Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Thursday, October 21, 2010

മടങ്ങിവരുമോ മാധുര്യമേറും മാമ്പഴക്കാലം


തോമസ് മത്തായി കരിക്കംപള്ളില്‍

കേരളത്തില്‍ അഞ്ചു സെന്റ് ഭൂമിയുള്ളവര്‍ പോലും അതില്‍ ഒരു മാവെങ്കിലും വച്ചുപിടിപ്പിക്കും. കേരം നിറഞ്ഞ കേരള നാട്ടില്‍ വ്യാപകമായി വീട്ടുവളപ്പുകളില്‍ കാണുന്ന ഫലവൃക്ഷം മാവാണ്. വര്‍ഷങ്ങള്‍ പരിപാലിച്ചു നിലനിര്‍ത്തുന്ന മാവുകളില്‍ നിന്നുള്ള വിളവ് അടുത്ത വര്‍ഷങ്ങളായി കുത്തനേ കുറഞ്ഞു വരുകയാണ്. പല കാരണങ്ങളാണ് ഇതിനുള്ളത്. മാവിന്റെ എല്ലാ കാലഘട്ടങ്ങളിലും രോഗങ്ങള്‍, കീടശല്യം, ക്രമഭംഗം തുടങ്ങിയവയുണ്ടാകാം. എന്നാല്‍ ഇവയെ പ്രതിരോധിക്കാന്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായി സാധിച്ചെന്നു വരുകയില്ല. വളര്‍ന്നു വലുതായ വൃക്ഷങ്ങളില്‍ കീടനാശിനി തളിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ വിവിധ ബുദ്ധിമുട്ടുകള്‍ കാരണം സാധാരണ നടക്കാറില്ല. കീടബാധയ്ക്കും പ്രാണികള്‍ക്കും എതിരേ ഒരു പ്രദേശമാകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തിയില്ലെങ്കില്‍ അതു ഫലവത്താകുകയുമില്ല.

അങ്ങനെയിരിക്കെയാണ് കേരളത്തിലെ വീട്ടുമാവുകളെ സംരക്ഷിച്ച് പുഷ്ടിപ്പെടുത്തി സീസണുകളില്‍ മാങ്ങാപ്രളയം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന ആവശ്യത്തിന്റെ പ്രാധാന്യം. അതു വളരെ ചെലവുകുറഞ്ഞ രീതിയില്‍ വ്യാപകമായി നടത്താവുന്നതേയുള്ളു. അതിനുള്ള ഭൗതികസാഹചര്യം ഒരുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കുമാകും. കാര്‍ഷിക സര്‍വകലാശാല ഇക്കാര്യത്തില്‍ പിന്നോട്ടു പോകാതെ നൂതനവിദ്യകള്‍ അവതരിപ്പിക്കുകയും പിന്തുണ നല്കുകയും വേണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ പല വര്‍ഷങ്ങളായി ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. മാങ്ങ പോലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരാന്‍ കാത്തിരിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങളാകട്ടെ മികച്ച മാങ്ങകള്‍ വന്‍തോതില്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വിദേശനാണ്യം സമ്പാദിക്കുന്നു.

ഇക്കാര്യം അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു കൈഒഴിയാനാകില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ലേഖകന്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് കത്തുകള്‍ ആവര്‍ത്തിച്ച് അയച്ചിട്ടുണ്ട്. ഇതുപോലെ പലരും ചെയ്തിട്ടുണ്ടെന്നും അറിയാം. എന്നാല്‍ ആരും എനിക്കൊരു മറുപടി പോലും കിട്ടിയിട്ടില്ല. കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ പോലും നിസംഗതാ മനോഭാവം കാട്ടുന്നതാണ് കൂടുതല്‍ ഖേദകരം. സംസ്ഥാനത്തെ സംബന്ധിച്ച് നിസാരമല്ല ഈ കാര്യം. കേരളത്തിലെ ഫലവൃക്ഷങ്ങളില്‍ നിന്ന് ഏറ്റവും മികച്ചതായ ഉത്പാദനമുണ്ടാക്കാന്‍ പൊതുജനങ്ങളെ സഹായിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്.

ഏറ്റവും ഒടുവിലായി 2009 ജൂണ്‍ 30-ന് കേരള മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കു കൂടാതെ കാര്‍ഷിക സര്‍വകലാശാലയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ക്രോസ്‌റോഡ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ കത്തയച്ചിരുന്നു. പതിവുപോലെ ആരും അത് കൈപ്പറ്റിയതായി പോലും അറിയിച്ചിട്ടില്ല!

സ്വയം വിശദീകരിക്കുന്ന ആ കത്ത് ഇങ്ങനയായിരുന്നു. ''വിഷയം: സംസ്ഥാനത്തെ മാവുകളില്‍ ഉണ്ടാകുന്ന മാങ്ങകളില്‍ കീടങ്ങളും പുഴുക്കളും വ്യാപകമാകുന്നത് നിയന്ത്രിക്കുന്നതു സംബന്ധിച്ച്. മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥന.

കേരള സംസ്ഥാനത്ത് ധാരാളം മാവുകള്‍ വീട്ടുവളപ്പുകളിലും തോട്ടങ്ങളിലും ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിളവ് കുത്തനെ കുറഞ്ഞു വരുകയാണെന്നുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. കീടശല്യം മൂലം മാങ്ങ വിളവെത്താതെ നശിക്കുകയും വിളവെത്തുന്നവ പുഴു ശല്യം മൂലം ഉപയോഗശൂന്യമാകുകയുമാണ് ചെയ്യുന്നത്. ഈ സീസണിലും അതു വ്യാപകമായിരുന്നു.

സംസ്ഥാനത്തൊട്ടാകെ വിവിധയിനം മാവുകളില്‍ കാണുന്ന ഈ അവസ്ഥയ്‌ക്കെതിരേ ഫലപ്രദമായ നടപടി സര്‍ക്കാര്‍ തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാകണമെന്ന ക്രോസ്‌റോഡ് വായനക്കാരുടെ അഭിപ്രായം സര്‍ക്കാര്‍ മുമ്പാകെ അവതരിപ്പിക്കുന്നതിനാണ് ഈ കത്ത്.

അടുത്ത വര്‍ഷത്തെ സീസണ്‍ മുതല്‍ പുഴുശല്യം നിയന്ത്രണവിധേയമാക്കുന്നതിന് സംസ്ഥാനവ്യാപകമായി ഉടന്‍ തന്നെ ബോധവത്കരണ നടപടികളും കീടനിയന്ത്രണ നടപടികളും ആരംഭിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ പലരും പുഴുക്കളെ നശിപ്പിക്കുന്നതിന് അനിയന്ത്രിതമായ കീടനാശിനി പ്രയോഗം നടത്തുന്നതായും സൂചനയുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ വിവേചനമില്ലാതെ വിഷവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.

കേരളീയര്‍ക്ക് സീസണില്‍ ആവശ്യാനുസരണം ഭക്ഷിക്കാനും കൂടാതെ ശേഖരിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നല്ല തോതില്‍ കയറ്റി അയക്കുന്നതിനും തക്ക വിളവ് സംസ്ഥാനത്ത് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. മാങ്ങ പുഴു തിന്ന് നശിക്കാതെ വിളവെടുത്ത് പഴുപ്പിക്കുന്നതിനാവശ്യമായ ശാസ്ത്രീയ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വീട്ടുവളപ്പുകളില്‍ വളരുന്ന മാവുകള്‍ക്ക് സംരക്ഷണം നല്കാന്‍ ഉതകുന്ന നടപടികളും ആവശ്യമാണ്.''

ഇതുസംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ദയവായി ഉടനേ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. എല്ലാ ജനനന്മകാര്യങ്ങള്‍ക്കുമെന്ന പോലെ ഇക്കാര്യം ശ്രദ്ധിച്ചു നടപടിയെടുക്കാനും നാട്ടില്‍ ആളില്ല. എല്ലാ വര്‍ഷവും മാവുകള്‍ പതിവുപോലെ പൂക്കും. കൊഴിയും. മാങ്ങയാകുന്നവ പുഴുതിന്നും.

ഇന്ത്യയിലെ മാങ്ങകളെക്കുറിച്ചും കീടനിയന്ത്രണത്തെക്കുറിച്ചും മറ്റും കൂടുതല്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.horticultureworld.net/mango-india.htm

Monday, October 18, 2010

ബഹുമുഖ പ്രതിഭയായ ടാഗോര്‍


തോമസ് മത്തായി കരിക്കംപള്ളില്‍

ബഹുമാനപൂര്‍വം ഗുരുദേവ് എന്നു വിളിക്കുന്ന രവീന്ദ്രനാഥ ടാഗോറിന്റ (1861 മേയ് 7-1941 ഓഗസ്റ്റ് 7) ജീവിതത്തേയും കലാസാഹിത്യ സൃഷ്ടികളേയും കുറിച്ചുള്ള സഞ്ചരിക്കുന്ന ട്രെയിന്‍ പ്രദര്‍ശനം റെയില്‍വേയുടെ ജനാഭിമുഖ്യത്തിന് ഒരു തെളിവുകൂടി നല്കുന്നു. അടുത്തകാലത്തായി റെയില്‍വേ അനേകം വിഷയങ്ങളില്‍ ഇങ്ങനെ ട്രെയിനിലുള്ള പ്രദര്‍ശനങ്ങള്‍ കൂടുതലായി നടത്തുന്നുണ്ട്.

ടാഗോറിന്റെ നൂറ്റമ്പതാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായാണ് 'സംസ്‌കൃതി യാത്ര' എന്ന സഞ്ചരിക്കുന്ന മ്യൂസിയം റെയില്‍വേ ഒരുക്കിയത്. ഇന്ത്യന്‍ റെയില്‍വേസിന്റെ ബഹുമാന സൂചകമായ ഒരു അവതരണം. ബഹുമുഖപ്രതിഭയായിരുന്ന ടാഗോറിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനം 2010 മേയ് ഒന്‍പതിനാണ് കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്ത ഹൗറ റെയില്‍ മ്യൂസിയത്തില്‍ നിന്ന് ഫഌഗ് ഓഫ് ചെയ്തത്. രാജ്യം ചുറ്റിയുള്ള പര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18 മുതല്‍ 20 വരെ എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാന്‍ സൗകര്യം ഒരുക്കി. സമൂഹത്തിന്റെ എല്ലാ രംഗങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രചോദനം നല്കുന്ന വിധത്തിലാണ് പ്രദര്‍ശനം രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏകദേശം നൂറു പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലൂടെ പ്രദര്‍ശനം നടത്തി ട്രെയിന്‍ കടന്നുപോകും. 2011 മേയ് എട്ടിന് ഹൗറയില്‍ തിരിച്ചെത്തും. ബംഗ്ലാദേശിലൂടെയും ട്രെയിന്‍ കടന്നുപോകും.

കൊല്‍ക്കൊത്തയിലെ ബാല്യകാലത്തിനിടയ്ക്ക് എട്ടാം വയസില്‍ തന്നെ ടാഗോര്‍ കവിത എഴുതാനാരംഭിച്ചു. പതിനാറു വയസിനുള്ളില്‍ തന്നെ പ്രധാനപ്പെട്ട പല രചനകളും എഴുതിക്കഴിഞ്ഞു.

കവിതയിലെന്ന പോലെ നാടകം, നോവല്‍, ചെറുകഥ ഉപന്യാസം, സാഹിത്യവിമര്‍ശനം, ആത്മകഥ എന്നീ സാഹിത്യവിഭാഗങ്ങളിലും അദ്വിതീയമായ സംഭാവനകള്‍ ടാഗോറിന്റേതായുണ്ട്. സാഹിത്യത്തിനു പുറമേ സംഗീതം, ചിത്രരചന, അഭിനയം, നൃത്തം എന്നീ കലകള്‍ക്കും അദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്കി. ബംഗാളി സാഹിത്യത്തേയും സംഗീതത്തേയും നവീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രമുഖ പങ്കു വഹിച്ചു. ക്ലാസിക് സാഹിത്യത്തിന്റെ സങ്കീര്‍ണതകളെ മറികടന്ന് ലളിതമായ ആഖ്യാനരീതി സാഹിത്യത്തിന് നല്കാന്‍ അദ്ദേഹത്തിനായി.

