Thursday, June 3, 2010
പാഠം 6: കുട്ടനാടിനെ കുളം തോണ്ടിയവര്‍
തോമസ് മത്തായി കരിക്കംപള്ളില്‍
കുട്ടനാടിനെ കഴിഞ്ഞ നാലു പതിറ്റാണ്ടായി കുളം തോണ്ടിയത് മാര്‍ക്‌സിസ്റ്റുകാര്‍ ആണെന്ന പൊതുജന അഭിപ്രായത്തെ മാര്‍ക്‌സിസ്റ്റുകാരും അംഗീകരിച്ചുകഴിഞ്ഞ മട്ടാണ്. അവര്‍ അതു ഏറ്റുപറയുന്നില്ലെങ്കിലും. അതുകൊണ്ട് ഏഴാം സ്റ്റാന്‍ഡാര്‍ഡിലെ മലയാളം പാഠപുസ്‌തകത്തിലെ ഒരു പാഠം സത്യസന്ധമായ ചരിത്രമായി മാറുന്നു.
സമൃദ്ധമായി പൊന്‍ നെല്‍ക്കതിരുകള്‍ വിളഞ്ഞിരുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ ഇല്ലായ്‌മകളുടെ വിളനിലമായി മാര്‍ക്‌സിസ്‌റ്റ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി മാറ്റി പാര്‍ട്ടി സഖാക്കള്‍ ജന്മസാഫല്യം നേടിയ ചരിത്രമാണ് 'മുരിക്കന്‍' എന്ന പാഠത്തില്‍ വിവരിക്കുന്നത്.
സ്വര്‍ണഖനിയായിരുന്ന കുട്ടനാട് സാമാന്യബുദ്ധിയില്ലാത്ത മാര്‍ക്‌സിസ്റ്റുകാരുടെ നിലപാടുകള്‍ മൂലം നശിച്ചതിന്റെ ഓര്‍മ്മയാണ് പ്രശസ്‌ത പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ടി.ജെ.എസ്. ജോര്‍ജ് പങ്കുവയ്‌ക്കുന്നത്. 'ഘോഷയാത്ര' എന്ന കൃതിയില്‍ 'തിരുവിതാംകൂര്‍ എന്ന മഹാത്ഭുതം' എന്ന അധ്യായത്തില്‍ നിന്നെടുത്തിട്ടുള്ള ഭാഗമാണ് 'മുരിക്കന്‍' എന്ന പാഠത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ പുസ്‌തകം പ്രസിദ്ധീകരിച്ചത് 2008-ലാണ് .അടുത്ത വര്‍ഷം മുതല്‍ പാഠപുസ്‌തകത്തിലുള്‍പ്പെടുത്തി. സംഗതി ശരിയായതു കൊണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കള്‍ കണ്ണടച്ചു. അതിനെതിരേ ബഹളമോ സമരമോ ആക്രമമോ നടത്തിയതുമില്ല. അതുകൊണ്ട് വിവാദവുമായില്ല. ഫലമോ ശാന്തസുന്ദരമായി യഥാര്‍ഥ കുട്ടനാടന്‍ ചരിത്രം ഈ അധ്യയന വര്‍ഷവും (2010-11) വിദ്യാര്‍ഥികള്‍ക്കു പഠിക്കാനാകുന്നു.
പാഠം 6 മുരിക്കന്‍ ഇങ്ങനെ: പാലക്കാടുള്ള പാടങ്ങള്‍ പോലെ ആയിരുന്നില്ല കുട്ടനാടന്‍ പാടങ്ങള്‍. പ്രകൃതിനിര്‍മിതമായിരുന്നു പാലക്കാട്ടെ സമൃദ്ധി. കുട്ടനാട്ടില്‍ നീണ്ടു നിവര്‍ന്നു കിടന്ന പച്ചപ്പരവതാനികള്‍ മുരിക്കന്‍ നിര്‍മ്മിതമായിരുന്നു.
