Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Tuesday, June 22, 2010

വള്ളംകളിയില്‍ ആവേശം മാത്രം കൂട്ടാം


തോമസ്‌ മത്തായി കരിക്കംപള്ളില്‍

ലോകപ്രശസ്‌തിയാര്‍ജിച്ച ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി കൂടുതല്‍ ജനപങ്കാളിത്തത്തോടെയും ലാഭകരമായും കളിക്കാര്‍ക്ക്‌ ന്യായമായ പ്രതിഫലം കിട്ടത്തക്ക രീതിയിലും മുന്നോട്ടു കൊണ്ടുപോകണമെന്ന്‌ കുട്ടനാട്ടുകാരായ എല്ലാവരും ആഗ്രഹിക്കുന്നു. നാട്ടുകാരുടെ ഹൃദയത്തുടിപ്പായ വള്ളംകളി എന്നും ആവേശത്തോടെ നിലനിര്‍ത്താനാണ്‌ വെള്ളവും വള്ളവും ജീവിതഭാഗമായി മാറിയിട്ടുള്ള കുട്ടനാട്ടുകാര്‍ പരിശ്രമിക്കുന്നത്‌.

ആലപ്പുഴ പുന്നമട കായലില്‍ എല്ലാ വര്‍ഷവും ഓഗസ്‌റ്റ്‌ രണ്ടാം ശനിയാഴ്‌ച സംഘടിപ്പിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി കുട്ടനാട്ടിലെ വള്ളംകളികളുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയാണ്‌. എന്നാല്‍ വള്ളംകളിയുടെ നടത്തിപ്പിനെക്കുറിച്ച്‌ എല്ലാ വര്‍ഷവും പലവിധത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുന്നത്‌ നിസാരമായി തള്ളിക്കളയാനാകില്ല. എല്ലാവിധ സര്‍ക്കാര്‍ പിന്തുണയോടെയും നടത്തുന്ന വള്ളംകളി വളരെ ലാഭകരമായില്ലെങ്കിലും നഷ്ടക്കച്ചവടമായി മാറേണ്ട സാഹചര്യം ഏതായാലും ഇപ്പോഴില്ല.

1952-ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കുട്ടനാടു സന്ദര്‍ശനത്തോടനുബന്ധിച്ച്‌ സ്വീകരണമായി ഒരുക്കിയ എട്ടു ചുണ്ടന്‍വള്ളങ്ങളുടെ ഘോഷയാത്ര മത്സരമനോഭാവത്തോടെയുള്ള വള്ളംകളിയായി മാറുകയായിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തിയ നെഹ്‌റു വെള്ളിയില്‍ തീര്‍ത്ത ഒരു ചെറുചുണ്ടന്‍വള്ളം തടിയിലുറപ്പിച്ച്‌ ഒപ്പോടുകൂടി എത്തിച്ചതാണ്‌ ട്രോഫിയായി മാറിയത്‌. ആദ്യമിതിന്റെ പേര്‌ പ്രൈം മിനിസ്‌ട്രേഴ്‌സ്‌ ട്രോഫി എന്നായിരുന്നു. പുന്നമട കായലില്‍ 1955 മുതലാണ്‌ വള്ളംകളി നടത്തിത്തുടങ്ങിയത്‌.

2010 ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്‌ച ദിവസമായ 14-ന്‌ 58-ാമതു നെഹ്‌റു ട്രോഫി വള്ളംകളിയാണ്‌ നടത്താന്‍ പോകുന്നത്‌. ഇപ്പോള്‍ പത്തു മീറ്റര്‍ വീതിയുള്ള നാലു ട്രാക്കില്‍ 1370 മീറ്റര്‍ ദൂരത്തിലാണ്‌ മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ കൂടാതെ ചുരുളന്‍, വെപ്പ്‌, ഓടി, ഇരുട്ടുകുത്തി, തെക്കനോടി വള്ളങ്ങളുടേയും മത്സരമുണ്ട്‌. പള്ളിയോടങ്ങള്‍ പ്രദര്‍ശനത്തുഴച്ചിലിനെത്തും. ചുണ്ട്‌ ഉയര്‍ന്നു നൂറടിയിലേറെ നീളമുള്ള ഒരു ചുണ്ടന്‍ വള്ളത്തില്‍ തുഴക്കാരും അമരക്കാരും നിലക്കാരുമായി നൂറ്റിപ്പത്തോളം ആള്‍ക്കാരുണ്ടായിരിക്കും. ഇതുപോലെ ഒത്തൊരുമിച്ച്‌ ഒരേ ലക്ഷ്യത്തോടെ ഇറങ്ങുന്ന മറ്റൊരു മത്സര ഇനങ്ങളും ലോകത്തിലില്ല. ഇതുപോലെ മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്ന സന്ദര്‍ഭവുമില്ല.

