
തോമസ് മത്തായി കരിക്കംപള്ളില്‍
കേരളത്തിലെ വിദ്യാലയങ്ങള്‍ പലതില്‍ നിന്നും വൈകുന്നേരം വിദ്യാര്‍ഥികളെ വിടുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും അതുമൂലമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാന്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
റോഡുകളോടു ചേര്‍ന്നുള്ള സ്‌കൂളുകള്‍ വിടുന്ന സമയത്ത് ഉണ്ടാകുന്ന കുരുക്കുകള്‍ അല്പം മനസുവച്ചാല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഒഴിവാക്കാവുന്നതേയുള്ളു. രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെയല്ല എത്തുന്നതെങ്കിലും ആ സമയത്തും ഗതാഗത തടസ്സം ഏറെയാണ്. അപ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ ഒരുമിച്ച് നൂറുകണക്കിനു കുട്ടികള്‍ ഏതാനും മിനിട്ടുകള്‍ കൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ അതുവഴി പോകുന്നവര്‍ക്കൊക്കെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറയാതിരിക്കുന്നതാണു ഭേദം.
സ്‌കൂള്‍ വിടുമ്പോള്‍ കാല്‍നട വിദ്യാര്‍ഥികള്‍ മാത്രമല്ല വിദ്യാലയവളപ്പുകളില്‍ നിന്നു പുറത്തേക്കൊഴുകുന്നത്. സൈക്കിളുകളും ഓട്ടോറിക്ഷകളും സ്‌കൂള്‍ ബസുകളും വാനുകളുമെല്ലാം ഇടകലര്‍ന്നാണെത്തുക. അതും തിരക്കു കൂടിയ പാതകളിലേക്ക്. അപകടകരമായ അവസ്ഥയാണത്. ഏതാനും മിനിട്ടുകള്‍ കൊണ്ട് ഉണ്ടാകുന്ന ഗതാഗത തടസ്സം മണിക്കൂറുകള്‍ നീളും.
രാവിലേയും വൈകുന്നേരവും ബസുകളിലേയും മറ്റും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ വിവിധ സ്‌കൂളുകളിലെ പഠന സമയം മുന്നോട്ടും പുറകോട്ടും അഥവാ പല സമയത്തും ആക്കണമെന്ന് മുന്‍പ് അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതു കേരളത്തില്‍ നടപ്പാക്കുക അത്ര എളുപ്പമല്ല. പ്രയോജനങ്ങള്‍ ആരും കണക്കിലെടുക്കില്ല. അതുമൂലമുണ്ടാകുന്ന ചില ബുദ്ധിമുട്ടുകള്‍ എടുത്തുകാട്ടി കണ്ണടച്ചു എതിര്‍ക്കും.
അപ്പോള്‍ പിന്നെ ഒരോ സ്‌കൂളുകാരും അവരവരുടെ വിദ്യാര്‍ഥികളുടെ സുരക്ഷാകാര്യം കൈകാര്യം ചെയ്യുകയേ നിവൃത്തിയുള്ളു. പലക്ലാസുകള്‍ക്ക് രാവിലേയും വൈകിട്ടും കാല്‍മണിക്കൂര്‍ വ്യത്യാസമെങ്കിലും വരുത്തണം.
ഏതായാലും സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും കൂടി റോഡിലേക്ക് ഒരുമിച്ച് ഇറങ്ങാന്‍ ഇടയാക്കരുത്. പ്രത്യേകിച്ച് പട്ടണ, നഗരപ്രദേശങ്ങളില്‍. അടുത്തടുത്തു സ്‌കൂളുകള്‍ ഉള്ളയിടങ്ങളാണെങ്കില്‍ ആ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കൂടിയാലോചിച്ചു തീരുമാനത്തിലെത്തണം. എല്ലായിടത്തും ട്രാഫിക്ക് പോലീസിനെ ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്‌കൂളുകളിലെ മുതിര്‍ന്ന കുട്ടികളും അധ്യാപകരും ചേര്‍ന്ന് റോഡു മുറിച്ചു കടക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുകയും താത്കാലികമായി ഗതാഗതം നിയന്ത്രിക്കുകയും വേണം.
ഇതിനേക്കാലുപരി സ്‌കൂളിനു മുന്നില്‍ ബസ് സ്റ്റോപ്പ് ഉണ്ടെങ്കില്‍ അവിടെ എല്ലാ ബസുകളും നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റിയിറക്കണം. അല്ലാതെ അവരെ നെട്ടോട്ടം ഓടിക്കരുത്. ബസുകളില്‍ തിക്കിത്തിരക്കി കയറാതെ ക്യൂ പാലിച്ചു കയറാന്‍ വിദ്യാര്‍ഥികളും പഠിക്കണം.
No comments:
Post a Comment