തോമസ് മത്തായി കരിക്കംപള്ളില്‍
ഇന്ത്യ-ഒമാന്‍ ഊഷ്മള സൗഹൃദത്തിനു മലയാളത്തില്‍ നിന്നൊരു കെട്ടുറപ്പ്. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ രാജ്യ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ജീവചരിത്ര സ്മരണിക -ഒമാന്റെ സ്വന്തം പൊന്‍താരകം- പ്രസിദ്ധീകരിച്ചതിലൂടെയാണത്. സുല്‍ത്താന്റെ സചിത്ര ജീവചരിത്രം മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിച്ചത് റീ-ഡിസ്‌കവര്‍ കേരളയാണ്. ലോകചരിത്രത്തില്‍ കേരളീയരുടെ മഹത്തായ സംഭാവന എന്നു നിസംശയം പറയാം.
ഒമാന്റെ വളരുന്ന ഗാംഭീര്യത്തിനും പുരോഗതിക്കും പ്രതാപത്തിനും ഖ്യാതിക്കും പിന്നില്‍ സുല്‍ത്താന്‍ ഖാബൂസിന്റെ പരിശ്രമം നാലു പതിറ്റാണ്ടായി ഏറെയുണ്ട്. ഒമാനെ അനുദിനം പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ജീവിതത്തേയും വ്യക്തിത്വത്തേയും കാഴ്ചപ്പാടിനേയും വ്യക്തമാക്കുന്ന സചിത്ര ജീവചരിത്രം സുല്‍ത്താനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കുമായിട്ടാണ് റീ-ഡിസ്‌കവര്‍ കേരള സമര്‍പ്പിച്ചിട്ടുള്ളത്. ഒമാന്റെ അനുദിന വികസനത്തിനായുള്ള മലയാളികളുടെ അധ്വാനവും സഹകരണവും ഏറെ വിലമതിക്കപ്പെടുന്നുണ്ട്. ഒമാന്‍ സുല്‍ത്താന്റേയും പൗരന്മാരുടേയും പിന്തുണ പ്രവാസികള്‍ക്ക് എപ്പോഴും ആവേശവും അഭിമാനവുമാകുന്നു.
സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ പേരും പെരുമയും ലോകത്താകമാനമെത്തിച്ച ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് തികച്ചും വ്യത്യസ്ഥനാണ്. ഉത്തമനായ ഒരു ഭരണാധികാരിക്കു വേണ്ട ഗുണങ്ങളാണ് സുല്‍ത്താന്‍ ജീവിതത്തിലുടനീളം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളും പ്രവാസികളും അതിനാല്‍ സുല്‍ത്താനെ ഏറെ ബഹുമാനിക്കുന്നു.
ഒമാനിലെ ദോഫാറിലുള്ള സലാലയില്‍ ഒമാന്റെ ഭാവി സമ്പന്നതയുടേയും മഹിമയുടേയും തുടക്കം 1940 നവംബര്‍ 18-നായിരുന്നു. പിന്നീട് ഒമാന്റെ പ്രതാപവും ഖ്യാതിയും ലോകമെമ്പാടും എത്തിച്ച ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദ് അന്നാണ് ജനിച്ചത്. സുല്‍ത്താന്‍ സയിദ് ബിന്‍ തായ്മൂറിന്റെ ഏക പുത്രന്‍. മസ്‌ക്കറ്റിന്റേയും ഒമാന്റേയും സിംഹാസനത്തിന്റെ അനന്തരാവകാശി. മസ്‌വോണ്‍ ബിന്ത് അഹമ്മദാണ് മാതാവ്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് 1970 ജൂലൈ 23-നാണ് സ്ഥാനാരോഹിതനായത്. മസ്‌ക്കറ്റിലായിരുന്നു സ്ഥാനാരോഹണം. മസ്‌ക്കറ്റ് ആന്‍ഡ് ഒമാന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ അദ്ദേഹം സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നു പേരുമാറ്റി. രാജ്യത്തിന്റെ രാഷ്ട്രീയ ഏകത്വം കൂടുതല്‍ വ്യക്തമായി പ്രതിഫലിപ്പിക്കാനായിരുന്നു അത്.
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് സ്ഥാനാരോഹണം ചെയ്ത ദിനമായ ജൂലൈ 23 സ്ഥാനാരോഹണ ദിനമായും (അക്‌സഷന്‍ ഡേ) ജന്മദിനമായ നവംബര്‍ 18 ദേശീയ ദിനമായും (നാഷണല്‍ ഡേ) ഒമാനില്‍ ആഘോഷിക്കുന്നു. നാല്പതാമത് ദേശീയ ദിനം ഒമാന്‍ 2010-ല്‍ ആഘോഷിക്കുമ്പോള്‍ സുല്‍ത്താന്‍ ഖാബൂസിന് എഴുപതു വയസിന്റെ മികവ്.
സമകാലിക പ്രമേയങ്ങള്‍ക്കായുള്ള മാസികയായ റീ-ഡിസ്‌കവര്‍ കേരള കഴിഞ്ഞ 17 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്നു. കേരള സംസ്ഥാനത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകത്തിലെ മറ്റു രാജ്യങ്ങളിലുമുള്ള മലയാളികളെ ലക്ഷ്യമാക്കിയാണ് മലയാളം-ഇംഗ്ലീഷ് ദ്വിഭാഷാ മാസികയുടെ പ്രസാധനം. മാസികയിലെ വിഭവങ്ങളെ ഭൂഗോളത്തെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യവുമായി ഇന്റര്‍നെറ്റില്‍ റീഡിസ്‌കവര്‍ കേരള ഡോട്ട്‌കോമും ലഭ്യമാണ്.
അന്യരാജ്യങ്ങളിലെ പ്രവാസികളുടെ കാര്യങ്ങളില്‍ എന്നും പ്രത്യേക താത്പര്യമെടുക്കുന്ന മാനേജിംഗ് എഡിറ്റര്‍ സേവ്യര്‍ കാവാലത്തിന്റെ ആശയം നടപ്പിലാക്കിയതോടെയാണ് മലയാളത്തില്‍ ആദ്യമായി സുല്‍ത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടാന്‍ ഇടയായത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ 2010 ഓഗ്‌സറ്റ് 15-നാണ് 'ഒമാന്റെ സ്വന്തം പൊന്‍താരകം' അച്ചടിച്ചുപുറത്തിറക്കിയത്.
'ഒമാന്റെ സ്വന്തം പൊന്‍താരക'-ത്തിന്റെ പിഡിഎഫ് പതിപ്പ് വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: http://www.rediscoverkerala.com/publicationspages/pdfs/pontharakam.pdf
No comments:
Post a Comment