ഇത്ര ആകര്‍ഷണീയതയുള്ള കുട്ടനാട്ടിലെ വള്ളംകളികള്‍ നാട്ടുകാരുടെ ആവേശവും ഒത്തൊരുമയും കൊണ്ടാണ്‌ മുടങ്ങാതെ നടന്നുവരുന്നത്‌. എന്നാല്‍ കാലം മാറുംതോറും അതനുസരിച്ച മാറ്റങ്ങളും നടത്തിപ്പില്‍ ഉണ്ടാകാതെ തരമില്ല. പണ്ട്‌ നിലം ഉഴാനും വള്ളം ഊന്നാനും സ്വന്തം കരുത്തുമാത്രം ഉപയോഗിച്ചിരുന്ന കര്‍ഷകത്തൊഴിലാളികളായിരുന്നു വള്ളം കളികളുടെ ആത്മാവ്‌. വവള്ളം കളിക്ക്‌ ആഴ്‌ചകള്‍ മുന്‍പേ അവര്‍ സ്വമേധയാ തയ്യാറെടുപ്പുകളും പരിശീലനവും തുടങ്ങിയിരുന്നു. അതൊക്കെ ഗ്രാമവാസികളുടെ കൂട്ടായ്‌മ കൂടിയായിരുന്നു. മതമോ ജാതിയോ അക്കാര്യത്തിനു അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചിരുന്നില്ല. കൃഷി കാര്യങ്ങള്‍ കൂടുതല്‍ യന്ത്രവത്‌കൃതമായതോടെ അത്തരം തൊഴിലുകള്‍ ചെയ്യുന്നവര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇനി വള്ളം കളികള്‍ ഒരു സ്‌പോര്‍ട്‌ ഇനമായി നിലനിര്‍ത്തുകയാണ്‌ വേണ്ടത്‌. ചുണ്ടന്‍ വള്ളംകളിയെ ഒളിമ്പിക്‌സ്‌ മത്സര ഇനമായി മാറ്റാനുള്ള ശ്രമം കൂടി ആരാധകര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ.

ഈ സാഹചര്യത്തിലാണ്‌ തുടക്കമെന്ന നിലയില്‍ ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പ്‌ കാലോചിതമായി പുതുക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി. ഇത്രയും മഹത്തായ ഒരു കളിയുടെ കാര്യത്തില്‍ എല്ലാ വര്‍ഷവും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം നിരത്തേണ്ടതില്ല. അത്‌ ലാഭകരമായും കൂടുതല്‍ സൗകര്യങ്ങളോടെയും നടത്തണം. കുട്ടനാട്ടിലെ വള്ളംകളികള്‍ക്ക്‌ ഒരു സ്ഥിരം കലണ്ടര്‍ ഉണ്ടാക്കി ലോകമെമ്പാടും നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്ക്‌ മുന്‍കൂര്‍ അറിവു കൊടുക്കുകയും അവരെ ആകര്‍ഷിക്കുകയും സ്‌നേഹപൂര്‍വം സ്വീകരിക്കുകയും വേണം. അതിനു സൗകര്യങ്ങള്‍ ഏറെ ഇനിയുമുണ്ടാകേണ്ടതുണ്ട്‌. വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങള്‍ പലതുമില്ല. എല്ലാം ഒരു തട്ടിക്കൂട്ടലില്‍ ഒതുങ്ങും.