പ്രാര്‍ഥനാഗീതങ്ങളായ ഗീതാഞ്ജലി കൂടാതെ ഗോര, ഘോര ബൈരേ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികളില്‍ ചിലതാണ്. നൊബേല്‍ സമ്മാനത്തിന്‌ ടാഗോറിനെ അര്‍ഹമാക്കിയ ഗീതാഞ്ജലി 1912-ലാണ് പുറത്തുവന്നത്. പ്രമുഖ പാശ്ചാത്യ കവിയായ ഡബ്ല്യു ബി യേറ്റ്‌സായിരുന്നു ഇംഗ്ലീഷില്‍ പുറത്തുവന്ന കൃതിക്ക് ആമുഖക്കുറിപ്പ് എഴുതിയത്. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയ്ക്ക് പുറമേ ബംഗ്ഌദേശിന്റെ ദേശീയഗാനമായ അമര്‍ സോനാര്‍ ബംഗ്ലായും രചിച്ചത് ടാഗോറാണ്.

ടാഗോറിന്റെ സാഹിത്യപ്രതിഭയ്ക്ക് ലഭിച്ച അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു 1913-ല്‍ അദ്ദേഹത്തിനു ലഭിച്ച നൊബേല്‍ സമ്മാനം. ഇതേത്തുടര്‍ന്ന് 1915-ല്‍ ഉന്നത രാജബഹുമതിയായ നൈറ്റ്ഹുഡ് നല്കി ജോര്‍ജ് അഞ്ചാമന്‍ രാജാവ് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. എന്നാല്‍ 1919-ലെ അമൃത്‌സര്‍ കൂട്ടക്കൊലയെത്തുടര്‍ന്ന് ആ ബഹുമതി ടാഗോര്‍ നിരാകരിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്നു ടാഗോറിന്റെ മറ്റൊരു പ്രവര്‍ത്തന മണ്ഡലം. ആത്മീയതയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ആ മഹത് വ്യക്തിത്വം തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും ലഭിച്ച സമ്പത്തെല്ലാം വിശ്വഭാരതി വിശ്വവിദ്യാലയത്തിന്റെ വികസനത്തിനാണ് ഉപയോഗിച്ചത്.

ആയിരത്തിലധികം കവിതകളും എട്ടു ചെറുകഥാ സമാഹരങ്ങളും ഇരുപത്തിനാല് നാടകങ്ങളും എട്ടു നോവലുകളും ഉള്‍പ്പെട്ടതാണ് ടാഗോറിന്റെ സാഹിത്യസംഭാവനകള്‍. വിദ്യാഭ്യാസം, മതം, തത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സംഗീതലോകത്ത് അദ്ദേഹത്തിന്റെ സംഭാവനയായി രണ്ടായിരത്തിലധികം ഗാനങ്ങളുണ്ട്. ഗാനങ്ങള്‍ക്കെല്ലാം അദ്ദേഹം തന്നെയാണ് സംഗീതം നല്കിയിരിക്കുന്നതും. 1929-ല്‍ ടാഗോര്‍ ചിത്രരചനയും ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പല രചനകളും ഇപ്പോഴും പ്രദര്‍ശനങ്ങളിലുണ്ട്.

ആധുനിക ഭൗതികശാസ്ത്രത്തിലും ആഗാധമായ അറിവ് ടാഗോറിനുണ്ടായിരുന്നു. ക്വാണ്ടം ബലതന്ത്രവും കായോസ് സിദ്ധാന്തവും അദ്ദേഹത്തിനു വഴങ്ങുന്നതായിരുന്നു. ഈ ആധുനിക ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി 1930-ല്‍ അദ്ദേഹം പ്രമുഖ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനുമായി സംവാദത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍, എച്ച്.ജി.വെല്‍സ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളുടെ ശബ്ദശേഖരം ടാഗോറിന്റെ ബഹുമുഖ പ്രതിഭ അനാവരണം ചെയ്യുന്നവയാണ്.

സംസ്‌കൃതി എക്‌സ്പ്രസിലെ ശീതീകരിച്ച അഞ്ചു കോച്ചുകളിലാണ് ചിത്ര-ഫോട്ടോകളിലൂടെയുള്ള പ്രദര്‍ശനം. കൂടാതെ നാലു കോച്ചുകളും എന്‍ജിനും ഉള്‍പ്പെട്ടതാണ് ട്രെയിന്‍.
  • കോച്ച് ഒന്ന് ജീവന്‍സ്മൃതി. ടാഗോറിന്റെ ജീവിതം, ഓര്‍മ്മകള്‍, ശാന്തിനികേതന്‍, ശ്രീനികേതന്‍.
  • കോച്ച് രണ്ട് ഗീതാഞ്ജലി. ഗീതകങ്ങള്‍, പദ്യങ്ങള്‍, കവിതകള്‍.
  • കോച്ച് മൂന്ന് മുക്തോധാര. ചെറുകഥ, നോവല്‍, നാടകം, ഉപന്യാസം. കൂടാതെ അഭിനേതാവ് എന്ന നിലയിലുള്ള ടാഗോറിന്റെ സംഭാവനകള്‍.
  • കോച്ച് നാല് ചിത്രരേഖ. ടാഗോര്‍ വരച്ച ചിത്രങ്ങള്‍. പോര്‍ട്രേയ്റ്റുകള്‍, ലാന്‍ഡ്‌സ്‌കേപ്പുകള്‍, സ്‌കെച്ചുകള്‍ തുടങ്ങിയവ.
  • കോച്ച് അഞ്ച് ശേഷകഥ, സ്മരണിക. അവസാന നാളുകള്‍, അന്ത്യയാത്ര എന്നിവയുടെ ഫോട്ടോകള്‍. ശാന്തിനികേതനില്‍ നിര്‍മിച്ച കരകൗശലവസ്തുക്കള്‍ കാണാനും വാങ്ങാനും. സിറാമിക് പോട്ടുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, കാര്‍ഡുകള്‍. കൂടാതെ പുസ്തകങ്ങളും.
ടാഗോറിന്റെ നേട്ടങ്ങളും വിചാരങ്ങളും പകര്‍ത്തിയ കോച്ചുകള്‍ ഹൗറ ലിലുവ റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് തയാറാക്കിയത്. കമ്മിറ്റി ഓണ്‍ ഹെരിറ്റേജ് ആന്‍ഡ് കള്‍ച്ചറിന്റെ നിര്‍ദേശപ്രകാരം.

ഇന്ത്യയുടെ നവോത്ഥാനത്തിന്റെ പ്രവാചകനും ഏഷ്യയിലെ ജീവിതത്തിന്റെ നവോദയവുമായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. മനുഷ്യരാശിയ്ക്ക് നിത്യപ്രചോദനമായ ആ മഹാപ്രതിഭയുടെ ജന്മവാര്‍ഷികാഘോഷങ്ങളില്‍ സംസ്‌കൃതി യാത്ര എന്ന പ്രദര്‍ശനത്തിലൂടെ ഭാഗമാകുന്നതില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാനം കൊള്ളുകതന്നെ ചെയ്യാം.

Friday, October 15, 2010

ചുണ്ടന്‍വള്ളങ്ങളെ കാത്തുസൂക്ഷിക്കാം


തോമസ് മത്തായി കരിക്കംപള്ളില്‍

കുട്ടനാടന്‍ ജനതയുടെ കരുത്തിന്റേയും ഒരുമയുടേയും പ്രതാപത്തിന്റേയും പ്രതീകങ്ങളായ ചുണ്ടന്‍ വള്ളങ്ങളെ കാത്തുസൂക്ഷിക്കുകയെന്നത് കുട്ടനാട്ടുകാരുടെയെല്ലാം ആഗ്രഹമാണ്. എന്നാല്‍ പല കാരണങ്ങളാലും ചുണ്ടന്‍വള്ളങ്ങള്‍ക്കു വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കരക്കാര്‍ക്കോ ഉടമകള്‍ക്കോ ആകുന്നില്ല. ആവേശം ഏറെയുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരെ പിന്നോട്ടുവലിക്കും. ഓണക്കാലത്തോടു ചേര്‍ന്നുവരുന്ന ഏതാനും വള്ളംകളികളില്‍ മാത്രമാണ് ചുണ്ടന്‍ വള്ളങ്ങള്‍ക്കു പങ്കെടുക്കാനാകുക. ആറന്മുളയിലെ പള്ളിയോടങ്ങളുടെ അവസ്ഥയും ഏകദേശം ഇതുപോലെയൊക്കെത്തന്നെ.

കേരളത്തില്‍ -അതേ കേരളത്തില്‍ മാത്രം- നടത്തപ്പെടുന്ന വള്ളംകളികളെ ഏതൊക്ക വിധത്തില്‍ പരിപോക്ഷിപ്പിക്കാമെന്നു സര്‍ക്കാരും കായികപ്രേമികളും ചേര്‍ന്നു തീരുമാനിച്ചു അവ നടപ്പിലാക്കേണ്ട കാലം അതിക്രമിക്കുകയാണ്. വള്ളംകളികളില്‍ സമ്മാനത്തുകകള്‍ വര്‍ധിപ്പിക്കുക, ബോണസ് നല്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രം ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളി വേളയില്‍ ഉയര്‍ന്നു വരും. മറ്റു കളികളികളാകട്ടെ നടത്തിപ്പൂകാരുടെ ആവേശം മൂലം അങ്ങനെ നടന്നുപോകുന്നുവന്നേയുള്ളു.

കേരളത്തിലെ വള്ളംകളികള്‍ക്ക് ഏകീകൃത ഏര്‍പ്പാടുകള്‍ വേണമെന്നും കളികള്‍ക്കെല്ലാം കൃത്യദിവസങ്ങള്‍ നിശ്ചയിക്കണമെന്നും ടൈംടേബിള്‍ വളരെ നേരത്തേ തയ്യാറാക്കി ലോകമെമ്പാടും എത്തിക്കണമെന്നും വളരെ വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളാണെങ്കിലും അതിനു നടപടിയെടുക്കേണ്ടവര്‍ അതു ചെയ്യുന്നില്ല. ഇതിനിടെ പല വള്ളംകളി മത്സരങ്ങളും വര്‍ഷംതോറും നടത്താറുമില്ല. ഓരോ വള്ളംകളികള്‍ക്കും അതിന്റേതായ ചരിത്രവും സാംസ്‌ക്കാരികത്തനിമയുമുണ്ട്.

രണ്ടായിരത്തിനു തൊട്ടു മുന്‍പ് പുതിയ തടിയില്‍ നിര്‍മിച്ച ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മാണം മന്ദഗതിയിലായിരുന്നുവെങ്കിലും അതിനു ശേഷം ചില വള്ളങ്ങള്‍ പുതുതായി നീറ്റിലിറക്കിയതും പല വള്ളങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തിയതും ശുഭോദര്‍ക്കമാണ്. വള്ളത്തിന്റെ പരമ്പരാഗത പണിരീതികള്‍ മാറ്റാമോ, തടിയല്ലാത്ത വസ്തുക്കള്‍ നിര്‍മാണ വസ്തുക്കളാക്കാമോ എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ക്ക് എത്രയും വേഗം തീരുമാനമുണ്ടാക്കണം. സ്റ്റീല്‍ ചുണ്ടന്‍ വള്ളവും പരമ്പരാഗത വള്ളങ്ങളിലെ കുഷ്യന്‍ സീറ്റും തുടങ്ങി വള്ളങ്ങളുടെ നീളം ഏകീകരണം വരെ വാദപ്രതിവാദങ്ങള്‍ക്കു കാരണമാകുന്നുണ്ട്.

