തോമസ് മത്തായി കരിക്കംപള്ളില്‍
ബഹുമാനപൂര്‍വം ഗുരുദേവ് എന്നു വിളിക്കുന്ന രവീന്ദ്രനാഥ ടാഗോറിന്റ (1861 മേയ് 7-1941 ഓഗസ്റ്റ് 7) ജീവിതത്തേയും കലാസാഹിത്യ സൃഷ്ടികളേയും കുറിച്ചുള്ള സഞ്ചരിക്കുന്ന ട്രെയിന്‍ പ്രദര്‍ശനം റെയില്‍വേയുടെ ജനാഭിമുഖ്യത്തിന് ഒരു തെളിവുകൂടി നല്കുന്നു. അടുത്തകാലത്തായി റെയില്‍വേ അനേകം വിഷയങ്ങളില്‍ ഇങ്ങനെ ട്രെയിനിലുള്ള പ്രദര്‍ശനങ്ങള്‍ കൂടുതലായി നടത്തുന്നുണ്ട്.
ടാഗോറിന്റെ നൂറ്റമ്പതാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായാണ് 'സംസ്‌കൃതി യാത്ര' എന്ന സഞ്ചരിക്കുന്ന മ്യൂസിയം റെയില്‍വേ ഒരുക്കിയത്. ഇന്ത്യന്‍ റെയില്‍വേസിന്റെ ബഹുമാന സൂചകമായ ഒരു അവതരണം. ബഹുമുഖപ്രതിഭയായിരുന്ന ടാഗോറിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനം 2010 മേയ് ഒന്‍പതിനാണ് കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്ത ഹൗറ റെയില്‍ മ്യൂസിയത്തില്‍ നിന്ന് ഫഌഗ് ഓഫ് ചെയ്തത്. രാജ്യം ചുറ്റിയുള്ള പര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18 മുതല്‍ 20 വരെ എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാന്‍ സൗകര്യം ഒരുക്കി. സമൂഹത്തിന്റെ എല്ലാ രംഗങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രചോദനം നല്കുന്ന വിധത്തിലാണ് പ്രദര്‍ശനം രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏകദേശം നൂറു പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലൂടെ പ്രദര്‍ശനം നടത്തി ട്രെയിന്‍ കടന്നുപോകും. 2011 മേയ് എട്ടിന് ഹൗറയില്‍ തിരിച്ചെത്തും. ബംഗ്ലാദേശിലൂടെയും ട്രെയിന്‍ കടന്നുപോകും.
കൊല്‍ക്കൊത്തയിലെ ബാല്യകാലത്തിനിടയ്ക്ക് എട്ടാം വയസില്‍ തന്നെ ടാഗോര്‍ കവിത എഴുതാനാരംഭിച്ചു. പതിനാറു വയസിനുള്ളില്‍ തന്നെ പ്രധാനപ്പെട്ട പല രചനകളും എഴുതിക്കഴിഞ്ഞു.
കവിതയിലെന്ന പോലെ നാടകം, നോവല്‍, ചെറുകഥ ഉപന്യാസം, സാഹിത്യവിമര്‍ശനം, ആത്മകഥ എന്നീ സാഹിത്യവിഭാഗങ്ങളിലും അദ്വിതീയമായ സംഭാവനകള്‍ ടാഗോറിന്റേതായുണ്ട്. സാഹിത്യത്തിനു പുറമേ സംഗീതം, ചിത്രരചന, അഭിനയം, നൃത്തം എന്നീ കലകള്‍ക്കും അദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്കി. ബംഗാളി സാഹിത്യത്തേയും സംഗീതത്തേയും നവീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രമുഖ പങ്കു വഹിച്ചു. ക്ലാസിക് സാഹിത്യത്തിന്റെ സങ്കീര്‍ണതകളെ മറികടന്ന് ലളിതമായ ആഖ്യാനരീതി സാഹിത്യത്തിന് നല്കാന്‍ അദ്ദേഹത്തിനായി.
പ്രാര്‍ഥനാഗീതങ്ങളായ ഗീതാഞ്ജലി കൂടാതെ ഗോര, ഘോര ബൈരേ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികളില്‍ ചിലതാണ്. നൊബേല്‍ സമ്മാനത്തിന് ടാഗോറിനെ അര്‍ഹമാക്കിയ ഗീതാഞ്ജലി 1912-ലാണ് പുറത്തുവന്നത്. പ്രമുഖ പാശ്ചാത്യ കവിയായ ഡബ്ല്യു ബി യേറ്റ്‌സായിരുന്നു ഇംഗ്ലീഷില്‍ പുറത്തുവന്ന കൃതിക്ക് ആമുഖക്കുറിപ്പ് എഴുതിയത്. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയ്ക്ക് പുറമേ ബംഗ്ഌദേശിന്റെ ദേശീയഗാനമായ അമര്‍ സോനാര്‍ ബംഗ്ലായും രചിച്ചത് ടാഗോറാണ്.