വള്ളം കളിയുടെ തലേദിവസങ്ങളിലാണ്‌ കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും പുന്നമടയിലേക്കുള്ള റോഡ്‌ ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ അറ്റകുറ്റപണികള്‍ എന്നപേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുള്ളത്‌. മഴക്കാലമായതിനാല്‍ റോഡിലെ താത്‌കാലികമായി അടയ്‌ക്കുന്ന കുഴികള്‍ അടുത്ത ദിവസം തന്നെ കൂടുതല്‍ വലിപ്പത്തോടെ പ്രത്യക്ഷപ്പെടും. ഇതു ഒരു സാധാരണ അലംഭാവം. ഇങ്ങനെ പലത്‌.

വള്ളംകളിയോടുള്ള താത്‌പര്യം കാരണം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി എല്ലാ വര്‍ഷവും വള്ളം കളി വരും മുന്‍പു തന്നെ അധികൃതര്‍ക്ക്‌ കത്തുകളായും പത്രവാര്‍ത്തകളുമായി ഈ ലേഖകന്‍ തന്നെ കളിക്കുന്നവരുടേയും കളികാണാനെത്തുന്നവരുടേയും ആവശ്യങ്ങള്‍ കാട്ടി എത്ര ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. അതുപോലെ എത്രയോ പത്രലേഖകര്‍. ചുണ്ടന്‍ വള്ളങ്ങളേയും കളിയേയും ആസ്‌പദമാക്കി നയമ്പും നതോന്നതയും എന്ന പുസ്‌തകമെഴുതിയ ദീപികയിലെ സെര്‍ജി ആന്റണി, (നെഹ്‌റു ട്രോഫി വള്ളം കളിയുടെ ആകാശവാണിയിലെ ദൃക്‌സാക്ഷി വിവരണക്കാരില്‍ മുന്‍നിരയിലുണ്ടായിരുന്ന പി.ഡി.ലൂക്കിന്റെ ജാമാതാവ്‌), മാതൃഭൂമിയിലെ ജോയ്‌ വര്‍ഗീസ്‌ (വള്ളംകളിയെക്കുറിച്ച്‌ ഒത്തിരിയെഴുതിയ പ്രശസ്‌ത പത്രപ്രവര്‍ത്തകനായിരുന്ന എം.എം.വര്‍ഗീസിന്റെ മകന്‍) എന്നിവര്‍ അവരില്‍ ചിലര്‍മാത്രം.

ഇങ്ങനെയിരിക്കേയാണ്‌ നെഹ്‌റു ട്രോഫി വള്ളം കളി ഇപ്പോഴത്തേതു പോലെ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണോ നടത്തേണ്ടതെന്ന ചോദ്യം ഉയരുന്നത്‌. എല്ലാ വിധ സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയിട്ടും പാകപ്പിഴകളും നഷ്ടവും ഉണ്ടാകണമെങ്കില്‍ നടത്തിപ്പില്‍ എന്തോ അപാകതകളുണ്ട്‌. വള്ളം കളിയില്‍ യഥാര്‍ഥ താത്‌പര്യമുള്ളവരെ മാത്രം സംഘാടക സമിതിയിലേക്കു എത്തിക്കണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നുമുള്ള മുന്‍കാല വള്ളംകളി സംഘാടകനായ വര്‍ഗീസ്‌ പൂപ്പള്ളി (മോനിച്ചന്‍)-യുടെ നിര്‍ദേശം അതുകൊണ്ടാണ്‌ ഇപ്പോള്‍ പ്രസക്തമാകുന്നത്‌. ഈ വിഷയത്തില്‍ ആലപ്പുഴ പ്രസ്‌ ക്ലബില്‍ മോനിച്ചന്റെ നേതൃത്വത്തില്‍ വള്ളം കളി പ്രേമികള്‍ 2010 ജൂണ്‍ 19-ന്‌ പത്രസമ്മേളനം നടത്തിയിരുന്നു. വള്ളം കളിയില്‍ രാഷ്ട്രീയ കളികളും അഴിമതിയും പാടില്ല എന്ന സന്ദേശമാണ്‌ പത്രസമ്മേളനം നല്‌കിയത്‌. ചുരുക്കത്തില്‍ നടത്തിപ്പുകാരില്‍ ചിലരുടെ വെട്ടിപ്പു മനോഭാവം മാറണം.