മുരിക്കന്‍ എന്നാല്‍ മുരിക്കന്‍ ഔത. അഥവാ മുരിക്കുംമൂട്ടില്‍ ഔതമന്‍ അഥവാ ജോസഫ് മുരിക്കന്‍ എന്ന കര്‍ഷകന്‍. സിറിയന്‍ കത്തോലിക്കാ വിശ്വാസി. കഠിനാദ്ധ്വാനി. ഒറ്റയാന്‍ പ്രസ്ഥാനം. പരന്നുപരന്ന് കടല്‍പോലെ ചക്രവാളം തൊട്ടുകിടന്ന വേമ്പനാട്ടുകായലിന്റെ ഓളങ്ങളില്‍ മുങ്ങിയും പൊങ്ങിയും വളര്‍ന്ന ഔതയ്‌ക്ക് ഒരുനാള്‍ ഒരു വെളിപാടുണ്ടായി. ഈ വെള്ളത്തിനടിയില്‍ മണ്ണല്ലേ? മണ്ണു കൃഷിക്കുള്ളതല്ലേ? കായലില്‍ നെല്ലുവിളയിക്കരുതോ?
പാവം ഔതയ്‌ക്കു പിരാന്തിളകിയെന്ന് നാട്ടുകാര്‍ പറഞ്ഞു വിലപിച്ചു. ഔത വിട്ടില്ല. അഭ്യസ്‌തവിദ്യരുടെ സഹായത്തോടെ കായലിന്റെ സ്വഭാവം പഠിച്ചു. പലയിടത്തും ആഴമില്ലാത്ത ഭാഗങ്ങള്‍ ഉണ്ടെന്നു മനസ്സിലായി. ചില സ്ഥലങ്ങളില്‍ കുറ്റിനാട്ടി, ചേറുകൊണ്ട് വരമ്പുകുത്തി പൊക്കി വെള്ളം പമ്പുചെയ്‌തുകളഞ്ഞു. അടിയിലുണ്ടായിരുന്ന മണ്ണ് ഉപയോഗയോഗ്യമാക്കി.
അതോടെ ഔതയ്‌ക്ക് ശരിക്കും ഭ്രാന്തിളകി. ആയിരക്കണക്കിന് തൊഴിലാളികളെ വിളിച്ചുകൂട്ടി മൂന്നു ഭീമന്‍ കായലുകള്‍ കുത്തിയെടുത്തു. മൂന്നിനും ചരിത്രത്തിന്റെ ധ്വനിയുള്ള പേരുകള്‍ നല്‌കി.- ചിത്തിര (900 ഏക്കര്‍), മാര്‍ത്താണ്ഡം (652 ഏക്കര്‍), റാണി (600 ഏക്കര്‍). ആ നിലങ്ങള്‍ കൃഷിക്ക് അനുയോജ്യമാക്കിയെടുക്കാന്‍ എല്ലു നുറുങ്ങി പണിയേണ്ടിവന്നു. ഒടുവില്‍ കൊയ്‌തെടുത്തപ്പോള്‍ നൂറുമേനി. ആണ്ടില്‍ ഏഴുമാസവും വെള്ളത്തിനടിയിലായിരുന്നു നിലങ്ങള്‍ ബാക്കി മാസങ്ങളില്‍ സ്വര്‍ണ്ണഖനികളായി മാറി. കുട്ടനാട് ഐതിഹ്യമായി.
പക്ഷേ ഐതിഹ്യം പൊലിഞ്ഞുപോയി. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഗവണ്മെന്റ് ഭൂപരിഷ്‌കരണം ഏര്‍പ്പെടുത്തി. പല വിധത്തിലും ശ്ലാഘനീയമായിരുന്നു ആ പരിഷ്‌കാരം. പക്ഷേ, അവിടെയും ഇവിടെയും വിട്ടുവീഴ്‌ചകള്‍ ചെയ്യേണ്ടത് നാടിന്റെ നന്മയ്‌ക്ക് ആവശ്യമാണെന്ന പ്രായോഗിക ബുദ്ധി കമ്മ്യൂണിസ്‌റ്റ് നേതൃത്വത്തിന് ഇല്ലാതെപോയി. മുരിക്കനെപ്പോലെയുള്ള ഒരു മാര്‍ഗദര്‍ശിയുടെ സേവനം ഉപയോഗപ്പെടുത്താമായിരുന്നു. കായല്‍നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷകരുടെ ട്രസ്റ്റിയായി മുരിക്കനെത്തന്നെ ശമ്പളാടിസ്ഥാനത്തില്‍ നടത്തിപ്പുകാരനായി നിയമിക്കാമായിരുന്നു.