ഇപ്പോള്‍ വര്‍ഷത്തില്‍ ഏറെക്കാലവും വള്ളപ്പുരകളില്‍ തന്നെയാണ് ചുണ്ടന്‍ വള്ളങ്ങള്‍. ബുദ്ധിമുട്ടിയാണെങ്കിലും ആഢ്യത്തിന്റെ ഭാഗമായും താത്പര്യത്തെപ്രതിയും അവയെ കാത്തുസൂക്ഷിക്കുകയാണ്. എന്നാല്‍ വമ്പന്‍വള്ളങ്ങള്‍ക്കും അതു വെള്ളത്തിലിറക്കണമെങ്കില്‍ അഭിഭാജ്യഘടകമായ നൂറുകണക്കിനു തുഴക്കാര്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം എങ്ങനെയുണ്ടാക്കാമെന്നാണ് ചിന്തിക്കേണ്ടത്. കുട്ടനാട്ടിലെ മാറുന്ന സാഹചര്യത്തില്‍ പരമ്പരാഗത തുഴക്കാരെ കിട്ടാതായിക്കൊണ്ടിരിക്കുകയുമാണ്. അപ്പോള്‍ കായികവിനോദമായി തന്നെ വള്ളംകളിയെ മുന്നോട്ടുകൊണ്ടുപോകണം.

വള്ളംകളികളുടെ എണ്ണം എങ്ങനെ കൂട്ടാമെന്നു ചിന്തിക്കണം. പ്രത്യേക അവസരങ്ങളിലും കൂടാതെ വിദേശ വിനോദ സഞ്ചാരികള്‍ക്കുമായും ഇപ്പോള്‍ വള്ളംകളികള്‍ സംഘടിപ്പിക്കാറുണ്ട്. അതു വ്യാപകമാക്കാന്‍ ശ്രമിക്കാം. വള്ളം കളികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ പല കോര്‍പറേറ്റ് കമ്പനികളും തയാറായേക്കും. അവര്‍ക്കു കിട്ടാവുന്ന വമ്പന്‍ പരസ്യം അക്കാര്യത്തില്‍ ആകര്‍ഷകമാകും. വരുമാനമുണ്ടായാലേ വള്ളങ്ങളും കളിക്കാരും നിലനില്ക്കൂ. ചുണ്ടന്‍വള്ളങ്ങളെ വിദേശരാജ്യങ്ങളിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുവെന്നതും നല്ലകാര്യമായേ കണക്കിലാക്കാനാകൂ.

പരസ്യങ്ങളിലും സിനിമാ ഗാനചിത്രീകരണങ്ങളിലും ചുണ്ടന്‍വള്ളങ്ങള്‍ പശ്ചാത്തലമാകുന്നതു മൂലം അവ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള കാഴ്ചക്കാരുടെ മുന്നിലാണെത്തുന്നത്. റേഡിയോയിലെ ദൃക്‌സാക്ഷി വിവരണം ടെലിവിഷനിലായപ്പോള്‍ വിവിധഭാഷകളിലുള്ള സംപ്രേഷണമായി മാറി. ആവശം കൊള്ളിക്കുന്ന വാക്കുകള്‍ ഇപ്പോള്‍ ദൃശ്യഭംഗിയിലുമെത്തുന്നു.

പക്ഷേ ഇതെല്ലാം സംഘടിപ്പിച്ചു വിജയിപ്പിക്കണമെങ്കില്‍ സമര്‍ഥവും സജീവവും ആത്മാര്‍ഥതയുമുള്ളതുമായ നേതൃത്വ സമിതിയുണ്ടാകണം. അതിനു ചിട്ടവട്ടങ്ങളുണ്ടാകണം. അതു സര്‍ക്കാരിന്റെ മാത്രം ഏര്‍പ്പാടാക്കുകയോ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേനയുള്ള പണപ്പിരിവിനു കാരണമാക്കുകയോ ചെയ്തുകൂടാ. വള്ളംകളിയെ സ്‌നേഹിക്കുന്നവരെയാണ് ഇക്കാര്യങ്ങളില്‍ ചുമതലപ്പെടുത്തേണ്ടത്.

ചുണ്ടന്‍വള്ളങ്ങളെ വെള്ളത്തില്‍ മാത്രമല്ല, കരയിലും കാഴ്ചവസ്തുവാക്കാനും അതിലൂടെ വരുമാനമുണ്ടാക്കാനും അവസരമുണ്ടാകണം. വന്‍പ്രദര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്ക് അത് ആകാവുന്നതേയുള്ളു. കേരളത്തിന്റെ തനതായ നിര്‍മാണ വൈശിഷ്ട്യമാണ് അതിലൂടെ കാഴ്ചക്കാരെ പരിചയപ്പെടുത്തുവാന്‍ സാധിക്കുന്നത്. കൊച്ചി ബോള്‍ഗാട്ടിയില്‍ 2010 സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ നടത്തിയ ആറാമതു കേരള ട്രാവല്‍ മാര്‍ട്ടില്‍ (കെടിഎം) ഇങ്ങനൊരു മനോഹര ദൃശ്യം കണ്ടു. രണ്ടു ചുണ്ടന്‍വള്ളങ്ങളാണ് ബോള്‍ഗാട്ടി പാലസിന്റെ പശ്ചാത്തലത്തില്‍ പച്ചപ്പുല്‍ മൈതാനത്ത് അനേകം കാഴ്ചക്കാരെ ആകര്‍ഷിച്ചത്. എത്രയോപേര്‍ അവയില്‍ തൊട്ടും തലോടിയും കണ്‍കുളിര്‍ക്കെക്കണ്ടും ആനന്ദനിര്‍വൃതിയടഞ്ഞു!

വായനക്കാരോട്: കേരളത്തിലെ ചുണ്ടന്‍വള്ളങ്ങളെ സ്‌നേഹിക്കുന്നവര്‍ വള്ളംകളികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും നിലനിര്‍ത്താനുമുള്ള മാര്‍ഗങ്ങള്‍ എഴുതിയറിയിക്കണം. അവ ക്രോഡീകരിച്ച് സര്‍ക്കാരിനു സമര്‍പ്പിക്കാം. ഇ-മെയില്‍: karikkampallil@gmail.com കൂടാതെ അഭിപ്രായങ്ങള്‍ ബ്ലോഗിലെ കമന്റ്‌സില്‍ രേഖപ്പെടുത്തുകയുമാകാം.

Sunday, October 10, 2010

സുല്‍ത്താന്‍ ഖാബൂസിന്റെ ജീവചരിത്രം


തോമസ് മത്തായി കരിക്കംപള്ളില്‍

ഇന്ത്യ-ഒമാന്‍ ഊഷ്മള സൗഹൃദത്തിനു മലയാളത്തില്‍ നിന്നൊരു കെട്ടുറപ്പ്. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ രാജ്യ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ജീവചരിത്ര സ്മരണിക -ഒമാന്റെ സ്വന്തം പൊന്‍താരകം- പ്രസിദ്ധീകരിച്ചതിലൂടെയാണത്. സുല്‍ത്താന്റെ സചിത്ര ജീവചരിത്രം മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിച്ചത് റീ-ഡിസ്‌കവര്‍ കേരളയാണ്. ലോകചരിത്രത്തില്‍ കേരളീയരുടെ മഹത്തായ സംഭാവന എന്നു നിസംശയം പറയാം.

ഒമാന്റെ വളരുന്ന ഗാംഭീര്യത്തിനും പുരോഗതിക്കും പ്രതാപത്തിനും ഖ്യാതിക്കും പിന്നില്‍ സുല്‍ത്താന്‍ ഖാബൂസിന്റെ പരിശ്രമം നാലു പതിറ്റാണ്ടായി ഏറെയുണ്ട്. ഒമാനെ അനുദിനം പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ജീവിതത്തേയും വ്യക്തിത്വത്തേയും കാഴ്ചപ്പാടിനേയും വ്യക്തമാക്കുന്ന സചിത്ര ജീവചരിത്രം സുല്‍ത്താനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കുമായിട്ടാണ് റീ-ഡിസ്‌കവര്‍ കേരള സമര്‍പ്പിച്ചിട്ടുള്ളത്. ഒമാന്റെ അനുദിന വികസനത്തിനായുള്ള മലയാളികളുടെ അധ്വാനവും സഹകരണവും ഏറെ വിലമതിക്കപ്പെടുന്നുണ്ട്. ഒമാന്‍ സുല്‍ത്താന്റേയും പൗരന്മാരുടേയും പിന്തുണ പ്രവാസികള്‍ക്ക്
എപ്പോഴും ആവേശവും അഭിമാനവുമാകുന്നു.

സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ പേരും പെരുമയും ലോകത്താകമാനമെത്തിച്ച ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് തികച്ചും വ്യത്യസ്ഥനാണ്. ഉത്തമനായ ഒരു ഭരണാധികാരിക്കു വേണ്ട ഗുണങ്ങളാണ് സുല്‍ത്താന്‍ ജീവിതത്തിലുടനീളം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളും പ്രവാസികളും അതിനാല്‍ സുല്‍ത്താനെ ഏറെ ബഹുമാനിക്കുന്നു.

ഒമാനിലെ ദോഫാറിലുള്ള സലാലയില്‍ ഒമാന്റെ ഭാവി സമ്പന്നതയുടേയും മഹിമയുടേയും തുടക്കം 1940 നവംബര്‍ 18-നായിരുന്നു. പിന്നീട് ഒമാന്റെ പ്രതാപവും ഖ്യാതിയും ലോകമെമ്പാടും എത്തിച്ച ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദ് അന്നാണ് ജനിച്ചത്. സുല്‍ത്താന്‍ സയിദ് ബിന്‍ തായ്മൂറിന്റെ ഏക പുത്രന്‍. മസ്‌ക്കറ്റിന്റേയും ഒമാന്റേയും സിംഹാസനത്തിന്റെ അനന്തരാവകാശി. മസ്‌വോണ്‍ ബിന്ത് അഹമ്മദാണ് മാതാവ്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് 1970 ജൂലൈ 23-നാണ് സ്ഥാനാരോഹിതനായത്. മസ്‌ക്കറ്റിലായിരുന്നു സ്ഥാനാരോഹണം. മസ്‌ക്കറ്റ് ആന്‍ഡ് ഒമാന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ അദ്ദേഹം സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നു പേരുമാറ്റി. രാജ്യത്തിന്റെ രാഷ്ട്രീയ ഏകത്വം കൂടുതല്‍ വ്യക്തമായി പ്രതിഫലിപ്പിക്കാനായിരുന്നു അത്.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് സ്ഥാനാരോഹണം ചെയ്ത ദിനമായ ജൂലൈ 23 സ്ഥാനാരോഹണ ദിനമായും (അക്‌സഷന്‍ ഡേ) ജന്മദിനമായ നവംബര്‍ 18 ദേശീയ ദിനമായും (നാഷണല്‍ ഡേ) ഒമാനില്‍ ആഘോഷിക്കുന്നു. നാല്പതാമത് ദേശീയ ദിനം ഒമാന്‍ 2010-ല്‍ ആഘോഷിക്കുമ്പോള്‍ സുല്‍ത്താന്‍ ഖാബൂസിന് എഴുപതു വയസിന്റെ മികവ്.