ടാഗോറിന്റെ സാഹിത്യപ്രതിഭയ്ക്ക് ലഭിച്ച അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു 1913-ല്‍ അദ്ദേഹത്തിനു ലഭിച്ച നൊബേല്‍ സമ്മാനം. ഇതേത്തുടര്‍ന്ന് 1915-ല്‍ ഉന്നത രാജബഹുമതിയായ നൈറ്റ്ഹുഡ് നല്കി ജോര്‍ജ് അഞ്ചാമന്‍ രാജാവ് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. എന്നാല്‍ 1919-ലെ അമൃത്‌സര്‍ കൂട്ടക്കൊലയെത്തുടര്‍ന്ന് ആ ബഹുമതി ടാഗോര്‍ നിരാകരിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്നു ടാഗോറിന്റെ മറ്റൊരു പ്രവര്‍ത്തന മണ്ഡലം. ആത്മീയതയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ആ മഹത് വ്യക്തിത്വം തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും ലഭിച്ച സമ്പത്തെല്ലാം വിശ്വഭാരതി വിശ്വവിദ്യാലയത്തിന്റെ വികസനത്തിനാണ് ഉപയോഗിച്ചത്.
ആയിരത്തിലധികം കവിതകളും എട്ടു ചെറുകഥാ സമാഹരങ്ങളും ഇരുപത്തിനാല് നാടകങ്ങളും എട്ടു നോവലുകളും ഉള്‍പ്പെട്ടതാണ് ടാഗോറിന്റെ സാഹിത്യസംഭാവനകള്‍. വിദ്യാഭ്യാസം, മതം, തത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സംഗീതലോകത്ത് അദ്ദേഹത്തിന്റെ സംഭാവനയായി രണ്ടായിരത്തിലധികം ഗാനങ്ങളുണ്ട്. ഗാനങ്ങള്‍ക്കെല്ലാം അദ്ദേഹം തന്നെയാണ് സംഗീതം നല്കിയിരിക്കുന്നതും. 1929-ല്‍ ടാഗോര്‍ ചിത്രരചനയും ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പല രചനകളും ഇപ്പോഴും പ്രദര്‍ശനങ്ങളിലുണ്ട്.
ആധുനിക ഭൗതികശാസ്ത്രത്തിലും ആഗാധമായ അറിവ് ടാഗോറിനുണ്ടായിരുന്നു. ക്വാണ്ടം ബലതന്ത്രവും കായോസ് സിദ്ധാന്തവും അദ്ദേഹത്തിനു വഴങ്ങുന്നതായിരുന്നു. ഈ ആധുനിക ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി 1930-ല്‍ അദ്ദേഹം പ്രമുഖ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനുമായി സംവാദത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍, എച്ച്.ജി.വെല്‍സ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളുടെ ശബ്ദശേഖരം ടാഗോറിന്റെ ബഹുമുഖ പ്രതിഭ അനാവരണം ചെയ്യുന്നവയാണ്.
സംസ്‌കൃതി എക്‌സ്പ്രസിലെ ശീതീകരിച്ച അഞ്ചു കോച്ചുകളിലാണ് ചിത്ര-ഫോട്ടോകളിലൂടെയുള്ള പ്രദര്‍ശനം. കൂടാതെ നാലു കോച്ചുകളും എന്‍ജിനും ഉള്‍പ്പെട്ടതാണ് ട്രെയിന്‍.
- കോച്ച് ഒന്ന് ജീവന്‍സ്മൃതി. ടാഗോറിന്റെ ജീവിതം, ഓര്‍മ്മകള്‍, ശാന്തിനികേതന്‍, ശ്രീനികേതന്‍.
- കോച്ച് രണ്ട് ഗീതാഞ്ജലി. ഗീതകങ്ങള്‍, പദ്യങ്ങള്‍, കവിതകള്‍.
- കോച്ച് മൂന്ന് മുക്തോധാര. ചെറുകഥ, നോവല്‍, നാടകം, ഉപന്യാസം. കൂടാതെ അഭിനേതാവ് എന്ന നിലയിലുള്ള ടാഗോറിന്റെ സംഭാവനകള്‍.
- കോച്ച് നാല് ചിത്രരേഖ. ടാഗോര്‍ വരച്ച ചിത്രങ്ങള്‍. പോര്‍ട്രേയ്റ്റുകള്‍, ലാന്‍ഡ്‌സ്‌കേപ്പുകള്‍, സ്‌കെച്ചുകള്‍ തുടങ്ങിയവ.
- കോച്ച് അഞ്ച് ശേഷകഥ, സ്മരണിക. അവസാന നാളുകള്‍, അന്ത്യയാത്ര എന്നിവയുടെ ഫോട്ടോകള്‍. ശാന്തിനികേതനില്‍ നിര്‍മിച്ച കരകൗശലവസ്തുക്കള്‍ കാണാനും വാങ്ങാനും. സിറാമിക് പോട്ടുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, കാര്‍ഡുകള്‍. കൂടാതെ പുസ്തകങ്ങളും.
ഇന്ത്യയുടെ നവോത്ഥാനത്തിന്റെ പ്രവാചകനും ഏഷ്യയിലെ ജീവിതത്തിന്റെ നവോദയവുമായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. മനുഷ്യരാശിയ്ക്ക് നിത്യപ്രചോദനമായ ആ മഹാപ്രതിഭയുടെ ജന്മവാര്‍ഷികാഘോഷങ്ങളില്‍ സംസ്‌കൃതി യാത്ര എന്ന പ്രദര്‍ശനത്തിലൂടെ ഭാഗമാകുന്നതില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാനം കൊള്ളുകതന്നെ ചെയ്യാം.
No comments:
Post a Comment