താത്‌പര്യമുള്ളവരെ കണ്ടെത്തി അംഗത്വ ഫീസ്‌ സ്വീകരിച്ച്‌ സംഘടിച്ചു പ്രവര്‍ത്തിക്കുന്ന ക്ലബോ അസോസിയേഷനോ ആയിരിക്കണം വള്ളം കളി നടത്തേണ്ടതെന്നാണ്‌ മോനിച്ചന്‍ മുന്നോട്ടു വയ്‌ക്കുന്ന ആശയം. കൂടുതല്‍ അംഗ്വത്വ ഫീസില്‍ ആജീവനാന്ത അംഗങ്ങള്‍ക്കും കുറഞ്ഞ ഫീസില്‍ സാധാരണ അംഗങ്ങള്‍ക്കും ക്ലബില്‍ അംഗത്വം നല്‌കണം. മറ്റു വള്ളംകളി ക്ലബുകള്‍ക്കു അഫിലിയേഷന്‍ നല്‌കി ആ ഇനത്തിലും വരുമാനം ഉണ്ടാക്കുകയും താത്‌പര്യം ജനിപ്പിക്കുകയും ചെയ്യാം.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ എത്തുന്നതിനാല്‍ നടത്തിപ്പിനായി സര്‍ക്കാരും വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എല്ലാവിധ സഹായങ്ങളും നല്‌കുകയും വേണം. വള്ളംകളിക്കാരെ നിലനിര്‍ത്താന്‍ പണം ആവശ്യമാണ്‌. അതിനു സ്‌പോണ്‍സര്‍മാരെ കണ്ടെത്തണം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആരും കൈയിട്ടുവാരിക്കൊണ്ടു പോകാത്ത ഒരു സംവിധാനത്തിലേക്കു കളി മാറണം. കളിയുടെ രസവും ആവേശവും മാത്രം ആയിരിക്കണം എല്ലാവര്‍ക്കും വേണ്ടത്‌. മറ്റു ധനപരമായ മോഹങ്ങള്‍ അതിനെ അടക്കിവാഴരുത്‌.

ഇന്ത്യയിലെ ഗോള്‍ഫ്‌ ക്ലബുകള്‍ ഉദാഹരണമായി മോനിച്ചന്‍ എടുത്തുകാട്ടുന്നു. താത്‌പര്യമുള്ളവര്‍ മാത്രമാണ്‌ അവിടെ പണം മുടക്കി പോകുന്നതും സംഘാടകരാകുന്നതും. അപ്പോള്‍ ഉത്തരവാദിത്തം കൂടാന്‍ സാധ്യതയേറും.

വള്ളം കളിയില്‍ നേരിട്ട്‌ ഇടപെട്ടില്ലെങ്കിലും സര്‍ക്കാരിനു പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി നല്‌കാവുന്നതേയുള്ളു. കര്‍മ്മ പദ്ധതികള്‍ തയാറാക്കി പ്രാവര്‍ത്തികമാക്കാം. ഭക്തി പ്രകടിപ്പിക്കാത്തവരെന്നു നാട്ടുകാര്‍ കരുതുന്നവരുടെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം നല്‌കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി പത്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‌കിയ വന്‍പരസ്യങ്ങളില്‍ ഭക്തജനങ്ങള്‍ക്ക്‌ കൂടുതല്‍ സൗകര്യം നല്‌കുന്നതായും ശബരിമല തീര്‍ഥാടനം പരാതിരഹിതമാക്കി ചാരിതാര്‍ഥ്യമടയുന്നതായും പ്രസ്‌താവിക്കുന്നു. വിശ്വാസമില്ലെങ്കിലും അവിടെയെത്തുന്ന ലക്ഷക്കണക്കിനു ആള്‍ക്കാരെ മുന്നില്‍ കണ്ടാണ്‌ സര്‍ക്കാര്‍ സൗകര്യങ്ങള്‍ വിശാലമാക്കുന്നത്‌. ആയിരക്കണക്കിനു കാഴ്‌ചക്കാര്‍ എത്തുന്ന വള്ളം കളിക്കും അതാകാം. ജനപ്രതിനിധികള്‍ക്ക്‌ ഇക്കാര്യത്തില്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാകും.