സമകാലിക പ്രമേയങ്ങള്‍ക്കായുള്ള മാസികയായ റീ-ഡിസ്‌കവര്‍ കേരള കഴിഞ്ഞ 17 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്നു. കേരള സംസ്ഥാനത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകത്തിലെ മറ്റു രാജ്യങ്ങളിലുമുള്ള മലയാളികളെ ലക്ഷ്യമാക്കിയാണ് മലയാളം-ഇംഗ്ലീഷ് ദ്വിഭാഷാ മാസികയുടെ പ്രസാധനം. മാസികയിലെ വിഭവങ്ങളെ ഭൂഗോളത്തെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യവുമായി ഇന്റര്‍നെറ്റില്‍ റീഡിസ്‌കവര്‍ കേരള ഡോട്ട്‌കോമും ലഭ്യമാണ്.

അന്യരാജ്യങ്ങളിലെ പ്രവാസികളുടെ കാര്യങ്ങളില്‍ എന്നും പ്രത്യേക താത്പര്യമെടുക്കുന്ന മാനേജിംഗ് എഡിറ്റര്‍ സേവ്യര്‍ കാവാലത്തിന്റെ ആശയം നടപ്പിലാക്കിയതോടെയാണ് മലയാളത്തില്‍ ആദ്യമായി സുല്‍ത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടാന്‍ ഇടയായത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ 2010 ഓഗ്‌സറ്റ് 15-നാണ് 'ഒമാന്റെ സ്വന്തം പൊന്‍താരകം' അച്ചടിച്ചുപുറത്തിറക്കിയത്.


'ഒമാന്റെ സ്വന്തം പൊന്‍താരക'-ത്തിന്റെ പിഡിഎഫ് പതിപ്പ് വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: http://www.rediscoverkerala.com/publicationspages/pdfs/pontharakam.pdf

Saturday, October 9, 2010

ആ നൂറു രൂപ തിരിച്ചുകൊടുക്കുമോ?


തോമസ് മത്തായി കരിക്കംപള്ളില്‍

കേരള പോലീസിന്റെ പണം പിരിക്കലിനെക്കുറിച്ച് എപ്പോഴും പരാതി ഉയരാറുണ്ട്. നിയമപരമായും അല്ലാതെയും സൗകര്യം പോലെ പിരിച്ചുകളയുമെന്നാണ് അനുഭവസ്ഥര്‍ പറയാറുള്ളത്. നിയമം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു വേണ്ടിയാണ് പിരിക്കുന്നതെങ്കില്‍ നിയമക്കുടുക്കുകളില്‍ നിന്ന് ഒഴിവാക്കാമെന്നു പറഞ്ഞായിരിക്കും പോലീസുകാരുടെ സ്വകാര്യ പിരിവ്. എന്തായാലും നാട്ടുകാര്‍ നരകിച്ചതു തന്നെ.

സര്‍ക്കാരിന്റെ വരുമാന മാര്‍ഗം നാട്ടുകാരെ ചുരണ്ടി എങ്ങനെ കൂട്ടാമെന്നാണ് പലപ്പോഴും പോലീസ് ഗവേഷണം. വരവ് നല്ലൊരു പങ്കു കൂടുമെന്നുള്ളതു കൊണ്ട് ഇടതോ വലതോ ആരോ ആകട്ടെ, സംസ്ഥാന ഭരണം കിട്ടിയാല്‍ പെറ്റി കേസുകളാണ് പോലീസിലൂടെയുള്ള നല്ലൊരു വരുമാന ശ്രോതസ്. കവര്‍ച്ചക്കാരേയും പിടിച്ചുപറിക്കാരേയും സാമൂഹ്യവിരുദ്ധരേയും പിടികൂടിയില്ലെങ്കിലും റോഡിലിറങ്ങി പതുങ്ങി നിന്ന് വാഹനപരിശോധനയെന്ന പേരില്‍ പെറ്റി കേസ് അടിച്ച് അവര്‍ ജോലിചെയ്യും!

ഹെഡ്‌ലൈറ്റിലെ കറുത്ത പൊട്ട് മാഞ്ഞുപോയി, ഫോഗ് ലൈറ്റില്ല എന്നൊക്കെ പറഞ്ഞാണ് പണ്ടു കാലത്ത് പോലീസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നത്. സംഗതി ആധുനികമായതോടെ അതൊന്നും നിയമത്തിലില്ലാതായി. ഇപ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല, സീറ്റ് ബെല്‍റ്റ് ഇട്ടില്ല എന്നൊക്കെ തുടങ്ങി പിഴ ഈടാക്കാന്‍ വകുപ്പുകള്‍ ഏറെയാണ്. ആര്‍ക്കും തിരിയാത്ത വിധത്തില്‍ വകുപ്പും ചേര്‍ത്ത് രസീത് തന്ന് പിഴപ്പണം പോലീസ് വാങ്ങും. അല്ലെങ്കില്‍ കോടതിയില്‍ കൊണ്ട് അടയ്ക്ക് എന്ന് പറഞ്ഞുവിടും.

രസം അവിടെയൊന്നുമല്ല. മര്യാദയ്ക്ക് വണ്ടിയോടിച്ചു പോകുന്നവരെ തടഞ്ഞു നിര്‍ത്തി എന്തെങ്കിലും കുറ്റം കണ്ടെത്താന്‍ ഒരു പാടുമില്ല. ധൃതിപിടിച്ച് പോകുന്നവര്‍ പ്രാകി പിഴയും കൊടുത്ത് പോകും. എന്നാല്‍ ശ്രദ്ധിക്കുക. ലക്കും ലഗാനുമില്ലാതെ വാഹനമോടിക്കുന്നവരെ എപ്പോഴെങ്കിലും പിടിച്ചു നിര്‍ത്താറുണ്ടോ? സിഗ്നല്‍ ലൈറ്റ് വകവയ്ക്കാതെ മുന്നോട്ടു വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ പിടിച്ചിറക്കി നിര്‍ത്താറുണ്ടോ? രാത്രിയില്‍ ഒറ്റക്കണ്ണുമായി പോകുന്ന വണ്ടികളെ എന്താണ് ചെയ്യുക? ഈ സൂചിപ്പിച്ച എല്ലാ കുറ്റങ്ങളും പോലീസും സ്ഥിരമായി ചെയ്യാറുണ്ടെന്നുള്ളതാണ് വസ്തുത. പോലീസാണെങ്കിലും മറ്റു വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടമുണ്ടാക്കരുത്.

പെറ്റി കേസുകളെക്കുറിച്ചാണ് പറഞ്ഞുവന്നത്. നിയമവും വകുപ്പുമൊന്നും പിടിയില്ലാത്തവരുടെ കൈയിലേക്ക് എന്ത് എഴുതിക്കൊടുത്താലും അതുശരിയാണെന്നു കരുതി വാങ്ങിക്കൊണ്ടുപോകും. അതും കേരളത്തില്‍ വ്യാപകമായി നടക്കുന്നു.

ഒരു പൗരന്റെ പരാതി കേള്‍ക്കുക. കൊച്ചി കലൂര്‍ ആസാദ് റോഡ്, വാധ്യാര്‍ ലേയ്ന്‍, ഫ്ഌറ്റ് നമ്പര്‍ 37/2444 ബി, സണ്ണി ജോര്‍ജ് നേരിട്ടു പറഞ്ഞതാണിത്.

"2010 ജൂലൈ 22-ന് മോട്ടോര്‍ സൈക്കിളില്‍ എറണാകുളം കലൂര്‍-കടവന്ത്ര റോഡിലൂടെ വൈകുന്നേരം 5.30-ന് സഞ്ചരിക്കുമ്പോള്‍ കട്ടാക്കര ക്രോസ് റോഡിനു സമീപം വാഹനം പോലീസ് തടഞ്ഞ് പരിശോധന നടത്തുകയുണ്ടായി. വാഹനം ഓടിച്ചിരുന്നപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ വാഹനത്തിനു കൈകാണിച്ചപ്പോഴാണ് മോട്ടോര്‍ സൈക്കിള്‍ റോഡിന്റെ വശത്തേക്കു ഒതുക്കി നിര്‍ത്തിയത്.

രജിസ്‌ട്രേഷന്‍ രേഖകളുടേയൂം മറ്റും ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. അവയാണ് പരിശോധനയ്ക്കായി സമര്‍പ്പിച്ചതും. മഴക്കാലമായതിനാലും വാഹനമോഷണം വളരെ വ്യാപകമായതിനാലൂമാണ് അപ്പ് ടു ഡേറ്റ്് ആയ ഒറിജിനല്‍ രേഖകള്‍ വാഹനത്തില്‍ വയ്ക്കാതിരിക്കുന്നത്.

ഒറിജിനല്‍ ഇല്ലാത്തതിനാല്‍ സബ് ഇന്‍സ്‌പെക്ടര്‍ 100 രൂപ ഉടനേ പിഴ ഈടാക്കി. എറണാകുളം ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ 377-ാം നമ്പരിലുള്ള രസീത് നല്കുകയും ചെയ്തു.

വീട് വളരെ അടുത്താണെന്നും അഞ്ചു മിനിട്ടിനുള്ളില്‍ ഒറിജില്‍ രേഖകള്‍ എടുത്തുകൊണ്ടു വരാമെന്നു പറഞ്ഞിട്ടും അത് അംഗീകരിക്കാതെയായിരുന്നു ശിക്ഷാ നടപടി. ഭാര്യയ്ക്ക് അത്യാവശ്യം വേണ്ടുന്ന ചില മരുന്നുകള്‍ വാങ്ങിവരുകയാണെന്നും ബോധിപ്പിച്ചിരുന്നു. അതിന്റെ രസീതും കാണിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാനുഷിക പരിഗണനയോ സ്വാഭാവിക നീതിയോ ലഭിച്ചില്ല.

വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ 10 ദിവസത്തെ സാവകാശമുണ്ടെന്നാണ് നേരത്തേ പത്രമാധ്യമങ്ങളില്‍ നിന്നു മനസിലാക്കിയിട്ടുള്ളത്. എന്നുതന്നെയുമല്ല, പെറ്റി കേസ് ക്വോട്ട തികയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കേരള ഹൈക്കോടതി ജൂലൈ 20-ന് വിധിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അതിനു വിരുദ്ധമായ നടപടിയുണ്ടായത്. മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട് ഗൗരവമേറിയ കുറ്റം ചെയ്തവര്‍ പരിശോധനയില്ലാതെ രക്ഷപ്പെടുമ്പോള്‍ ചെറിയ ഇരകളെ ലക്ഷ്യമിടുന്ന പോലീസ് നടപടി വിരോധാഭാസമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

അതിനേക്കാള്‍ ഗുരുതരമായ കുറ്റം മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 122, 177 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തി പോലീസ് പിഴ ഈടാക്കിയിട്ടുള്ളത് എന്നാണ്. ഓടിച്ചു വന്നിരുന്ന മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയ ശേഷം അപകടരമായ നിലയില്‍ വാഹനം ഉപേക്ഷിച്ചു പോകുന്നതിനു പ്രസക്തമായ കുറ്റം ചുമത്തിയതും അതിനുള്ള പിഴ ഈടാക്കിയതും ഗുരുതരമായ നിയമലംഘനമാണ്. ഏതുവിധേനയും പണം പിരിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് മനസിലാക്കുന്നത്. ആ വകുപ്പുകള്‍ ഇപ്രകാരമാണ്:

122. Leaving vehicle in dangerous position. No person in charge of a motor vehicle shall cause or allow the vehicle or any trailer to be abandoned or to remain at rest on any public place in such a position or in such a condition or in such circumstances as to cause or likely to cause danger, obstruction or undue inconvenience to other users of the public place or to the passengers.

177. General provision for punishment of offences. Whoever contravenes any provision of this Act or of any rule, regulation or notification made thereunder shall, if no penalty is provided for the offence be punishable for the first offence with fine which may extend to one hundred rupees, and for any second or subsequent offence with fine which may extend to three hundred rupees."

നിയമവിരുദ്ധമായ രീതിയില്‍ പിഴയായി ഈടാക്കിയ 100 രൂപ പോലീസ് തിരിച്ചുകൊടുക്കേണ്ടതല്ലേ? അതിനുള്ള ആര്‍ജവം പോലീസ് കാണിക്കുമോ?