വെള്ളത്തില്‍ നിന്നു കുത്തിയെടുത്ത നിലങ്ങള്‍ കൃഷിചെയ്യാനുള്ള പ്രത്യേക വൈദഗ്‌ദ്ധ്യവും പരിചയസമ്പത്തും അങ്ങനെ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ കുട്ടനാടിന്റെ സമൃദ്ധി നിലനിര്‍ത്താമായിരുന്നു. റബ്ബര്‍-തേയില തോട്ടങ്ങള്‍ ഒഴിവാക്കിയതുപോലെ കായല്‍നിലങ്ങള്‍ ഭൂപരിഷ്‌കാരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കില്‍പോലും കുട്ടനാട് രക്ഷപ്പെടുമായിരുന്നു.
നടന്നതങ്ങനെയല്ല. കേരളത്തിലെ ഏറ്റവും വലിയ ജന്മിയായി മുരിക്കന്‍ ഔത മുദ്രയടിക്കപ്പെട്ടു. അങ്ങനെ വര്‍ഗശത്രുവായി മാറിയ മുരിക്കന് കഞ്ഞികുടിക്കാന്‍ വകയില്ലാതായി. പാടശേഖരം പാര്‍ട്ടി അംഗങ്ങള്‍ക്കു വീതിച്ചു നല്‌കി. അവര്‍ക്കു കൃഷി ചെയ്യാനറിഞ്ഞുകൂടായിരുന്നു. മൂന്നു കായലുകള്‍ മൂന്നു ജില്ലാ കളക്ടര്‍മാരുടെ ചുമതലയിലായി. ഐ.എ.എസ്സുകാര്‍ പാടത്തിറങ്ങുകയോ? കായല്‍കൃഷി ദയനീയമായി. മുപ്പത്തിയേഴു വര്‍ഷം വിജയകരമായി, ലാഭകരമായി കൃഷിയിറക്കിയ ചിത്തിരയും മാര്‍ത്താണ്ഡവും റാണിയും ആര്‍ക്കും ഗുണംചെയ്യാത്ത രീതിയില്‍ നശിച്ചു. ഒരു വന്‍കിട ഭൂവുടമയെ തറപറ്റിച്ചു എന്ന ആശ്വാസം മാത്രം ബാക്കി. സഖാക്കള്‍ക്ക് അതായിരുന്നു ജന്മസാഫല്യം. തത്ത്വശാസ്‌ത്രം അകത്തു കടക്കുമ്പോള്‍ സാമാന്യബുദ്ധി പുറത്തുപോകുന്നു. ഭൂപരിഷ്‌കരണം നിലവില്‍ വന്ന 1972-ല്‍ തന്നെ മുരിക്കന്‍ ഔത മരിച്ചു. ഹൃദയം പൊട്ടിയായിരിക്കണം.
അതൊക്കെ പിന്നീടു നടന്ന കഥ. ഞങ്ങള്‍ കുട്ടികള്‍ ഒരിക്കല്‍ മുരിക്കന്‍വക ചെറുബോട്ടില്‍ കായല്‍പ്പരപ്പിലൂടെ സവാരി നടത്തിയത് ഇന്നും തിളക്കമാര്‍ന്ന ഓര്‍മ്മയായി മനസ്സില്‍ തങ്ങിനില്‍ക്കുന്നു. മുരിക്കനാരെന്നോ വെള്ളത്തില്‍ നിന്നെടുത്ത നിലങ്ങളുടെ പ്രാധാന്യമെന്തെന്നോ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന എനിക്ക് ഒരു ഗ്രാഹ്യവുമില്ലായിരുന്നു. വിളഞ്ഞ പൊന്നിന്റെ ഭംഗിയും ഇളകുന്ന ജലനിരപ്പിന്റെ ത്രില്ലുമായിരുന്നു മനസില്‍. അതുവഴി ഇന്ന് കടന്നുപോകുമ്പോള്‍ ഒന്നുമില്ലായ്‌മയുടെ പ്രതീതിയാണ് മനസില്‍. ഗ്രന്ഥങ്ങളിലെ തത്ത്വങ്ങള്‍ക്കു വേണ്ടി നാം എന്തെല്ലാം നഷ്ടപ്പെടുത്തുന്നു.: ഇങ്ങനെയാണ് പാഠം അവസാനിക്കുന്നത്.