ഇക്കാര്യത്തില്‍ കുട്ടനാട്ടില്‍ അഭിപ്രായം പറയാന്‍ ഇപ്പോള്‍ യോഗ്യതയുള്ള അപൂര്‍വ വ്യക്തികളില്‍ ഒരാളാണ്‌ പൂപ്പള്ളി മോനിച്ചന്‍. വള്ളം കളിയിലും അതുപോലെ ഹോഴ്‌സ്‌ റേസിങ്ങ്‌ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. സിരകളില്‍ വള്ളംകളി ആവേശമായി ഒഴുകുന്നു. ഭാര്യ അന്നമ്മയും മകന്‍ ജെറിയും താത്‌പര്യത്തില്‍ ഒപ്പമുണ്ട്‌.

നെപ്പോളിയന്‍ എന്ന ചുണ്ടന്‍വള്ളം കുട്ടനാട്ടിലെ പൂപ്പള്ളി കുടുംബത്തിന്റേതായിരുന്നു. 1930-ല്‍ ആറന്മുളയില്‍ നിന്നു കൊണ്ടുവന്ന പള്ളിയോടത്തെ നെപ്പോളിയന്‍ എന്നു പേരിട്ടാണ്‌ ചുണ്ടന്‍ തുഴച്ചില്‍ ആരംഭിച്ചത്‌. 1946-ല്‍ മൗണ്ട്‌ ബാറ്റന്‍ പ്രഭുവിനെ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച ദിവസം ദുഃഖവെള്ളിയാഴ്‌ചയായിരുന്നു. അന്നു പിതാവ്‌ പുപ്പള്ളി കുട്ടിച്ചനും നൂറോളം കര്‍ഷകത്തൊഴിലാളികളും ചേര്‍ന്നാണ്‌ പല എതിര്‍പ്പുകളും സഹിച്ച്‌ ചുണ്ടന്‍വള്ളം നീറ്റിലിറക്കിയത്‌. മതപരമായ ചടങ്ങുകളോടെ വിശുദ്ധമായി ആചരിക്കുന്ന ദിവസമായതിനാല്‍ അന്നു വള്ളം കളിക്കുന്നതില്‍ ചേന്നങ്കരി, ചമ്പക്കുളം, കൈനകരി ഇടവകകള്‍ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.

എട്ടു ചുണ്ടന്‍ വള്ളങ്ങളെ പങ്കെടുപ്പിച്ച്‌ പണ്ഡിറ്റ്‌ നെഹ്‌റുവിനെ 1952-ല്‍ ആലപ്പുഴയില്‍ സ്വികരിച്ച വേളയിലും പിതാവിനോടൊപ്പം മോനിച്ചനും മുഖ്യസഹകാരിയായിരുന്നു. യാതൊരു പരിശീലനവും ഇല്ലാതിരുന്നിട്ടും അന്നും നെപ്പോളിയന്‍ ചുണ്ടന്‍വള്ളം ഭംഗിയായും ആവേശത്തോടെയും പങ്കെടുത്തു.

മോനിച്ചന്റെ നേതൃത്വത്തില്‍ 1957, 58, 59 വര്‍ഷങ്ങളില്‍ നെപ്പോളിയന്‍, നെഹ്‌റു ട്രോഫി ഹാട്രിക്‌ നേടി. 1961-ല്‍ കാവാലം ചുണ്ടനെന്ന അതിശക്ത എതിരാളിയെ ട്രാക്കില്‍ മിന്നല്‍ക്കുതിപ്പു നടത്തി നെപ്പോളിയന്‍ പിന്തള്ളിയത്‌ കാഴ്‌ചക്കാരില്‍ രോമാഞ്ചമുണര്‍ത്തിയ സന്ദര്‍ഭമാണെന്നു മോനിച്ചന്‍ ഓര്‍ക്കുന്നു.