പിന്‍കുറിപ്പ്: പകല്‍വെളിച്ചം പൂത്തു നില്ക്കുന്ന നട്ടുച്ചയ്ക്കു നിന്നു പോലും പോലീസ് പരസ്യമായി കൈക്കൂലി വാങ്ങുന്ന സ്ഥലങ്ങള്‍ ഭരണാധികാരികള്‍ക്കും മേധാവികള്‍ക്കും അറിയാന്‍ മേലാഞ്ഞിട്ടല്ല. അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യും. കൊച്ചിയിലെ തോപ്പുംപടി പുതിയ പാലം വരും മുന്‍പേയുണ്ടായിരുന്ന പഴയ പാലത്തില്‍ ഭാരവണ്ടി ഗതാഗതം പകല്‍ സമയം നിരോധിച്ചിരിക്കുകയാണെന്നായിരുന്നു വയ്പ്പ്. എഴുതപ്പെടാത്തതു കൊണ്ടാണ് വയ്‌പ്പെന്നു പറഞ്ഞത്. പാലത്തിന്റെ ഇരു കരകളിലും നിരോധന സമയം എടുത്തുകാട്ടിയിരുന്ന സൂചനാബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. നാട്ടുനടപ്പും ഊഹവും അതുവഴി കടന്നു പോകുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും അറിയണമെന്നില്ലല്ലോ. തുറമുഖ മേഖലയായതിനാല്‍ കണ്ടെയ്‌നറുകള്‍ കയറ്റിയ വന്‍ ലോറികള്‍ ഉള്‍പ്പടെയുള്ള ഭാരവണ്ടികള്‍ നിരയായി പൊയ്‌ക്കൊണ്ടിരിക്കും. ഏറെയും അന്യപ്രദേശങ്ങളില്‍ നിന്നു വരുന്നവ. നീണ്ടപാലത്തിന്റെ നടുക്കുള്ള ഇടുങ്ങിയ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരന്‍ പരസ്യമായി കൈനീട്ടും. ഡ്രൈവര്‍മാര്‍ പരസ്യമായി തന്നെ കൈമടക്കും കൊടുക്കും. ഇല്ലാത്ത നിരോധനത്തിന്റെ പേരില്‍! നിന്ന നില്പ്പില്‍ അതെല്ലാം പോക്കറ്റിലേക്ക്. വഴിയേ പോകുന്ന യാത്രക്കാര്‍ എല്ലാം ഇതു കാണുകയും ചെയ്യും. പരാതി പറഞ്ഞവര്‍ ഇളിഭ്യരായി. പോലീസുകാര്‍ കൈനീട്ടിക്കൊണ്ടേയിരുന്നു, ഏറെ വര്‍ഷങ്ങള്‍.

സാധാരണ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് കേരള പോലീസ് ഈടാക്കുന്ന ഫൈന്‍ നിരക്കുകള്‍ക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
http://www.fileden.com/files/2010/10/13/2992419/traffic%20offence%20fines%20kerala%2010021601.pdf കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രസിദ്ധീകരിച്ചത്.

Tuesday, June 22, 2010

വള്ളംകളിയില്‍ ആവേശം മാത്രം കൂട്ടാം


തോമസ്‌ മത്തായി കരിക്കംപള്ളില്‍

ലോകപ്രശസ്‌തിയാര്‍ജിച്ച ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി കൂടുതല്‍ ജനപങ്കാളിത്തത്തോടെയും ലാഭകരമായും കളിക്കാര്‍ക്ക്‌ ന്യായമായ പ്രതിഫലം കിട്ടത്തക്ക രീതിയിലും മുന്നോട്ടു കൊണ്ടുപോകണമെന്ന്‌ കുട്ടനാട്ടുകാരായ എല്ലാവരും ആഗ്രഹിക്കുന്നു. നാട്ടുകാരുടെ ഹൃദയത്തുടിപ്പായ വള്ളംകളി എന്നും ആവേശത്തോടെ നിലനിര്‍ത്താനാണ്‌ വെള്ളവും വള്ളവും ജീവിതഭാഗമായി മാറിയിട്ടുള്ള കുട്ടനാട്ടുകാര്‍ പരിശ്രമിക്കുന്നത്‌.

ആലപ്പുഴ പുന്നമട കായലില്‍ എല്ലാ വര്‍ഷവും ഓഗസ്‌റ്റ്‌ രണ്ടാം ശനിയാഴ്‌ച സംഘടിപ്പിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി കുട്ടനാട്ടിലെ വള്ളംകളികളുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയാണ്‌. എന്നാല്‍ വള്ളംകളിയുടെ നടത്തിപ്പിനെക്കുറിച്ച്‌ എല്ലാ വര്‍ഷവും പലവിധത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുന്നത്‌ നിസാരമായി തള്ളിക്കളയാനാകില്ല. എല്ലാവിധ സര്‍ക്കാര്‍ പിന്തുണയോടെയും നടത്തുന്ന വള്ളംകളി വളരെ ലാഭകരമായില്ലെങ്കിലും നഷ്ടക്കച്ചവടമായി മാറേണ്ട സാഹചര്യം ഏതായാലും ഇപ്പോഴില്ല.

1952-ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കുട്ടനാടു സന്ദര്‍ശനത്തോടനുബന്ധിച്ച്‌ സ്വീകരണമായി ഒരുക്കിയ എട്ടു ചുണ്ടന്‍വള്ളങ്ങളുടെ ഘോഷയാത്ര മത്സരമനോഭാവത്തോടെയുള്ള വള്ളംകളിയായി മാറുകയായിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തിയ നെഹ്‌റു വെള്ളിയില്‍ തീര്‍ത്ത ഒരു ചെറുചുണ്ടന്‍വള്ളം തടിയിലുറപ്പിച്ച്‌ ഒപ്പോടുകൂടി എത്തിച്ചതാണ്‌ ട്രോഫിയായി മാറിയത്‌. ആദ്യമിതിന്റെ പേര്‌ പ്രൈം മിനിസ്‌ട്രേഴ്‌സ്‌ ട്രോഫി എന്നായിരുന്നു. പുന്നമട കായലില്‍ 1955 മുതലാണ്‌ വള്ളംകളി നടത്തിത്തുടങ്ങിയത്‌.

2010 ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്‌ച ദിവസമായ 14-ന്‌ 58-ാമതു നെഹ്‌റു ട്രോഫി വള്ളംകളിയാണ്‌ നടത്താന്‍ പോകുന്നത്‌. ഇപ്പോള്‍ പത്തു മീറ്റര്‍ വീതിയുള്ള നാലു ട്രാക്കില്‍ 1370 മീറ്റര്‍ ദൂരത്തിലാണ്‌ മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ കൂടാതെ ചുരുളന്‍, വെപ്പ്‌, ഓടി, ഇരുട്ടുകുത്തി, തെക്കനോടി വള്ളങ്ങളുടേയും മത്സരമുണ്ട്‌. പള്ളിയോടങ്ങള്‍ പ്രദര്‍ശനത്തുഴച്ചിലിനെത്തും. ചുണ്ട്‌ ഉയര്‍ന്നു നൂറടിയിലേറെ നീളമുള്ള ഒരു ചുണ്ടന്‍ വള്ളത്തില്‍ തുഴക്കാരും അമരക്കാരും നിലക്കാരുമായി നൂറ്റിപ്പത്തോളം ആള്‍ക്കാരുണ്ടായിരിക്കും. ഇതുപോലെ ഒത്തൊരുമിച്ച്‌ ഒരേ ലക്ഷ്യത്തോടെ ഇറങ്ങുന്ന മറ്റൊരു മത്സര ഇനങ്ങളും ലോകത്തിലില്ല. ഇതുപോലെ മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്ന സന്ദര്‍ഭവുമില്ല.

ഇത്ര ആകര്‍ഷണീയതയുള്ള കുട്ടനാട്ടിലെ വള്ളംകളികള്‍ നാട്ടുകാരുടെ ആവേശവും ഒത്തൊരുമയും കൊണ്ടാണ്‌ മുടങ്ങാതെ നടന്നുവരുന്നത്‌. എന്നാല്‍ കാലം മാറുംതോറും അതനുസരിച്ച മാറ്റങ്ങളും നടത്തിപ്പില്‍ ഉണ്ടാകാതെ തരമില്ല. പണ്ട്‌ നിലം ഉഴാനും വള്ളം ഊന്നാനും സ്വന്തം കരുത്തുമാത്രം ഉപയോഗിച്ചിരുന്ന കര്‍ഷകത്തൊഴിലാളികളായിരുന്നു വള്ളം കളികളുടെ ആത്മാവ്‌. വവള്ളം കളിക്ക്‌ ആഴ്‌ചകള്‍ മുന്‍പേ അവര്‍ സ്വമേധയാ തയ്യാറെടുപ്പുകളും പരിശീലനവും തുടങ്ങിയിരുന്നു. അതൊക്കെ ഗ്രാമവാസികളുടെ കൂട്ടായ്‌മ കൂടിയായിരുന്നു. മതമോ ജാതിയോ അക്കാര്യത്തിനു അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചിരുന്നില്ല. കൃഷി കാര്യങ്ങള്‍ കൂടുതല്‍ യന്ത്രവത്‌കൃതമായതോടെ അത്തരം തൊഴിലുകള്‍ ചെയ്യുന്നവര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇനി വള്ളം കളികള്‍ ഒരു സ്‌പോര്‍ട്‌ ഇനമായി നിലനിര്‍ത്തുകയാണ്‌ വേണ്ടത്‌. ചുണ്ടന്‍ വള്ളംകളിയെ ഒളിമ്പിക്‌സ്‌ മത്സര ഇനമായി മാറ്റാനുള്ള ശ്രമം കൂടി ആരാധകര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ.

ഈ സാഹചര്യത്തിലാണ്‌ തുടക്കമെന്ന നിലയില്‍ ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പ്‌ കാലോചിതമായി പുതുക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി. ഇത്രയും മഹത്തായ ഒരു കളിയുടെ കാര്യത്തില്‍ എല്ലാ വര്‍ഷവും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം നിരത്തേണ്ടതില്ല. അത്‌ ലാഭകരമായും കൂടുതല്‍ സൗകര്യങ്ങളോടെയും നടത്തണം. കുട്ടനാട്ടിലെ വള്ളംകളികള്‍ക്ക്‌ ഒരു സ്ഥിരം കലണ്ടര്‍ ഉണ്ടാക്കി ലോകമെമ്പാടും നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്ക്‌ മുന്‍കൂര്‍ അറിവു കൊടുക്കുകയും അവരെ ആകര്‍ഷിക്കുകയും സ്‌നേഹപൂര്‍വം സ്വീകരിക്കുകയും വേണം. അതിനു സൗകര്യങ്ങള്‍ ഏറെ ഇനിയുമുണ്ടാകേണ്ടതുണ്ട്‌. വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങള്‍ പലതുമില്ല. എല്ലാം ഒരു തട്ടിക്കൂട്ടലില്‍ ഒതുങ്ങും.

വള്ളം കളിയുടെ തലേദിവസങ്ങളിലാണ്‌ കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും പുന്നമടയിലേക്കുള്ള റോഡ്‌ ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ അറ്റകുറ്റപണികള്‍ എന്നപേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുള്ളത്‌. മഴക്കാലമായതിനാല്‍ റോഡിലെ താത്‌കാലികമായി അടയ്‌ക്കുന്ന കുഴികള്‍ അടുത്ത ദിവസം തന്നെ കൂടുതല്‍ വലിപ്പത്തോടെ പ്രത്യക്ഷപ്പെടും. ഇതു ഒരു സാധാരണ അലംഭാവം. ഇങ്ങനെ പലത്‌.

