നടത്തിയതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 11-ാം തീയതി ശനിയാഴ്ചയായിരുന്നതിനാലാണ് അടുത്ത പ്രവൃത്തി ദിവസമായ 13-ന് തിങ്കളാഴ്ച സിറ്റിംഗ് ആരംഭിച്ചത്. 12 ഞായറാഴ്ച അവധിയായിരുന്നു. ഉദ്ഘാടനത്തിനു ശേഷം മൂന്നാം ദിനമാണ് സിറ്റിംഗ് തുടങ്ങിയത്.)
ഹിന്ദു വിശ്വാസ പ്രകാരം കര്‍മ്മങ്ങള്‍ക്ക് രാഹുകാലം ഒഴിവാക്കാറുണ്ടെന്ന വാദവും ഹൈക്കോടതി തള്ളി. യാത്രയുടെ ആരംഭവുമായി ബന്ധപ്പെട്ടാണ് രാഹുകാലം നോക്കാറുള്ളതെന്നും ശുഭകാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും ഡിവിഷന്‍ ബഞ്ച് സൂചിപ്പിച്ചു. ചിലര്‍ മാത്രം മറ്റു കാര്യങ്ങള്‍ക്കും നോക്കും. എന്നാലത് ഹിന്ദു മതത്തിന്റെ മൊത്തത്തിലുള്ള നിയമമായി കരുതാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതി അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നതായി ഹര്‍ജിക്കാരന് പരാതിയില്ലെന്നും ഹര്‍ജിക്കാരന് എന്തെങ്കിലും അവകാശം സ്ഥാപിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള ഹര്‍ജിയല്ല എന്നും സൂചിപ്പിച്ചാണ് ഹര്‍ജി കോടതിച്ചെലവ് സഹിതം തള്ളി വിധിച്ചത്.
പഴയ ഹൈക്കോടതിയില്‍ 12-ാം നമ്പര്‍ കോടതി ഹാള്‍ കഴിഞ്ഞാല്‍ അടുത്ത നമ്പര്‍ 12-എ ആയിരുന്നു. പിന്നെ 14-ഉം. റാം മോഹന്‍ പാലസില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈക്കോടതിയില്‍ 1995 വരെ ഹാള്‍ നമ്പര്‍ 13 ഉണ്ടായിരുന്നു. ദുഷിച്ച അക്കം ആണെന്ന വിശ്വാസത്തിലാണ് 13-നെ ഒഴിവാക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
No comments:
Post a Comment