കുട്ടനാട് ഐതിഹ്യമായി മാറിയതെങ്ങനെ?, ഐതിഹ്യം പൊലിഞ്ഞുപോകാന്‍ കാരണമെന്ത്? തുടങ്ങിയുള്ള ചോദ്യങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളില്‍ ഉത്തരം കണ്ടെത്തി എഴുതാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
സി.ബി.എസ്.സി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാഠപുസ്‌തകങ്ങളിലൊന്നാണ് ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള മലയാള പാഠാവലി 7. പാഠപുസ്‌തക ഉപദേശക സമിതിയില്‍ പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, പ്രൊഫ.എം.കെ.സാനു എന്നിവരാണുള്ളത്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്‌തകങ്ങളില്‍ നിന്നു ശേഖരിച്ചിട്ടുള്ള പാഠങ്ങള്‍ തയാറാക്കിയത് ഡി.സി.കിഴക്കേമുറി ഭാഷാപഠനകേന്ദ്രമാണ്.
ഇതേ പാഠപുസ്‌തകത്തിലെ പാഠം 12 ബാലേട്ടന്‍ രക്ഷിച്ചു എന്നതിലും ഭൂപരിഷ്‌കരണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. അതിങ്ങനെയാണ്: ഭൂനിയമപരിഷ്‌കരണത്തെയും കുടിയാന്മാര്‍ക്ക് ഉടമാവകാശം നല്‌കുന്നതിനെയും കുറിച്ചു ചര്‍ച്ചകള്‍ നടന്നു. പാതവക്കിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ നേതാക്കള്‍ ആവേശപൂര്‍വം സംസാരിക്കുന്നതും കണ്ടു. അതൊന്നും എനിക്കു മനസിലായില്ല. ഈ സംഭവങ്ങളൊന്നും ഞങ്ങളെ ബാധിച്ചില്ല.
ഇതെഴുതിയത് പിന്നീട് അനേകം കൃതികള്‍ രചിച്ച ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് -ഐ ടിക്കറ്റില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍സ്ഥാനാര്‍ഥിയായി നിന്നു വിജയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ശശി തരൂരാണ്. അന്നു കാര്യങ്ങള്‍ മനസിലാകാതിരുന്നത് മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി സഖാക്കളുടെ ഭാഗ്യം!. തരൂരിന്റെ ഇന്ത്യ: അര്‍ദ്ധരാത്രി മുതല്‍ അര നൂറ്റാണ്ട് എന്ന കൃതിയില്‍ നിന്നെടുത്തിട്ടുള്ളതാണ് ഈ പാഠഭാഗം.
Subscribe to:
Post Comments (Atom)
'പാഠം 6: കുട്ടനാടിനെ കുളം തോണ്ടിയവര്‍' എന്ന ലേഖനം യു.കെ.മലയാളം ന്യൂസില്‍ 2010 ജൂണ്‍ 21-നു തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ചു. ലിങ്ക്:
ReplyDeletehttp://ukmalayalamnews.com/index.php?page=newsDetail&id=3061 പത്രപ്രവര്‍ത്തന രംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ള യു.കെയിലെ ഒരു സംഘം മാധ്യമപ്രവര്‍ത്തകരാണ് യു.കെ. മലയാളം ന്യൂസ് എന്ന മലയാളം വാര്‍ത്താ വെബ്‌സൈറ്റിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.