വള്ളം കളിയില്‍ താത്‌പര്യമുള്ളവരെ മറന്നു രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗങ്ങളിലുള്ളവര്‍ക്കു മുന്‍ഗണന നല്‌കി കളി നടത്തിപ്പിനായി 1991-ല്‍ രൂപവത്‌കരിച്ച നെഹ്‌റു ട്രോഫി ബോട്ട്‌ റേസ്‌ സൊസൈറ്റി ഇതുവരെ ലക്ഷ്യം കണ്ടത്തിയോ എന്ന കാര്യം സംശയത്തിലാണ്‌. തികച്ചും കായികമത്സരമായ വള്ളം കളിയുടെ നടത്തിപ്പിന്റെ 2010 മാര്‍ച്ച്‌ 31-നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വരവു ചെലവു കണക്കില്‍ ചിലതെല്ലാം ഒഴിവാക്കാവുന്നതും പലതും സീമാതീതവും അനിയന്ത്രിതവുമാണെന്നു മോനിച്ചന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കോടി രൂപ വരുമാനമുണ്ടായിട്ടും കളി നഷ്ടത്തിലാകുന്നത്‌ അതിനാലാണ്‌.

ചിലയിനങ്ങള്‍ ഇങ്ങനെ: ഫുഡ്‌ ആന്‍ഡ്‌ റിഫ്രഷ്‌മെന്റ്‌ 58,491 രൂപ. ഹോണറേറിയം വോളണ്ടറി പ്രൊഫഷണല്‍ സര്‍വീസ്സസ്‌ 1,75,000 രൂപ. വെഹിക്കിള്‍ റിപ്പയര്‍ 30,655 രൂപ. ബാഡ്‌ജ്‌ 12,000 രൂപ. ബനിയന്‍ 76,004 രൂപ. ബോട്ട്‌ ഹയര്‍ ചാര്‍ജസ്‌ 6,14,826 രൂപ. വെഹിക്കിള്‍ ഹയര്‍ 69,000 രൂപ. പോലീസ്‌ 1,35,000 രൂപ. യൂണിഫോം 17,500 രൂപ. പ്രിന്റിംഗ്‌ ആന്‍ഡ്‌ സ്റ്റേഷനറി 3,65,150 രൂപ. റേസ്‌ കമ്മിറ്റി 12,000 രൂപ. സ്റ്റേജ്‌ ഡെക്കറേഷന്‍ കമ്മിറ്റി 16,86,000 രൂപ. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിറ്റി 25,791 രൂപ. കള്‍ച്ചറല്‍ കമ്മിറ്റി 5,90,227 രൂപ. പബ്‌ളിസിറ്റി 71,856 രൂപ. ഫുഡ്‌ ആന്‍ഡ്‌ അക്കോമഡേഷന്‍ 2,15,532 രൂപ.

വാഹനങ്ങള്‍ മിക്കവയും സര്‍ക്കാര്‍ വകുപ്പുകളുടേത്‌ ആയ സ്ഥിതിക്ക്‌ അവയുടെ അറ്റകുറ്റപ്പണികളും സാധാരണ നിലയ്‌ക്ക്‌ വകുപ്പുകള്‍ തന്നെയാണ്‌ നടത്തുന്നത്‌. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ചില കാരണങ്ങള്‍ കാട്ടി വളരെ കുറഞ്ഞ വാടക നല്‌കി എടുക്കുന്ന സ്വകാര്യ ബോട്ടുകളുമാണ്‌ ഉപയോഗിക്കുന്നത്‌. പോലീസിനെ സര്‍ക്കാര്‍ ചിലവില്‍ തന്നെ വിന്യസിക്കണം. വിചാരിച്ചാല്‍ ആഹാരച്ചിലവും ഒത്തിരി കുറയ്‌ക്കാം. പലയിനങ്ങളിലും പലരും പണം അനാവശ്യമായി കൈപ്പറ്റുന്നുണ്ട്‌. ഇത്തരം അഴിമതിപ്പണത്തിന്റെ പങ്ക്‌ ചില ഉദ്യോഗസ്ഥരടക്കമുള്ളവര്‍ വീതം വയ്‌ക്കുകയാണെന്ന ആരോപണവുമുണ്ട്‌. അനിയന്ത്രിതമായി ചിലര്‍ക്കു വിതരണം ചെയ്യുന്ന സൗജന്യ പ്രവേശന പാസുകള്‍ നിയന്ത്രിക്കണം. അത്തരം പാസുകള്‍ ഉള്ളവരോടൊപ്പം ക്രമവിരുദ്ധമായി എത്തുന്നവര്‍ ഉള്ള സ്ഥലം കൈയ്യടക്കുന്നതോടെ പണം മുടക്കി പാസ്‌ വാങ്ങുന്നവര്‍ ഉന്തിലും തള്ളിലും പുറത്താകും.