വള്ളംകളിയോടുള്ള താത്‌പര്യം കാരണം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി എല്ലാ വര്‍ഷവും വള്ളം കളി വരും മുന്‍പു തന്നെ അധികൃതര്‍ക്ക്‌ കത്തുകളായും പത്രവാര്‍ത്തകളുമായി ഈ ലേഖകന്‍ തന്നെ കളിക്കുന്നവരുടേയും കളികാണാനെത്തുന്നവരുടേയും ആവശ്യങ്ങള്‍ കാട്ടി എത്ര ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. അതുപോലെ എത്രയോ പത്രലേഖകര്‍. ചുണ്ടന്‍ വള്ളങ്ങളേയും കളിയേയും ആസ്‌പദമാക്കി നയമ്പും നതോന്നതയും എന്ന പുസ്‌തകമെഴുതിയ ദീപികയിലെ സെര്‍ജി ആന്റണി, (നെഹ്‌റു ട്രോഫി വള്ളം കളിയുടെ ആകാശവാണിയിലെ ദൃക്‌സാക്ഷി വിവരണക്കാരില്‍ മുന്‍നിരയിലുണ്ടായിരുന്ന പി.ഡി.ലൂക്കിന്റെ ജാമാതാവ്‌), മാതൃഭൂമിയിലെ ജോയ്‌ വര്‍ഗീസ്‌ (വള്ളംകളിയെക്കുറിച്ച്‌ ഒത്തിരിയെഴുതിയ പ്രശസ്‌ത പത്രപ്രവര്‍ത്തകനായിരുന്ന എം.എം.വര്‍ഗീസിന്റെ മകന്‍) എന്നിവര്‍ അവരില്‍ ചിലര്‍മാത്രം.

ഇങ്ങനെയിരിക്കേയാണ്‌ നെഹ്‌റു ട്രോഫി വള്ളം കളി ഇപ്പോഴത്തേതു പോലെ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണോ നടത്തേണ്ടതെന്ന ചോദ്യം ഉയരുന്നത്‌. എല്ലാ വിധ സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയിട്ടും പാകപ്പിഴകളും നഷ്ടവും ഉണ്ടാകണമെങ്കില്‍ നടത്തിപ്പില്‍ എന്തോ അപാകതകളുണ്ട്‌. വള്ളം കളിയില്‍ യഥാര്‍ഥ താത്‌പര്യമുള്ളവരെ മാത്രം സംഘാടക സമിതിയിലേക്കു എത്തിക്കണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നുമുള്ള മുന്‍കാല വള്ളംകളി സംഘാടകനായ വര്‍ഗീസ്‌ പൂപ്പള്ളി (മോനിച്ചന്‍)-യുടെ നിര്‍ദേശം അതുകൊണ്ടാണ്‌ ഇപ്പോള്‍ പ്രസക്തമാകുന്നത്‌. ഈ വിഷയത്തില്‍ ആലപ്പുഴ പ്രസ്‌ ക്ലബില്‍ മോനിച്ചന്റെ നേതൃത്വത്തില്‍ വള്ളം കളി പ്രേമികള്‍ 2010 ജൂണ്‍ 19-ന്‌ പത്രസമ്മേളനം നടത്തിയിരുന്നു. വള്ളം കളിയില്‍ രാഷ്ട്രീയ കളികളും അഴിമതിയും പാടില്ല എന്ന സന്ദേശമാണ്‌ പത്രസമ്മേളനം നല്‌കിയത്‌. ചുരുക്കത്തില്‍ നടത്തിപ്പുകാരില്‍ ചിലരുടെ വെട്ടിപ്പു മനോഭാവം മാറണം.

താത്‌പര്യമുള്ളവരെ കണ്ടെത്തി അംഗത്വ ഫീസ്‌ സ്വീകരിച്ച്‌ സംഘടിച്ചു പ്രവര്‍ത്തിക്കുന്ന ക്ലബോ അസോസിയേഷനോ ആയിരിക്കണം വള്ളം കളി നടത്തേണ്ടതെന്നാണ്‌ മോനിച്ചന്‍ മുന്നോട്ടു വയ്‌ക്കുന്ന ആശയം. കൂടുതല്‍ അംഗ്വത്വ ഫീസില്‍ ആജീവനാന്ത അംഗങ്ങള്‍ക്കും കുറഞ്ഞ ഫീസില്‍ സാധാരണ അംഗങ്ങള്‍ക്കും ക്ലബില്‍ അംഗത്വം നല്‌കണം. മറ്റു വള്ളംകളി ക്ലബുകള്‍ക്കു അഫിലിയേഷന്‍ നല്‌കി ആ ഇനത്തിലും വരുമാനം ഉണ്ടാക്കുകയും താത്‌പര്യം ജനിപ്പിക്കുകയും ചെയ്യാം.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ എത്തുന്നതിനാല്‍ നടത്തിപ്പിനായി സര്‍ക്കാരും വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എല്ലാവിധ സഹായങ്ങളും നല്‌കുകയും വേണം. വള്ളംകളിക്കാരെ നിലനിര്‍ത്താന്‍ പണം ആവശ്യമാണ്‌. അതിനു സ്‌പോണ്‍സര്‍മാരെ കണ്ടെത്തണം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആരും കൈയിട്ടുവാരിക്കൊണ്ടു പോകാത്ത ഒരു സംവിധാനത്തിലേക്കു കളി മാറണം. കളിയുടെ രസവും ആവേശവും മാത്രം ആയിരിക്കണം എല്ലാവര്‍ക്കും വേണ്ടത്‌. മറ്റു ധനപരമായ മോഹങ്ങള്‍ അതിനെ അടക്കിവാഴരുത്‌.

ഇന്ത്യയിലെ ഗോള്‍ഫ്‌ ക്ലബുകള്‍ ഉദാഹരണമായി മോനിച്ചന്‍ എടുത്തുകാട്ടുന്നു. താത്‌പര്യമുള്ളവര്‍ മാത്രമാണ്‌ അവിടെ പണം മുടക്കി പോകുന്നതും സംഘാടകരാകുന്നതും. അപ്പോള്‍ ഉത്തരവാദിത്തം കൂടാന്‍ സാധ്യതയേറും.

വള്ളം കളിയില്‍ നേരിട്ട്‌ ഇടപെട്ടില്ലെങ്കിലും സര്‍ക്കാരിനു പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി നല്‌കാവുന്നതേയുള്ളു. കര്‍മ്മ പദ്ധതികള്‍ തയാറാക്കി പ്രാവര്‍ത്തികമാക്കാം. ഭക്തി പ്രകടിപ്പിക്കാത്തവരെന്നു നാട്ടുകാര്‍ കരുതുന്നവരുടെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം നല്‌കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി പത്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‌കിയ വന്‍പരസ്യങ്ങളില്‍ ഭക്തജനങ്ങള്‍ക്ക്‌ കൂടുതല്‍ സൗകര്യം നല്‌കുന്നതായും ശബരിമല തീര്‍ഥാടനം പരാതിരഹിതമാക്കി ചാരിതാര്‍ഥ്യമടയുന്നതായും പ്രസ്‌താവിക്കുന്നു. വിശ്വാസമില്ലെങ്കിലും അവിടെയെത്തുന്ന ലക്ഷക്കണക്കിനു ആള്‍ക്കാരെ മുന്നില്‍ കണ്ടാണ്‌ സര്‍ക്കാര്‍ സൗകര്യങ്ങള്‍ വിശാലമാക്കുന്നത്‌. ആയിരക്കണക്കിനു കാഴ്‌ചക്കാര്‍ എത്തുന്ന വള്ളം കളിക്കും അതാകാം. ജനപ്രതിനിധികള്‍ക്ക്‌ ഇക്കാര്യത്തില്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാകും.

ഇക്കാര്യത്തില്‍ കുട്ടനാട്ടില്‍ അഭിപ്രായം പറയാന്‍ ഇപ്പോള്‍ യോഗ്യതയുള്ള അപൂര്‍വ വ്യക്തികളില്‍ ഒരാളാണ്‌ പൂപ്പള്ളി മോനിച്ചന്‍. വള്ളം കളിയിലും അതുപോലെ ഹോഴ്‌സ്‌ റേസിങ്ങ്‌ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. സിരകളില്‍ വള്ളംകളി ആവേശമായി ഒഴുകുന്നു. ഭാര്യ അന്നമ്മയും മകന്‍ ജെറിയും താത്‌പര്യത്തില്‍ ഒപ്പമുണ്ട്‌.

നെപ്പോളിയന്‍ എന്ന ചുണ്ടന്‍വള്ളം കുട്ടനാട്ടിലെ പൂപ്പള്ളി കുടുംബത്തിന്റേതായിരുന്നു. 1930-ല്‍ ആറന്മുളയില്‍ നിന്നു കൊണ്ടുവന്ന പള്ളിയോടത്തെ നെപ്പോളിയന്‍ എന്നു പേരിട്ടാണ്‌ ചുണ്ടന്‍ തുഴച്ചില്‍ ആരംഭിച്ചത്‌. 1946-ല്‍ മൗണ്ട്‌ ബാറ്റന്‍ പ്രഭുവിനെ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച ദിവസം ദുഃഖവെള്ളിയാഴ്‌ചയായിരുന്നു. അന്നു പിതാവ്‌ പുപ്പള്ളി കുട്ടിച്ചനും നൂറോളം കര്‍ഷകത്തൊഴിലാളികളും ചേര്‍ന്നാണ്‌ പല എതിര്‍പ്പുകളും സഹിച്ച്‌ ചുണ്ടന്‍വള്ളം നീറ്റിലിറക്കിയത്‌. മതപരമായ ചടങ്ങുകളോടെ വിശുദ്ധമായി ആചരിക്കുന്ന ദിവസമായതിനാല്‍ അന്നു വള്ളം കളിക്കുന്നതില്‍ ചേന്നങ്കരി, ചമ്പക്കുളം, കൈനകരി ഇടവകകള്‍ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.

എട്ടു ചുണ്ടന്‍ വള്ളങ്ങളെ പങ്കെടുപ്പിച്ച്‌ പണ്ഡിറ്റ്‌ നെഹ്‌റുവിനെ 1952-ല്‍ ആലപ്പുഴയില്‍ സ്വികരിച്ച വേളയിലും പിതാവിനോടൊപ്പം മോനിച്ചനും മുഖ്യസഹകാരിയായിരുന്നു. യാതൊരു പരിശീലനവും ഇല്ലാതിരുന്നിട്ടും അന്നും നെപ്പോളിയന്‍ ചുണ്ടന്‍വള്ളം ഭംഗിയായും ആവേശത്തോടെയും പങ്കെടുത്തു.

മോനിച്ചന്റെ നേതൃത്വത്തില്‍ 1957, 58, 59 വര്‍ഷങ്ങളില്‍ നെപ്പോളിയന്‍, നെഹ്‌റു ട്രോഫി ഹാട്രിക്‌ നേടി. 1961-ല്‍ കാവാലം ചുണ്ടനെന്ന അതിശക്ത എതിരാളിയെ ട്രാക്കില്‍ മിന്നല്‍ക്കുതിപ്പു നടത്തി നെപ്പോളിയന്‍ പിന്തള്ളിയത്‌ കാഴ്‌ചക്കാരില്‍ രോമാഞ്ചമുണര്‍ത്തിയ സന്ദര്‍ഭമാണെന്നു മോനിച്ചന്‍ ഓര്‍ക്കുന്നു.