പണം മുടക്കുന്ന ഉത്തരവാദിത്തമുള്ളവര്‍ക്കു അംഗത്വം നല്‌കി സംഘാടക സമിതി വള്ളംകളി നടത്തുക, ആര്‍.ഡി.ഓയുടെ ചുമതലയില്‍ ഭരണകൂടം ടെന്‍ഡര്‍ നടപടികള്‍ സുതാര്യവും മത്സരപരവുമാക്കുക, സര്‍ക്കാര്‍ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ സ്‌റ്റാര്‍ട്ടിംഗ്‌-ഫിനിഷിംഗ്‌ പോയിന്റുകള്‍, ട്രാക്ക്‌, പന്തല്‍ തുടങ്ങിയവയുടെ മേല്‍നോട്ട ഉത്തരവാദിത്തം മാത്രമായി ചുരുക്കുക, ഫിനിഷിംഗ്‌ പോയിന്റില്‍ ഹൗസ്‌ ബോട്ടുകള്‍ അടുക്കുന്ന സ്ഥലത്ത്‌ പാര്‍ക്കിംഗ്‌ ഫീസ്‌ ഈടാക്കി വരുമാനമുണ്ടാക്കുക, പരസ്യവരുമാനം കൂടുതല്‍ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും മോനിച്ചന്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌.

നെഹ്‌റു ട്രോഫി വള്ളംകളി മാമാങ്കം കാലങ്ങളായി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന മോനിച്ചന്റെ ആരോപണം അന്വേഷിച്ച്‌ സത്യസ്ഥിതി വെളിപ്പെടുത്തുകയും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത്‌ അധികൃതരാണ്‌. അതില്‍ രാഷ്ട്രീയം കാണുകയോ ആരാന്റെ തടി എന്ന രീതിയില്‍ ആനയെക്കൊണ്ടു വലിപ്പിക്കുകയോ ചെയ്യരുത്‌. പ്രവേശന പാസ്‌ വില്‌പനയും ഗാലറികെട്ടും സ്‌മരണികാ പ്രസിദ്ധീകരണവും ഉള്‍പ്പടെ മിക്ക കാര്യങ്ങളിലും എല്ലാ വര്‍ഷവും വിവാദങ്ങളുണ്ട്‌.

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക്‌ ടിക്കറ്റുകള്‍ അടിച്ചേല്‍പ്പിക്കുന്നതു മുതല്‍ ആവശ്യക്കാര്‍ക്ക്‌ ടിക്കറ്റ്‌ ലഭിക്കാത്തതും ടിക്കറ്റ്‌ മേടിച്ചവര്‍ക്ക്‌ ഇരിക്കാന്‍ ഇടം കിട്ടാത്തതും എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന പരാതികളാണ്‌. കണക്കനുസരിച്ച്‌ പവലിയനുകളുടെ ഇരിപ്പിടം ഇങ്ങനെ: ഐലന്‍ഡ്‌ 250, റോസ്‌ കോര്‍ണര്‍ 1,100, ടൂറിസ്‌റ്റ്‌ 1,291, പോഞ്ഞിക്കര 600, ലേക്ക്‌ വ്യൂ 500. എന്നാല്‍ ഈ ഇരിപ്പിടങ്ങളിലേക്കു വരുന്നവര്‍ അനേകമിരട്ടി വരും. കരയിലും വള്ളങ്ങളിലും ബോട്ടുകളിലും നിന്നു കാണുന്നവര്‍ വേറേയും. വള്ളംകളിയില്‍ എല്ലാവരുടേയും ആവേശം ഏറ്റുവാങ്ങേണ്ടതുണ്ട്‌.

No comments:

Post a Comment