വള്ളം കളിയില്‍ താത്‌പര്യമുള്ളവരെ മറന്നു രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗങ്ങളിലുള്ളവര്‍ക്കു മുന്‍ഗണന നല്‌കി കളി നടത്തിപ്പിനായി 1991-ല്‍ രൂപവത്‌കരിച്ച നെഹ്‌റു ട്രോഫി ബോട്ട്‌ റേസ്‌ സൊസൈറ്റി ഇതുവരെ ലക്ഷ്യം കണ്ടത്തിയോ എന്ന കാര്യം സംശയത്തിലാണ്‌. തികച്ചും കായികമത്സരമായ വള്ളം കളിയുടെ നടത്തിപ്പിന്റെ 2010 മാര്‍ച്ച്‌ 31-നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വരവു ചെലവു കണക്കില്‍ ചിലതെല്ലാം ഒഴിവാക്കാവുന്നതും പലതും സീമാതീതവും അനിയന്ത്രിതവുമാണെന്നു മോനിച്ചന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കോടി രൂപ വരുമാനമുണ്ടായിട്ടും കളി നഷ്ടത്തിലാകുന്നത്‌ അതിനാലാണ്‌.

ചിലയിനങ്ങള്‍ ഇങ്ങനെ: ഫുഡ്‌ ആന്‍ഡ്‌ റിഫ്രഷ്‌മെന്റ്‌ 58,491 രൂപ. ഹോണറേറിയം വോളണ്ടറി പ്രൊഫഷണല്‍ സര്‍വീസ്സസ്‌ 1,75,000 രൂപ. വെഹിക്കിള്‍ റിപ്പയര്‍ 30,655 രൂപ. ബാഡ്‌ജ്‌ 12,000 രൂപ. ബനിയന്‍ 76,004 രൂപ. ബോട്ട്‌ ഹയര്‍ ചാര്‍ജസ്‌ 6,14,826 രൂപ. വെഹിക്കിള്‍ ഹയര്‍ 69,000 രൂപ. പോലീസ്‌ 1,35,000 രൂപ. യൂണിഫോം 17,500 രൂപ. പ്രിന്റിംഗ്‌ ആന്‍ഡ്‌ സ്റ്റേഷനറി 3,65,150 രൂപ. റേസ്‌ കമ്മിറ്റി 12,000 രൂപ. സ്റ്റേജ്‌ ഡെക്കറേഷന്‍ കമ്മിറ്റി 16,86,000 രൂപ. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിറ്റി 25,791 രൂപ. കള്‍ച്ചറല്‍ കമ്മിറ്റി 5,90,227 രൂപ. പബ്‌ളിസിറ്റി 71,856 രൂപ. ഫുഡ്‌ ആന്‍ഡ്‌ അക്കോമഡേഷന്‍ 2,15,532 രൂപ.

വാഹനങ്ങള്‍ മിക്കവയും സര്‍ക്കാര്‍ വകുപ്പുകളുടേത്‌ ആയ സ്ഥിതിക്ക്‌ അവയുടെ അറ്റകുറ്റപ്പണികളും സാധാരണ നിലയ്‌ക്ക്‌ വകുപ്പുകള്‍ തന്നെയാണ്‌ നടത്തുന്നത്‌. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ചില കാരണങ്ങള്‍ കാട്ടി വളരെ കുറഞ്ഞ വാടക നല്‌കി എടുക്കുന്ന സ്വകാര്യ ബോട്ടുകളുമാണ്‌ ഉപയോഗിക്കുന്നത്‌. പോലീസിനെ സര്‍ക്കാര്‍ ചിലവില്‍ തന്നെ വിന്യസിക്കണം. വിചാരിച്ചാല്‍ ആഹാരച്ചിലവും ഒത്തിരി കുറയ്‌ക്കാം. പലയിനങ്ങളിലും പലരും പണം അനാവശ്യമായി കൈപ്പറ്റുന്നുണ്ട്‌. ഇത്തരം അഴിമതിപ്പണത്തിന്റെ പങ്ക്‌ ചില ഉദ്യോഗസ്ഥരടക്കമുള്ളവര്‍ വീതം വയ്‌ക്കുകയാണെന്ന ആരോപണവുമുണ്ട്‌. അനിയന്ത്രിതമായി ചിലര്‍ക്കു വിതരണം ചെയ്യുന്ന സൗജന്യ പ്രവേശന പാസുകള്‍ നിയന്ത്രിക്കണം. അത്തരം പാസുകള്‍ ഉള്ളവരോടൊപ്പം ക്രമവിരുദ്ധമായി എത്തുന്നവര്‍ ഉള്ള സ്ഥലം കൈയ്യടക്കുന്നതോടെ പണം മുടക്കി പാസ്‌ വാങ്ങുന്നവര്‍ ഉന്തിലും തള്ളിലും പുറത്താകും.

പണം മുടക്കുന്ന ഉത്തരവാദിത്തമുള്ളവര്‍ക്കു അംഗത്വം നല്‌കി സംഘാടക സമിതി വള്ളംകളി നടത്തുക, ആര്‍.ഡി.ഓയുടെ ചുമതലയില്‍ ഭരണകൂടം ടെന്‍ഡര്‍ നടപടികള്‍ സുതാര്യവും മത്സരപരവുമാക്കുക, സര്‍ക്കാര്‍ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ സ്‌റ്റാര്‍ട്ടിംഗ്‌-ഫിനിഷിംഗ്‌ പോയിന്റുകള്‍, ട്രാക്ക്‌, പന്തല്‍ തുടങ്ങിയവയുടെ മേല്‍നോട്ട ഉത്തരവാദിത്തം മാത്രമായി ചുരുക്കുക, ഫിനിഷിംഗ്‌ പോയിന്റില്‍ ഹൗസ്‌ ബോട്ടുകള്‍ അടുക്കുന്ന സ്ഥലത്ത്‌ പാര്‍ക്കിംഗ്‌ ഫീസ്‌ ഈടാക്കി വരുമാനമുണ്ടാക്കുക, പരസ്യവരുമാനം കൂടുതല്‍ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും മോനിച്ചന്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌.

നെഹ്‌റു ട്രോഫി വള്ളംകളി മാമാങ്കം കാലങ്ങളായി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന മോനിച്ചന്റെ ആരോപണം അന്വേഷിച്ച്‌ സത്യസ്ഥിതി വെളിപ്പെടുത്തുകയും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത്‌ അധികൃതരാണ്‌. അതില്‍ രാഷ്ട്രീയം കാണുകയോ ആരാന്റെ തടി എന്ന രീതിയില്‍ ആനയെക്കൊണ്ടു വലിപ്പിക്കുകയോ ചെയ്യരുത്‌. പ്രവേശന പാസ്‌ വില്‌പനയും ഗാലറികെട്ടും സ്‌മരണികാ പ്രസിദ്ധീകരണവും ഉള്‍പ്പടെ മിക്ക കാര്യങ്ങളിലും എല്ലാ വര്‍ഷവും വിവാദങ്ങളുണ്ട്‌.

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക്‌ ടിക്കറ്റുകള്‍ അടിച്ചേല്‍പ്പിക്കുന്നതു മുതല്‍ ആവശ്യക്കാര്‍ക്ക്‌ ടിക്കറ്റ്‌ ലഭിക്കാത്തതും ടിക്കറ്റ്‌ മേടിച്ചവര്‍ക്ക്‌ ഇരിക്കാന്‍ ഇടം കിട്ടാത്തതും എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന പരാതികളാണ്‌. കണക്കനുസരിച്ച്‌ പവലിയനുകളുടെ ഇരിപ്പിടം ഇങ്ങനെ: ഐലന്‍ഡ്‌ 250, റോസ്‌ കോര്‍ണര്‍ 1,100, ടൂറിസ്‌റ്റ്‌ 1,291, പോഞ്ഞിക്കര 600, ലേക്ക്‌ വ്യൂ 500. എന്നാല്‍ ഈ ഇരിപ്പിടങ്ങളിലേക്കു വരുന്നവര്‍ അനേകമിരട്ടി വരും. കരയിലും വള്ളങ്ങളിലും ബോട്ടുകളിലും നിന്നു കാണുന്നവര്‍ വേറേയും. വള്ളംകളിയില്‍ എല്ലാവരുടേയും ആവേശം ഏറ്റുവാങ്ങേണ്ടതുണ്ട്‌.

Thursday, June 3, 2010

പാഠം 6: കുട്ടനാടിനെ കുളം തോണ്ടിയവര്‍


തോമസ്‌ മത്തായി കരിക്കംപള്ളില്‍

കുട്ടനാടിനെ കഴിഞ്ഞ നാലു പതിറ്റാണ്ടായി കുളം തോണ്ടിയത്‌ മാര്‍ക്‌സിസ്റ്റുകാര്‍ ആണെന്ന പൊതുജന അഭിപ്രായത്തെ മാര്‍ക്‌സിസ്റ്റുകാരും അംഗീകരിച്ചുകഴിഞ്ഞ മട്ടാണ്‌. അവര്‍ അതു ഏറ്റുപറയുന്നില്ലെങ്കിലും. അതുകൊണ്ട്‌ ഏഴാം സ്റ്റാന്‍ഡാര്‍ഡിലെ മലയാളം പാഠപുസ്‌തകത്തിലെ ഒരു പാഠം സത്യസന്ധമായ ചരിത്രമായി മാറുന്നു.

സമൃദ്ധമായി പൊന്‍ നെല്‍ക്കതിരുകള്‍ വിളഞ്ഞിരുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ ഇല്ലായ്‌മകളുടെ വിളനിലമായി മാര്‍ക്‌സിസ്‌റ്റ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി മാറ്റി പാര്‍ട്ടി സഖാക്കള്‍ ജന്മസാഫല്യം നേടിയ ചരിത്രമാണ്‌ 'മുരിക്കന്‍' എന്ന പാഠത്തില്‍ വിവരിക്കുന്നത്‌.

സ്വര്‍ണഖനിയായിരുന്ന കുട്ടനാട്‌ സാമാന്യബുദ്ധിയില്ലാത്ത മാര്‍ക്‌സിസ്റ്റുകാരുടെ നിലപാടുകള്‍ മൂലം നശിച്ചതിന്റെ ഓര്‍മ്മയാണ്‌ പ്രശസ്‌ത പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ടി.ജെ.എസ്‌. ജോര്‍ജ്‌ പങ്കുവയ്‌ക്കുന്നത്‌. 'ഘോഷയാത്ര' എന്ന കൃതിയില്‍ 'തിരുവിതാംകൂര്‍ എന്ന മഹാത്ഭുതം' എന്ന അധ്യായത്തില്‍ നിന്നെടുത്തിട്ടുള്ള ഭാഗമാണ്‌ 'മുരിക്കന്‍' എന്ന പാഠത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്‌.

ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ 2008-ലാണ്‌ .അടുത്ത വര്‍ഷം മുതല്‍ പാഠപുസ്‌തകത്തിലുള്‍പ്പെടുത്തി. സംഗതി ശരിയായതു കൊണ്ട്‌ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കള്‍ കണ്ണടച്ചു. അതിനെതിരേ ബഹളമോ സമരമോ ആക്രമമോ നടത്തിയതുമില്ല. അതുകൊണ്ട്‌ വിവാദവുമായില്ല. ഫലമോ ശാന്തസുന്ദരമായി യഥാര്‍ഥ കുട്ടനാടന്‍ ചരിത്രം ഈ അധ്യയന വര്‍ഷവും (2010-11) വിദ്യാര്‍ഥികള്‍ക്കു പഠിക്കാനാകുന്നു.

പാഠം 6 മുരിക്കന്‍ ഇങ്ങനെ: പാലക്കാടുള്ള പാടങ്ങള്‍ പോലെ ആയിരുന്നില്ല കുട്ടനാടന്‍ പാടങ്ങള്‍. പ്രകൃതിനിര്‍മിതമായിരുന്നു പാലക്കാട്ടെ സമൃദ്ധി. കുട്ടനാട്ടില്‍ നീണ്ടു നിവര്‍ന്നു കിടന്ന പച്ചപ്പരവതാനികള്‍ മുരിക്കന്‍ നിര്‍മ്മിതമായിരുന്നു.

മുരിക്കന്‍ എന്നാല്‍ മുരിക്കന്‍ ഔത. അഥവാ മുരിക്കുംമൂട്ടില്‍ ഔതമന്‍ അഥവാ ജോസഫ്‌ മുരിക്കന്‍ എന്ന കര്‍ഷകന്‍. സിറിയന്‍ കത്തോലിക്കാ വിശ്വാസി. കഠിനാദ്ധ്വാനി. ഒറ്റയാന്‍ പ്രസ്ഥാനം. പരന്നുപരന്ന്‌ കടല്‍പോലെ ചക്രവാളം തൊട്ടുകിടന്ന വേമ്പനാട്ടുകായലിന്റെ ഓളങ്ങളില്‍ മുങ്ങിയും പൊങ്ങിയും വളര്‍ന്ന ഔതയ്‌ക്ക്‌ ഒരുനാള്‍ ഒരു വെളിപാടുണ്ടായി. ഈ വെള്ളത്തിനടിയില്‍ മണ്ണല്ലേ? മണ്ണു കൃഷിക്കുള്ളതല്ലേ? കായലില്‍ നെല്ലുവിളയിക്കരുതോ?

പാവം ഔതയ്‌ക്കു പിരാന്തിളകിയെന്ന്‌ നാട്ടുകാര്‍ പറഞ്ഞു വിലപിച്ചു. ഔത വിട്ടില്ല. അഭ്യസ്‌തവിദ്യരുടെ സഹായത്തോടെ കായലിന്റെ സ്വഭാവം പഠിച്ചു. പലയിടത്തും ആഴമില്ലാത്ത ഭാഗങ്ങള്‍ ഉണ്ടെന്നു മനസ്സിലായി. ചില സ്ഥലങ്ങളില്‍ കുറ്റിനാട്ടി, ചേറുകൊണ്ട്‌ വരമ്പുകുത്തി പൊക്കി വെള്ളം പമ്പുചെയ്‌തുകളഞ്ഞു. അടിയിലുണ്ടായിരുന്ന മണ്ണ്‌ ഉപയോഗയോഗ്യമാക്കി.

അതോടെ ഔതയ്‌ക്ക്‌ ശരിക്കും ഭ്രാന്തിളകി. ആയിരക്കണക്കിന്‌ തൊഴിലാളികളെ വിളിച്ചുകൂട്ടി മൂന്നു ഭീമന്‍ കായലുകള്‍ കുത്തിയെടുത്തു. മൂന്നിനും ചരിത്രത്തിന്റെ ധ്വനിയുള്ള പേരുകള്‍ നല്‌കി.- ചിത്തിര (900 ഏക്കര്‍), മാര്‍ത്താണ്ഡം (652 ഏക്കര്‍), റാണി (600 ഏക്കര്‍). ആ നിലങ്ങള്‍ കൃഷിക്ക്‌ അനുയോജ്യമാക്കിയെടുക്കാന്‍ എല്ലു നുറുങ്ങി പണിയേണ്ടിവന്നു. ഒടുവില്‍ കൊയ്‌തെടുത്തപ്പോള്‍ നൂറുമേനി. ആണ്ടില്‍ ഏഴുമാസവും വെള്ളത്തിനടിയിലായിരുന്നു നിലങ്ങള്‍ ബാക്കി മാസങ്ങളില്‍ സ്വര്‍ണ്ണഖനികളായി മാറി. കുട്ടനാട്‌ ഐതിഹ്യമായി.

പക്ഷേ ഐതിഹ്യം പൊലിഞ്ഞുപോയി. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ ഗവണ്മെന്റ്‌ ഭൂപരിഷ്‌കരണം ഏര്‍പ്പെടുത്തി. പല വിധത്തിലും ശ്ലാഘനീയമായിരുന്നു ആ പരിഷ്‌കാരം. പക്ഷേ, അവിടെയും ഇവിടെയും വിട്ടുവീഴ്‌ചകള്‍ ചെയ്യേണ്ടത്‌ നാടിന്റെ നന്മയ്‌ക്ക്‌ ആവശ്യമാണെന്ന പ്രായോഗിക ബുദ്ധി കമ്മ്യൂണിസ്‌റ്റ്‌ നേതൃത്വത്തിന്‌ ഇല്ലാതെപോയി. മുരിക്കനെപ്പോലെയുള്ള ഒരു മാര്‍ഗദര്‍ശിയുടെ സേവനം ഉപയോഗപ്പെടുത്താമായിരുന്നു. കായല്‍നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ കര്‍ഷകരുടെ ട്രസ്റ്റിയായി മുരിക്കനെത്തന്നെ ശമ്പളാടിസ്ഥാനത്തില്‍ നടത്തിപ്പുകാരനായി നിയമിക്കാമായിരുന്നു.

വെള്ളത്തില്‍ നിന്നു കുത്തിയെടുത്ത നിലങ്ങള്‍ കൃഷിചെയ്യാനുള്ള പ്രത്യേക വൈദഗ്‌ദ്ധ്യവും പരിചയസമ്പത്തും അങ്ങനെ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ കുട്ടനാടിന്റെ സമൃദ്ധി നിലനിര്‍ത്താമായിരുന്നു. റബ്ബര്‍-തേയില തോട്ടങ്ങള്‍ ഒഴിവാക്കിയതുപോലെ കായല്‍നിലങ്ങള്‍ ഭൂപരിഷ്‌കാരത്തില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നെങ്കില്‍പോലും കുട്ടനാട്‌ രക്ഷപ്പെടുമായിരുന്നു.

നടന്നതങ്ങനെയല്ല. കേരളത്തിലെ ഏറ്റവും വലിയ ജന്മിയായി മുരിക്കന്‍ ഔത മുദ്രയടിക്കപ്പെട്ടു. അങ്ങനെ വര്‍ഗശത്രുവായി മാറിയ മുരിക്കന്‌ കഞ്ഞികുടിക്കാന്‍ വകയില്ലാതായി. പാടശേഖരം പാര്‍ട്ടി അംഗങ്ങള്‍ക്കു വീതിച്ചു നല്‌കി. അവര്‍ക്കു കൃഷി ചെയ്യാനറിഞ്ഞുകൂടായിരുന്നു. മൂന്നു കായലുകള്‍ മൂന്നു ജില്ലാ കളക്ടര്‍മാരുടെ ചുമതലയിലായി. ഐ.എ.എസ്സുകാര്‍ പാടത്തിറങ്ങുകയോ? കായല്‍കൃഷി ദയനീയമായി. മുപ്പത്തിയേഴു വര്‍ഷം വിജയകരമായി, ലാഭകരമായി കൃഷിയിറക്കിയ ചിത്തിരയും മാര്‍ത്താണ്ഡവും റാണിയും ആര്‍ക്കും ഗുണംചെയ്യാത്ത രീതിയില്‍ നശിച്ചു. ഒരു വന്‍കിട ഭൂവുടമയെ തറപറ്റിച്ചു എന്ന ആശ്വാസം മാത്രം ബാക്കി. സഖാക്കള്‍ക്ക്‌ അതായിരുന്നു ജന്മസാഫല്യം. തത്ത്വശാസ്‌ത്രം അകത്തു കടക്കുമ്പോള്‍ സാമാന്യബുദ്ധി പുറത്തുപോകുന്നു. ഭൂപരിഷ്‌കരണം നിലവില്‍ വന്ന 1972-ല്‍ തന്നെ മുരിക്കന്‍ ഔത മരിച്ചു. ഹൃദയം പൊട്ടിയായിരിക്കണം.

അതൊക്കെ പിന്നീടു നടന്ന കഥ. ഞങ്ങള്‍ കുട്ടികള്‍ ഒരിക്കല്‍ മുരിക്കന്‍വക ചെറുബോട്ടില്‍ കായല്‍പ്പരപ്പിലൂടെ സവാരി നടത്തിയത്‌ ഇന്നും തിളക്കമാര്‍ന്ന ഓര്‍മ്മയായി മനസ്സില്‍ തങ്ങിനില്‍ക്കുന്നു. മുരിക്കനാരെന്നോ വെള്ളത്തില്‍ നിന്നെടുത്ത നിലങ്ങളുടെ പ്രാധാന്യമെന്തെന്നോ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന എനിക്ക്‌ ഒരു ഗ്രാഹ്യവുമില്ലായിരുന്നു. വിളഞ്ഞ പൊന്നിന്റെ ഭംഗിയും ഇളകുന്ന ജലനിരപ്പിന്റെ ത്രില്ലുമായിരുന്നു മനസില്‍. അതുവഴി ഇന്ന്‌ കടന്നുപോകുമ്പോള്‍ ഒന്നുമില്ലായ്‌മയുടെ പ്രതീതിയാണ്‌ മനസില്‍. ഗ്രന്ഥങ്ങളിലെ തത്ത്വങ്ങള്‍ക്കു വേണ്ടി നാം എന്തെല്ലാം നഷ്ടപ്പെടുത്തുന്നു.: ഇങ്ങനെയാണ്‌ പാഠം അവസാനിക്കുന്നത്‌.

കുട്ടനാട്‌ ഐതിഹ്യമായി മാറിയതെങ്ങനെ?, ഐതിഹ്യം പൊലിഞ്ഞുപോകാന്‍ കാരണമെന്ത്‌? തുടങ്ങിയുള്ള ചോദ്യങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളില്‍ ഉത്തരം കണ്ടെത്തി എഴുതാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്‌.

സി.ബി.എസ്‌.സി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാഠപുസ്‌തകങ്ങളിലൊന്നാണ്‌ ഡി.സി.ബുക്‌സ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള മലയാള പാഠാവലി 7. പാഠപുസ്‌തക ഉപദേശക സമിതിയില്‍ പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്‌, സുഗതകുമാരി, പ്രൊഫ.എം.കെ.സാനു എന്നിവരാണുള്ളത്‌. ഡി.സി.ബുക്‌സ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്‌തകങ്ങളില്‍ നിന്നു ശേഖരിച്ചിട്ടുള്ള പാഠങ്ങള്‍ തയാറാക്കിയത്‌ ഡി.സി.കിഴക്കേമുറി ഭാഷാപഠനകേന്ദ്രമാണ്‌.

ഇതേ പാഠപുസ്‌തകത്തിലെ പാഠം 12 ബാലേട്ടന്‍ രക്ഷിച്ചു എന്നതിലും ഭൂപരിഷ്‌കരണത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. അതിങ്ങനെയാണ്‌: ഭൂനിയമപരിഷ്‌കരണത്തെയും കുടിയാന്മാര്‍ക്ക്‌ ഉടമാവകാശം നല്‌കുന്നതിനെയും കുറിച്ചു ചര്‍ച്ചകള്‍ നടന്നു. പാതവക്കിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്‌ ഉച്ചഭാഷിണിയിലൂടെ നേതാക്കള്‍ ആവേശപൂര്‍വം സംസാരിക്കുന്നതും കണ്ടു. അതൊന്നും എനിക്കു മനസിലായില്ല. ഈ സംഭവങ്ങളൊന്നും ഞങ്ങളെ ബാധിച്ചില്ല.

ഇതെഴുതിയത്‌ പിന്നീട്‌ അനേകം കൃതികള്‍ രചിച്ച ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥനും കോണ്‍ഗ്രസ്‌ -ഐ ടിക്കറ്റില്‍ തിരുവനന്തപുരം പാര്‍ലമെന്റ്‌ മണ്ഡലത്തില്‍സ്ഥാനാര്‍ഥിയായി നിന്നു വിജയിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ശശി തരൂരാണ്‌. അന്നു കാര്യങ്ങള്‍ മനസിലാകാതിരുന്നത്‌ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി സഖാക്കളുടെ ഭാഗ്യം!. തരൂരിന്റെ ഇന്ത്യ: അര്‍ദ്ധരാത്രി മുതല്‍ അര നൂറ്റാണ്ട്‌ എന്ന കൃതിയില്‍ നിന്നെടുത്തിട്ടുള്ളതാണ്‌ ഈ പാഠഭാഗം.